കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐ.സി.യുവില്‍; ശ്വാസതടസ്സം

ലണ്ടന്‍: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ശ്വാസതടസ്സം. രണ്ടാഴ്ചയോളമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബോറിസിനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പ്രധാമന്ത്രിക്ക് നല്ല പനിയും ചുമയുമുണ്ടെന്ന് ഡൗണിങ് സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസ്താവന വ്യക്തമാക്കി. ബോറിസിന്റെ അഭാവത്തില്‍ ഫസ്റ്റ് സെക്ട്രട്ടറി ഓഫ് സ്റ്റേറ്റ ഡോമിനിക് റാബ് ആണ് കൊറോണ അവലോകന യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. അതിനിടെ ഇന്നലെ മാത്രം യു.കെയില്‍ 3802 പേര്‍ക്ക് കോവിഡ് ബാധിച്ചു. യൂറോപ്പില്‍ ഫ്രാന്‍സിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5171 കേസുകള്‍. ഇറ്റലിയിലെയും സ്‌പെയിനിലെയും കേസുകളില്‍ കുറവുണ്ടായി. യഥാക്രമം 3599, 3386 കേസുകളാണ് രണ്ടിടത്തും കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ 3148 കേസും ബെല്‍ജിയത്തില്‍ 1123 കേസും റിപ്പോര്‍ട്ട് ചെയ്തു. അമ്പതിനായിരത്തിലേറെ പേരാണ് യൂറോപ്പില്‍ കോവിഡ് ബാധിച്ചു മരിച്ചത്.