പ്രമേയത്തിന് പിന്നിൽ ‘ഹിഡൻ അജണ്ട’

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് കേട്ടിട്ടുണ്ട്. പുലിയല്ലങ്കിലും പുല്ല് തിന്നുന്നതിന് സമാനമായ അവസ്ഥയിലാണിപ്പോള്‍ രമേശ് ചെന്നിത്തലയുള്ളത്.ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ച് വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം അതാണ് സൂചിപ്പിക്കുന്നത്.

സി.എ.എക്ക് എതിരായ പ്രതിഷേധമാണ് നാട് ആവശ്യപ്പെടുന്നത്. ഗവര്‍ണ്ണറോടല്ല, കേന്ദ്രത്തോടാണ് ഏറ്റുമുട്ടേണ്ടത്.അവരാണ് നിയമം കൊണ്ടു വന്നിരിക്കുന്നത്.ഗവര്‍ണ്ണറെ മാറ്റിയാല്‍ തീരുന്ന പ്രശ്‌നവുമല്ല പൗരത്വ നിയമ ഭേദഗതി. ഒരു ആരിഫ് മുഹമ്മദ് ഖാനല്ലങ്കില്‍ മറ്റൊരു സംഘ പരിവാറുകാരന്‍ ഗവര്‍ണ്ണറായി വരിക തന്നെ ചെയ്യും.ഗവര്‍ണ്ണറുടെ നിയമനം ആരും രമേശ് ചെന്നിത്തലക്ക് പതിച്ച് കൊടുത്തിട്ടില്ലന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നടത്തോളം ഒരു ഗവര്‍ണ്ണറില്‍ നിന്നും വേറിട്ടൊരു നിലപാടും സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഗവര്‍ണ്ണറുടെ നിലപാടുകളെ ചോദ്യം ചെയ്യുകയും അവഗണിക്കുകയുമാണ് ആദ്യം വേണ്ടത്. ആ പരിപ്പ് ഇവിടെ വേവില്ലന്ന് ബോധ്യപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ നാട് ചെയ്യേണ്ടത്. ഇക്കാര്യം കണ്ണൂര്‍ മുതല്‍ രാഷ്ട്രീയ കേരളം ഗവര്‍ണ്ണറെ ശരിക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുമുണ്ട്.അതല്ലാതെ ഗവര്‍ണ്ണറെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത് കൊണ്ടു പ്രത്യേകിച്ച് ഒരു കാര്യവുമില്ല.ആരിഫ് മുഹമ്മദ് ഖാന് പകരം കടുത്ത ഒരു ആര്‍.എസ്.എസുകാരനെ ഗവര്‍ണ്ണറാക്കണമെന്ന് ചെന്നിത്തലയ്ക്ക് ആഗ്രഹിക്കാം. അത് ഖദറിനുള്ളിലെ കാക്കി ട്രൗസറിന്റെ താല്‍പ്പര്യം കൂടിയാണ്. ഇതും നാം തിരിച്ചറിയേണ്ടതുണ്ട്.

പൗരത്വ ഭേദഗതി വിഷയത്തില്‍ യു.ഡി.എഫ് ഇതുവരെ കാഴ്ചക്കാരായാണ് മാറിയിരുന്നത്. കേരളം പ്രതിഷേധ ചൂടില്‍ തിളച്ചു മറിയുമ്പോള്‍ എ.സി റൂമിലിരുന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി ചാമ്പ്യന്‍മാരാവാനാണ് യു.ഡി.എഫ് നേതാക്കള്‍ ശ്രമിച്ചിട്ടുള്ളത്.മനുഷ്യ മഹാശ്യംഖലയിലൂടെ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ വിവാദമിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കുത്തിപ്പൊക്കിയിരിക്കുന്നത്.കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണിത്.സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കുകയാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം.

സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി വട്ടം രാജ്ഭവനിലേക്ക് ഓടിയ നേതാവാണ് ഈ ചെന്നിത്തല. ഇക്കാര്യം ചെന്നിത്തല മറന്നാലും കേരള ജനത മറക്കുകയില്ലന്ന് കൂടി ഓര്‍ത്ത് കൊള്ളണം.പിണറായിക്കും ഇടതുപക്ഷത്തിനും മോദിയെ പേടിയായത് കൊണ്ടാണ് പ്രമേയത്തെ പിന്തുണയ്ക്കാത്തതെന്നാണ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം.ചെന്നിത്തലയുടെ പ്രസിഡന്റ് സോണിയ ഗാന്ധിക്കു പോലും ബോധ്യപ്പെടാത്ത ആരോപണമായിരിക്കും ഇത്.ഇന്ന് ഇന്ത്യയില്‍ മോദിയുടെയും അമിത് ഷായുടെയും കണ്ണിലെ പ്രധാന കരട് പിണറായി വിജയനാണ്, കമ്യൂണിസ്റ്റുകളാണ്.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഗാലറിയിലിരുന്ന് കളി കാണുമ്പോള്‍ കളം നിറഞ്ഞത് ഇടതുപക്ഷമാണ്.കേരളത്തിന്റെ പാത പിന്‍തുടര്‍ന്ന് പ്രമേയം അവതിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്ക് പോലും പിണറായിയുടെ കത്താണ് വേണ്ടി വന്നിരുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോണ്ടിച്ചേരിയിലും പ്രമേയം അവതരിപ്പിക്കാത്തതിനാണ് ചെന്നിത്തലയും കോണ്‍ഗ്രസും ആദ്യം മറുപടി പറയേണ്ടത്.മോദിയെ പേടിച്ചിട്ടാണോ ഈ സംസ്ഥാനങ്ങളില്‍ പ്രമേയം അവതരിപ്പിക്കാത്തതെന്ന് ചോദിച്ചാല്‍, അല്ല എന്ന് പറയാനാണ് ചെന്നിത്തല ശരിക്കും ബുദ്ധിമുട്ടുക.

താന്‍ സ്വപ്നം കണ്ട മുഖ്യമന്ത്രി കസേര ഒരു സ്വപ്നമായി തന്നെ അവേശിഷിക്കുമെന്ന തിരിച്ചറിവില്‍ ചെന്നിത്തലയ്ക്കിപ്പോള്‍ ശരിക്കും സമനില തെറ്റിയിരിക്കുകയാണ്.മഹാശൃംഖല മഹാ സംഭവമായതോടെ ഉള്ള പ്രതിപക്ഷ കസേര തന്നെ തെറിക്കുമെന്ന ഭീതിയില്‍ കൂടിയാണ് അദ്ദേഹത്തിന്റെ ഈ കാട്ടിക്കുട്ടലുകളെല്ലാം.

സ്വന്തം മുന്നണിയിലെ നേതാക്കളെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് ചെന്നിത്തല നിലവില്‍ നടത്തിവരുന്നത്. അതിന് അദ്ദേഹത്തിനുള്ള ഏക കച്ചിത്തുരുമ്പാണ് ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയം. ഈ യാഥാര്‍ത്ഥ്യം യുഡിഎഫ് അണികള്‍ കൂടി തിരിച്ചറിയുകയാണ് വേണ്ടത്.ഗവര്‍ണ്ണറുമായി സര്‍ക്കാറിന് വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ പിണറായിക്ക് എന്തായാലും നന്നായി അറിയാം.

ഗവര്‍ണ്ണറുടെ അജണ്ടയേക്കാള്‍ വലിയ ‘അജണ്ട’യുമായി ചെന്നിത്തല ഇവിടെ വരേണ്ടതില്ല.നാടിന്റെ പ്രശ്‌നം സി.എ.എ ആണ്, കേന്ദ്ര സര്‍ക്കാറാണ്. അതാണ് ചര്‍ച്ച ചെയ്യേണ്ടത്. അതിനെയാണ് ആദ്യം എതിര്‍ക്കേണ്ടത്. ആരിഫ് മുഹമ്മദ് ഖാനിലേക്ക് മാത്രമായി പ്രശ്‌നത്തെ ചുരുക്കാന്‍ ഒരിക്കലും കഴിയുകയില്ല.ഗവര്‍ണ്ണറെ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിച്ച പാരമ്പര്യമുള്ള കോണ്‍ഗ്രസ്സ്, നല്ല പിള്ള ചമയാന്‍ ശ്രമിക്കരുത്.

57 ലെ ഇ.എം.എസ് സര്‍ക്കാറിനെ പിരിച്ചുവിട്ടവരുടെ അനുയായികളാണ് ചെന്നിത്തലയും മുല്ലപ്പള്ളിയുമെല്ലാം. പട്ടിണി പാവങ്ങള്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി ഭൂമി കൊടുത്ത കമ്യൂണിസ്റ്റ് സര്‍ക്കാറിനെയാണ് അന്ന് കോണ്‍ഗ്രസ് അട്ടിമറിച്ചിരുന്നത്.ഗവര്‍ണ്ണര്‍മാരുടെ ഓഫീസ് തന്നെ രാജ്യത്തിനിപ്പോള്‍ ഒരു അധികപറ്റാണ്. അക്കാര്യത്തിലാണ് ചര്‍ച്ച നടത്തേണ്ടത്. വ്യക്തിയല്ല, സംവിധാനമാണ് പ്രശ്‌നം. ഗവര്‍ണ്ണര്‍ എതിര്‍ത്തതുകൊണ്ട് നിയമസഭ പാസാക്കിയ പ്രമേയം ഒരിക്കലും അസാധുവാകുകയില്ല. ഗവര്‍ണ്ണറെ അറിയിക്കാതെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് കൊണ്ട് ആ ഹര്‍ജി കോടതി സ്വീകരിക്കാതെയിരുന്നിട്ടുമില്ല.

കേള്‍ക്കേണ്ടതേ കേള്‍ക്കൂ എന്ന് ചങ്കുറപ്പുള്ള ഒരു മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചാല്‍ ഒരു ഗവര്‍ണ്ണര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അതിന് ആദ്യം വേണ്ടത് നട്ടെല്ലാണ്. അത് ഇല്ലാത്തവരാണ് ഇപ്പോള്‍ കുരച്ചു കൊണ്ടിരിക്കുന്നത്.പിണറായിക്ക് മോദിയെ പേടിയാണെന്ന് പറയുന്നവര്‍ ഒന്ന് തിരിഞ്ഞ് നോക്കണം. പഴയ മാറാട് കലാപകാലത്തേക്ക്. അവിടെ കാണാം ധീരന്റെയും ഭീരുവിന്റെയും ധൈര്യമെന്താണെന്ന്.കലാപ പ്രദേശം സന്ദര്‍ശിക്കുവാന്‍ സംഘപരിവാറിന്റെ ക്ലിയറന്‍സ് അന്നത്തെ മുഖ്യമന്ത്രി ആന്റണിക്ക് ആവശ്യമായിരുന്നു. ഒപ്പമുള്ള മന്ത്രി കുഞ്ഞാലിക്കുട്ടിയെ മാറ്റണമെന്ന് പരിവാര്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിയെ ഗസ്റ്റ് ഗൗസിലേക്ക് പറഞ്ഞ് വിട്ട വീരനാണ് ചെന്നിത്തലയുടെ ഈ നേതാവ്.

ഇതേ മാറാട്ടില്‍ രണ്ട് ദിവസത്തിനു ശേഷം എത്തിയ പിണറായിയെയും പരിവാര്‍ തടഞ്ഞിരുന്നു. അവരുടെ ആവശ്യം എളമരിം കരീമിനെയും വി.കെ.സി മമ്മദ് കോയയെയും മാറ്റി നിര്‍ത്തണമെന്നതായിരുന്നു. പോയി പണി നോക്കാന്‍ പറഞ്ഞാണ് പിണറായി ഇരുവരെയും കൂട്ടി കലാപ പ്രദേശം സന്ദര്‍ശിച്ചത്. പേടി ആര്‍ക്കാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

തീര്‍ന്നില്ല, ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് തലക്ക് ഇനാം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ക്കല്ല, കേരള മുഖ്യമന്ത്രി പിണറായിക്കാണ്. സകല കേന്ദ്ര മന്ത്രിമാരും യോഗിയും ചേര്‍ന്ന് അമിത് ഷായുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയതും കേരളത്തിലാണ്. കമ്യൂണിസ്റ്റുകള്‍ എത്രമാത്രം കാവി രാഷ്ട്രീയത്തിന് വില്ലന്‍മാരാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണിവ. കാവിയെ പേടിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് ഓടിയ രാഹുല്‍ ഗാന്ധിയുടെ കൂട്ടത്തില്‍ ചെന്നിത്തല ഒരിക്കലും കമ്യൂണിസ്റ്റുകളെ കൂട്ടരുത്.എതിരാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശരിക്കും മനസ്സിലാക്കി തന്നെയാണ് കമ്യൂണിസ്റ്റുകള്‍ മുന്നോട്ട് പോകുന്നത്. എണ്ണത്തിലല്ല, നിലപാടിലും ചെറുത്ത് നില്‍പ്പിലുമാണ് കാര്യം.

പൗരത്വ നിയമ ഭേദഗതിയില്‍ ആദ്യം പ്രക്ഷോഭത്തിന് തുടക്കമിട്ടത് വിദ്യാര്‍ത്ഥികളാണ്. രാജ്യത്തെ കാമ്പസുകള്‍ കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ മുന്‍പിലുണ്ടായിരുന്നത് എസ്.എഫ്.ഐ ആയിരുന്നു. സംഘ പരിവാറിന്റെ തല്ല് വാങ്ങിയതും എസ്.എഫ്.ഐക്കാരാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷ് ഉള്‍പ്പെടെ പരിക്കേറ്റവരില്‍ ഉള്‍പ്പെടും. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ പൊടി പോലും ഇവിടെ എവിടെയും നാം കണ്ടിട്ടില്ല. ‘അടി’ എന്ന് എഴുതി കാണിച്ചാല്‍ പൊടി പോലും കാണാത്തവരാണ് ഖദര്‍ ധാരികള്‍. കേരളത്തിലും യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനകളല്ല എസ്എഫ്‌ഐയാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.

അതു കൊണ്ട് വലിയ വീരവാദമൊന്നും ചെന്നിത്തലയിപ്പോള്‍ വിളമ്പണ്ട, തട്ടിപ്പ് പ്രമേയം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും നോക്കണ്ട. ജനമനസ്സുകളില്‍ ഇടം പിടിക്കാന്‍ പ്രതിഷേധവുമായി തെരുവിലാണ് ഇറങ്ങേണ്ടത്. മാധ്യമങ്ങളിലൂടെ ഹീറോ ചമയാന്‍ ശ്രമിക്കുന്നത് തന്നെ അല്‍പ്പത്തമാണ്.

സര്‍ക്കാറിനെ പിരിച്ചു വിടുകയാണെങ്കില്‍ വിടട്ടെ എന്ന് കരുതി തന്നെയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അക്കാര്യം യു.ഡി.എഫ് അണികള്‍ക്ക് പോലും ബോധ്യപ്പെട്ട കാര്യമാണ്. അതു കൊണ്ടാണ് അവരും മനുഷ്യശൃംഖലയില്‍ അണിചേര്‍ന്നിരിക്കുന്നത്. ഈ ജാള്യത മറികടക്കാനാണ് പ്രമേയ വിവാദം വഴി ചെന്നിത്തലയിപ്പോള്‍ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ തന്നെ പാളി കഴിഞ്ഞ നീക്കമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ