നോട്ട് പിന്‍വലിക്കല്‍ – ഒരു ദുരന്ത നാടകം.

-എസ്. ശ്രീജിത്ത്-

വേണ്ട വിധത്തിലുള്ള മുന്നൊരുക്കമോ പഠനമോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത് എന്നതിനുള്ള തെളിവാണ് അടിക്കടി വ്യവസ്ഥകളില്‍ വരുന്ന മാറ്റം.നോട്ട് നിരോധനം പ്രഖ്യാപിച്ച് 40 ദിവസത്തിനുള്ളില്‍ 60 തവണയാണ് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. പിന്‍വലിക്കലിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് നോട്ട് മാറുവാനും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാനും ഡിസംബര്‍ 31 വരെ സമയമുണ്ട് എന്നാണ്.

ആദ്യ ദിവസങ്ങളില്‍ ബാങ്കുകളില്‍ വന്‍ തിരക്ക് ഉണ്ടായപ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ആര്‍.ബി.ഐയും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതുമാണ്. ഇതില്‍ വിശ്വസിച്ചവര്‍ക്ക് വീണ്ടും പണികിട്ടുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം കൊണ്ടുവന്ന വ്യവസ്ഥ. 5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ ഇനി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഇതുവരെ നിക്ഷേപിക്കാതിരുന്നതിനുള്ള കാരണം ബോധിപ്പിക്കണം. ബാങ്ക് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വിജയിച്ചാല്‍ മാത്രമേ നാം അധ്വാനിച്ച് ഉണ്ടാക്കിയതാണെങ്കിലും കള്ളപണമാണെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കൂ.

ഇതോടൊപ്പം തന്നെ കെ.വൈ.സി പാലിച്ച അക്കൗണ്ടുകളില്‍ മാത്രമേ 50000-ത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനാവൂ. ഇതോടെ പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ച് തിരക്ക് തീരാന്‍ കാത്തിരുന്നവര്‍ പെരുവഴിയിലായി. പ്രതിഷേധവും കനത്തു. മുംബൈയിലെ സ്‌കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രഫസറായ ആര്‍. രാംകുമാര്‍ നോട്ട് നിക്ഷേപിക്കാന്‍ വൈകിയതിന് എഴുതിയ കാരണം ചര്‍ച്ചയായി . ‘ഞാന്‍ എന്റെ പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും വാക്കുകള്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30/12/2016 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി’ ഇതായിരുന്നു അദ്ദേഹം എഴുതിയ കാരണം ഗത്യന്തരമില്ലാതെ ബാങ്ക് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ നിക്ഷേപം സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ച് പണം നിക്ഷേപിക്കാന്‍ തിരക്കൊഴിയുന്നതുവരെ കാത്തിരുന്നവരെല്ലാം കള്ളപണക്കാരാണ് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് വിമര്‍ശനമുയര്‍ന്നു. അസാധുവാക്കിയ നോട്ടുകളില്‍ ഭൂരിഭാഗവും തിരികെയെത്തിയതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോഴത്തെ ഈ ശ്രമമെന്ന് ആരോപണവും ശക്തമായി. ഇതോടെ പുതിയ നിയന്ത്രണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി. 5000 രൂപയ്ക്ക് മുകളില്‍ സ്വന്തം അകൗണമ്ടില്‍ നിക്ഷപിക്കാന്‍ നിയന്തരണമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി

അസംഘടിത തൊഴില്‍ മേഖല ഏറെയുള്ള കേരളത്തില്‍ നോട്ട് പിന്‍വലിക്കലും അത് മൂലമുള്ള പ്രതിസന്ധികളും ഏറെ ദോഷം ചെയ്തിട്ടുണ്ട്. സംസ്ഥാന വരുമാനത്തെ കാര്യമായ ഇടിവാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളാണ് സംസ്ഥാനത്ത് ഏറെയും നടക്കുന്നത്. നോട്ട് ഇല്ലാത്തതിനാല്‍ ഇവ നടക്കുന്നില്ല.

പരമ്പരാഗത മേഖലകളായ കൃഷി, മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി എന്നിവയില്‍ നിന്നുള്ള വരുമാനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ടൂറിസം മേഖലയിലെ ഇടിവ് വന്‍ വരുമാന നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആധ്യന്തര ടൂറിസ്റ്റുകളില്‍ 17.7 ശതമാനത്തിന്റേയും വിദേശ ടൂറിസ്റ്റുകളില്‍ 8.2 ശതമാനത്തിന്റേയും കുറവാണ് ഇതുവരെ ഉണ്ടായിട്ടുളളത്. ലോട്ടറി വിറ്റു വരവില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ആയിരം കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഏറെകുറേ സ്ഥംഭനാവസ്ഥയിലാണ്.

ഇതിന്റെ തിരുച്ചു വരവിന് എന്തായാലും മാസങ്ങളെടുക്കുമെന്നുറപ്പാണ്. ഇതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുളള 25 ലക്ഷത്തോളംപേര്‍ എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ്.

ഇതിനൊക്കെ പുറമേ ദുരിതത്തിന് ആക്കം കൂട്ടുന്നത് സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണമാണ്. നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സഹകരണബാങ്കുകള്‍ അനുമതി നല്‍കാത്ത ആര്‍.ബി.ഐ നടപടിയിലൂടെ ലക്ഷകണക്കിന് സാധാരണ നിക്ഷേപകരാണ് കഷ്ടപ്പെടുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പതിനാലായിരത്തിലധികം സഹകരണ സംഘങ്ങളില്‍ ഭൂരിഭാഗവും നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ്.

സംസ്ഥാനത്തെ നിക്ഷപത്തിന്റെ 60 ശതമാനവും ഈ മേഖലയിലാണ്. വായപ്പകളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥ്തി. അതുകൊണ്ട് തന്നെ സഹകരണമേഖലയിലെ നിയന്ത്രണം സമസ്തമേഖലയേയും നേരിട്ട് ബാധിച്ചു കഴിഞ്ഞു. ക്രിസ്തുമസിനുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിന് പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിയന്ത്രണംമൂലം കഷ്ടപ്പെടുകയാണ്.

ഓണകാലത്ത് സഹകരണ ബാങ്കുകളിലെ പണമാണ് സര്‍ക്കാരിന് പെന്‍ഷന്‍ വിതരണത്തിന് സഹായകമായിരുന്നത്. ഈ മാസത്തെ ശമ്പളവും പെന്‍ഷനുകളും വിതരണം ചെയ്യാന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഏറെ വിയര്‍പ്പൊഴുക്കിയിരുന്നു. ഭൂമി വില്‍പ്പനേയും വാഹന വില്‍പ്പനയേയും ഈ നിയന്ത്രണങ്ങള്‍ ബാധിച്ചതിന്റെ കണക്കറിയാന്‍ ഇവിടെ നിന്നുളള സര്‍ക്കാറിന്റെ വരുമാന നഷ്ടം നോക്കിയാല്‍ മാത്രം മതി.

സംസ്ഥാനത്തെ ക്രിസ്മസ് വിപണികളൊന്നും തന്നെ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. എടിഎമ്മുകളില്‍ നിന്നും വേണ്ടത്ര പണം ലഭിക്കാത്തതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ആരും എത്തുന്നില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24000 രൂപയാണ്. ഇത് എടിഎമ്മുകളില്‍ നിന്നും ഒരുമിച്ച് പിന്‍വലിക്കാനവില്ല. എടിഎമ്മുകളില്‍ നിന്നും ദിവസവും 2000 രൂപ മാത്രമാണ് ലഭിക്കുക.

ഇത് ലഭിക്കണമെങ്കില്‍ പണമുളള എടിഎം കണ്ടെത്തി വരി നിന്ന് എടുക്കണം. അപ്പോള്‍ ലഭിക്കുന്നതോ രണ്ടായിരത്തിന്റെ ഒറ്റ നോട്ടും. 500 രൂപയുടെ കറന്‍സി വിപണിയില്‍ ആവശ്യത്തിന് എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ചില്ലറക്ഷാമവും രൂക്ഷമാണ്. പിന്നെ എങ്ങനെ ആളുകള്‍ സാധനം വാങ്ങാനെത്തുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. ഈ പ്രശ്നങ്ങളൊന്നും മോദി പ്രഖ്യാപിച്ച ഡിസംബര്‍ 31 തീരില്ലെന്നുറപ്പാണ്.