മരണക്കട(കവിത )

ആർച്ച.എം .ആർ

നിങ്ങൾക്ക്
മരിക്കാൻ കൊതി തോന്നുന്നുണ്ടോ?
വളരെക്കാലമായി
നിറവേറാതെ കിടക്കുന്ന
ആഗ്രഹമാണോ?
വരിൻ… ഓടിവരിൻ…!
ഇപ്പോൾ എളുപ്പമാണ്,
വളരെയധികം എളുപ്പമാണ്.
നിങ്ങളെ ഞെട്ടിപ്പിക്കുന്ന ഓഫറുണ്ട്.

മുടി വളർത്തണ്ട,
താടി വളർത്തണ്ട,
വണ്ടിയോടിക്കണ്ട,
കവിതയെഴുതണ്ട,
കൃഷി ചെയ്യണ്ട,
ദരിദ്രനാവണ്ട,
ദളിതനാവണ്ട,
പഠിക്കണ്ട,
ഭക്ഷണം കക്കണ്ട,
എന്തിന്? പെണ്ണായി
പിറക്കണമെന്നുപോലും വേണ്ട.

വെറുതേ വെളുപ്പിന്
റോട്ടിലിറങ്ങി
” ഞാൻ മനുഷ്യനാണ് ” എന്നൊന്ന്
വിളിച്ചു പറഞ്ഞാൽ മതി.
ആസാദി!

വേഗം വരൂ!
ഈ ഓഫർ
അനിശ്ചിതകാലത്തേയ്ക്കു മാത്രം…

 

ജി.വി.എച്ച്.എസ്.എസ്.കാരാകുര്‍ശ്ശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആർച്ച

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ