പ്രവാസികളുടെ സുരക്ഷിത ക്വാറന്‍റൈന്‍: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മലയാളികൾക്ക് സുരക്ഷിതമായ ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ എംമ്പസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30ൽ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തിയതിന്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള മലയാളികൾ ഒരു മുറിയിൽ ഒന്നിലേറെപ്പേർ താമസിക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കുന്നില്ല. മതിയായ പരിശോധന സംവിധാനവും ലഭ്യമല്ല. ഈ പ്രശ്‌നത്തിൽ കേന്ദ്രം ഇടപെടണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സഹായം എത്തിക്കുന്നതിന് വ്യക്തികളും ഇന്ത്യൻ, മലയാളി അസോസിയേഷനുകളും സന്നദ്ധമാണെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത പ്രതിനിധികൾ അറിയിച്ചിട്ടുള്ളതായും ഇതിന് അതത് രാജ്യത്തിന്റെ സഹായം തേടാൻ ഇന്ത്യൻ എംമ്പസിക്ക് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ബോധവത്കരണം കൗൺസലിംഗ് എന്നിവയും തൊഴിൽ ദാതാക്കളുമായി ചർച്ച ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. അടുത്ത മൂന്ന് മാസത്തിനകം പാസ്പോർട്ട്, വിസ കാലാവധി കഴിയുന്നവർക്ക് അത് ആറ് മാസത്തേക്ക് ദീർഘിപ്പിച്ച് നൽകണം. ഒപ്പം ഇൻഷ്വറൻസ് കാലാവധിയും നീട്ടണം. ഇത് ഇന്നത്തെ സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകും. ഇതര രാജ്യങ്ങളിലും മലയാളി സമൂഹത്തിന്റെ ആത്മവിശ്വാസം വളർത്തുന്നതിനും അതിജീവനത്തിനും ഇന്ത്യൻ മിഷൻ മുൻകൈ എടുക്കണം. ഹെൽപ്പ് ലൈൻ സംവിധാനം, കോറോണ പ്രത്യേക സെൽ എന്നിവ രൂപീകരിക്കണം. ലോക്ക് ഡൗൺ കാലത്തിന് ശേഷം വിവിധ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്ക് വരുന്നവർക്ക് ക്വറന്റൈന്‍ സംവിധാനം ഒരുക്കേണ്ടതുണ്ട്. ആയതിനാൽ ഇതിന് കേന്ദ്രം ആസൂത്രിതമായ യാത്രാ പദ്ധതി ചിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.