ക്രിസ്മസ് റിലീസില്ല: 42 കോടി മുടക്കിയ നിര്‍മാതാക്കള്‍ ആശങ്കയില്‍

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: നിര്‍മാതാക്കളും എ ക്ലാസ് തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത്തവ ക്രിസ്മസ് റിലീസുണ്ടാവില്ല. ഇതോടെ ക്രിസ്മസ് റിലീസ് മുന്‍നിര്‍ത്തി 42 കോടി മുതല്‍ മുടക്കിയ നിര്‍മാതാക്കള്‍ ആശങ്കയില്‍. നിര്‍മാതാക്കള്‍ക്കുള്ള തിയേറ്റര്‍ വരുമാനത്തിന്റെ പത്ത് ശതമാനം  വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് റിലീസ് വേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. ചൊവ്വാഴ്ച സിനിമാ മന്ത്രി എ.കെ ബാലന്റെ സാനിധ്യത്തില്‍ പാലക്കാട് ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരും സമവായത്തിന് തയ്യാറായില്ല. ഡിസംബര്‍ 16 മുതല്‍ മലയാള ചിത്രങ്ങളുടെ നിര്‍മാണവും നടക്കുന്നില്ല. അതിന് മുമ്പ് തുടങ്ങിയ ചിത്രങ്ങള്‍ മാത്രമാണ് പുരോഗമിക്കുന്നത്.

ജോമോന്റെ സുവിശേഷം

jomonte-suvisheshangal-malayalam-posterപത്ത് കോടിയോളം മുടക്കിയാണ് ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷം സത്യന്‍ അന്തിക്കാട് ഒരുക്കിയത്. മുകേഷ്, അനുപമ പരമേശ്വരന്‍, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തൃശൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മിച്ചത്. ഷൂട്ടിംഗ് വേളകളില്‍ ഇല്ലാതിരുന്ന പ്രതിസന്ധി ഇപ്പോഴുണ്ടായത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

മീനയും മോഹന്‍ലാലും

munthiriദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഏതാണ്ട് 12 കോടിയോളമാണ് ബഡ്ജറ്റ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിബുജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സിന്ധുരാജാണ് തിരക്കഥ എഴുതിയത്. വി.ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ എഴുതിയത്. സോഫിയ പോളാണ് നിര്‍മാതാവ്.

ഫുക്രിയുടെ നിര്‍മാതാവും സിദ്ധിഖ്

97331-97328-fukri-px214-213x300സംവിധായകന്‍ സിദ്ധിഖിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഫുക്രി. ജയസൂര്യ, ഭഗത് മാനുവല്‍, പ്രയാഗാ മാര്‍ട്ടിന്‍, സിദ്ധിഖ്, ലാല്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. പാലായിലും എറണാകുളത്തുമായിരുന്നു ചിത്രീകരണം. സിദ്ധിഖും സുഹൃത്തുക്കളും ചേര്‍ന്നാണ് പത്ത് കോടി മുടക്കി ചിത്രം ഒരുക്കിയത്.

പ്രേതകഥയുമായി പൃഥ്വിരാജ്

ദീര്‍ഘനാളിന് ശേഷം മലയാളത്തില്‍ ഒരു ഹൊറര്‍ സിനിമ വരുന്നു എന്ന പ്രത്യേകതയാണ് എസ്രയ്ക്കുള്ളത്. പൃഥ്വിരാജ്, തെന്നിന്ത്യന്‍ സുന്ദരി പ്രിയാആനന്ദ്, ടൊവീനോ തോമസ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന് 12 കോടിയിലധികമാണ് ബഡ്ജറ്റ്. കൊച്ചി, മുംബയ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിയറ്റര്‍ ഉടമകളുടേത് ഏകപക്ഷീയമായ തീരുമാനം

പുലിമുരുകന്‍ 100 കോടി ഗ്രോസ് കളക്ഷന്‍ നേടിയതിന്റെ മറവിലാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വരുമാനവിഹിതം ഏകപക്ഷീയമായി കൂട്ടിയത്. നിര്‍മാണച്ചെലവ് അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം നിര്‍മാതാക്കളെ കുത്ത്പാളയെടുപ്പിക്കുമെന്ന് നിര്‍മാതാവ് എം. രഞ്ജിത് പറഞ്ഞു. നിലവില്‍ ഒരു സിനിമ റിലീസാകുമ്പോള്‍ എ ക്ലാസ് തിയേറ്ററുകളില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 60 ശതമാനം നിര്‍മാതാവിനും ബാക്കി തിയേറ്ററിനുമാണ്. രണ്ടാംവാരം 55 ഉം 45ഉം പിന്നീട് 50 ശതമാനം വീതവുമാണ് വരുമാനം പങ്കുവയ്ക്കുന്നത്. എന്നാല്‍ പുലിമുരുകന്‍ ആദ്യരണ്ടാഴ്ച 18 കോടിയോളം രൂപ കളക്ട് ചെയ്തതോടെയാണ് തങ്ങളുടെ വിഹിതം 10 ശതമാനം കൂട്ടാന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്.
 ‘ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് ആദ്യ വാരം 55 ശതമാനം മാത്രമേ നിര്‍മാതാക്കള്‍ വാങ്ങുന്നുള്ളൂ. അത് പാടില്ല. എല്ലായിടത്തും നിരക്ക് ഏകീകരിക്കണം. മള്‍ട്ടിപ്ലക്സുകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ തങ്ങളും നല്‍കുന്നുണ്ടെന്ന്’ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹിയായ ലിബര്‍ട്ടി ബഷീര്‍ ‘വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു. തങ്ങള്‍ അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ അഡ്വാന്‍സ് നല്‍കിയാണ് സിനിമ കളിക്കുന്നത്. പബല്‍സിറ്റിക്കായി നാല് ശതമാനം പണം ചെലവഴിക്കുന്നു. മള്‍ട്ടിപ്ലക്സുകള്‍ക്ക് ഇത് രണ്ടും ബാധകമല്ലെന്നും’ അദ്ദേഹം പറഞ്ഞു.