നമ്മുടെ മുഖ്യമന്ത്രി ഒരു മനുഷ്യനാണ്

സന്ദീപ് ദാസ്
കുറച്ചുനാളുകൾക്കുമുമ്പ് വർഗീയത മുഖമുദ്രയാക്കിയ ഒരു ദിനപത്രം പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചിരുന്നു.ആ സമയത്ത് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്-

”എന്റെ ജാതി എന്താണെന്ന് ചിലർ നിരന്തരം ഒാർമ്മിപ്പിക്കുന്നുണ്ട്.എന്റെ അച്ഛനും സഹോദരങ്ങളും ചെത്തുതൊഴിലാളികളായിരുന്നു.ഞാനും ആ തൊഴിൽ ചെയ്യണമെന്ന് ഒരുപാട് പേർ വിശ്വസിക്കുന്നു.അവരോട് ഞാൻ എന്താണ് പറയേണ്ടത്? കാലം മാറി എന്ന വസ്തുത അത്തരക്കാർ മനസ്സിലാക്കണം….”

ആ പ്രസ്താവന ചിരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്.­ജാതീയമായ അധിക്ഷേപങ്ങൾ നമ്മുടെ മുഖ്യമന്ത്രിയെ നുള്ളിനോവിക്കുക പോലും ചെയ്യുന്നില്ല എന്നത് വ്യക്തമാണ്.പക്ഷേ ആ ഹീനമായ തന്ത്രം തന്നെയാണ് ചിലർ പിണറായി വിജയനെതിരെ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

കള്ളിന്റെയും ചെത്തുതൊഴിലിന്റെയും പാരമ്പര്യമുള്ള പിണറായി വിജയൻ നിസ്സാരനാണ് എന്ന മുദ്രാവാക്യം ചിലർ സൈബർ ലോകത്ത് പാടിനടക്കുന്നുണ്ട്.ത­റവാടിത്തത്തിന്റെയും കുലീനതയുടെയും ടോപ് ക്ലാസ് രക്തത്തിന്റെയും പൊങ്ങച്ചം വിളമ്പുന്നുമുണ്ട്.പാവങ്ങൾക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള വണ്ടി കിട്ടിയിട്ടില്ല.

ജാതിയിൽ പിന്നോക്കം നിൽക്കുന്ന ആളുകളെ മനുഷ്യരായി പരിഗണിക്കാത്ത ഒരു കാലം കേരളത്തിനുണ്ടായിരുന്നു.ആ ഇരുണ്ട യുഗത്തിൽ നിന്ന് നാം ഇവിടംവരെയെത്തി.പണ്ട് ഒരുപാട് ചൂഷണങ്ങൾ അനുഭവിച്ചിരുന്ന ഒരു സമുദായത്തിന്റെ പ്രതിനിധിയായ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി.നമ്മുടെ വളർച്ചയുടെയും പുരോഗതിയുടെയും തെളിവാണത്.അഭിമാനവും സന്തോഷവും ഉളവാക്കുന്ന കാര്യമാണത്.

എന്നാൽ പലരുടെയും മനസ്സ് ഇപ്പോഴും ചാതുർവർണ്യത്തിലാണ് കുടുങ്ങിക്കിടക്കുന്നത്.ചില സന്ദർഭങ്ങളിൽ ആ വിഷം പുറത്തുവരും.എത്ര പുരോഗമനം പറഞ്ഞാലും ചില കുറുക്കൻമാർ അറിയാതെ കൂവിപ്പോകും.അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

പിണറായി വിജയൻ ചെത്തുതൊഴിലിനോ ബീഡിതെറുപ്പിനോ പോയില്ല.മോശമല്ലാത്ത വിദ്യാഭ്യാസം നേടി.കേരളത്തിന്റെ പരമോന്നത പദവിയിലെത്തി.കറുത്ത കോട്ടിട്ട് വിദേശയാത്രകൾ നടത്തുന്നു.ദേശീയ ചാനലിൽ ചെന്നിരുന്ന് ഇംഗ്ലിഷിൽ സംസാരിക്കുന്നു.ഉള്ളിൽ സവർണ്ണബോധം പേറുന്ന പലർക്കും ഇതൊന്നും സഹിക്കുന്നില്ല.പഴയ ചെത്തുകാരന്റെ മകൻ ഇത്രയ്ക്കൊക്കെയായോ എന്ന മട്ട് !

പിണറായി വിജയൻ ഭരിക്കുന്ന കേരളം ഇന്ന് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഒന്നാമതാണ്.മറ്റു പല സ്ഥലങ്ങളിലും കോവിഡ് രോഗികൾ വിവിധങ്ങളായ വിവേചനങ്ങൾ നേരിടുന്നു.എന്നാൽ പിണറായിയുടെ കേരളത്തിൽ ആരും കോവിഡ് രോഗികളുടെ ജാതിയോ മതമോ പ്രായമോ ചോദിക്കില്ല.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അത്താഴപ്പണിക്കാരെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ ആകുലതകൾ മുഴുവനും.കശുവണ്ടി തൊഴിലാളികൾ,തോട്ടം ജോലിക്കാർ മുതലായ വിഭാഗങ്ങളെയാണ് കേരളം ചേർത്തുപിടിക്കുന്നത്.വിയർപ്പിന്റെ അസുഖമുള്ളവർ പുച്ഛത്തോടെ കാണുന്ന തൊഴിലാളികളുടെ നേതാവുതന്നെയാണ് പിണറായി വിജയൻ.

‘ബംഗാളി’, ‘പാണ്ടി’ എന്നൊക്കെ അവജ്ഞയോടെ വിളിച്ചിരുന്ന അതിഥി തൊഴിലാളികൾക്ക് വളരെ മികച്ച പരിഗണനയാണ് കേരളം നൽകുന്നത്.തമിഴ്നാട്ടിലുള്ളവർ നമ്മുടെ സഹോദരങ്ങളാണെന്നും അതിർത്തി അടയ്ക്കുന്ന കാര്യം ചിന്തിക്കുക പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

”വോട്ട് ജാതിയ്ക്കല്ല ; വികസനത്തിന് നൽകണം” എന്ന് പറയാൻ ധൈര്യം കാണിച്ച ആളാണ് പിണറായി.ജാതീയതയെ ശക്തമായി എതിർത്തിട്ടുള്ള തമിഴ് നടൻ വിജയ് സേതുപതിയുടെ ഇഷ്ടനേതാവ് നമ്മുടെ മുഖ്യമന്ത്രിയാണ്.

കേരളത്തെയും പിണറായി വിജയനെയും നിരന്തരം പരിഹസിക്കുന്ന റിപ്പബ്ലിക് ചാനൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ അതിഥിയായി ക്ഷണിച്ചു.ഫാസിസ്റ്റു­കൾക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന അർണബ് ഗോസ്വാമി വരെ കേരളാ മോഡലിനെ വാഴ്ത്തി.അഭിമുഖത്തിലെ ഒരു ചോദ്യം തബ്ലീഗ് സമ്മേളനത്തെക്കുറിച്ചായിരുന്നു.അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ-

”അതിൽ പങ്കെടുത്ത എല്ലാവരെയും ഞങ്ങൾ കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്.ഈ സമയത്ത് ഒരു പ്രത്യേക സമുദായത്തെ ഉന്നംവെച്ചുകൊണ്ടുള്ള വർഗീയപ്രചാരണങ്ങൾ അനുവദിക്കാനാവില്ല.വൈറസ്സിന് മതമില്ല.നമ്മളിലാർക്കുവേണമെങ്കിലും രോഗം വരാം…”

ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്.നമ്മുടെ മുഖ്യമന്ത്രി ഒരു മനുഷ്യനാണ്.അദ്ദേഹത്തിന്റെ ചിന്തകളിൽ മുഴച്ചുനിൽക്കുന്നത് മനുഷ്യത്വമാണ്.യാതൊരുവിധ വേർതിരിവുകളും ആ മനുഷ്യനില്ല.അങ്ങനെയൊരാളെയാണ് ജാതിയുടെ പേരിൽ പുച്ഛിക്കുന്നത് !

ചരിത്രം കുറിച്ചുവെയ്ക്കും-

”ഒരുകാലത്ത് കേരളം ഒരു ഭ്രാന്താലയമായിരുന്നു.പിന്നീട് ആ മണ്ണിൽ നവോത്ഥാനത്തിന്റെ വെളിച്ചം പരന്നു.പിന്നോക്കവിഭാഗത്തിൽനിന്ന് മുഖ്യമന്ത്രിയുണ്ടായി.മൂരാച്ചികൾക്കുമുമ്പിൽ വളയാത്ത നട്ടെല്ല് ആ മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്നു.മനുഷ്യരെ തരംതിരിക്കാത്ത മനസ്സും പാരമ്പര്യവാദികളെ അസ്വസ്ഥരാക്കുന്ന നിലപാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു.ഇരട്ടച്ചങ്കുള്ള ആ ഭരണാധികാരിയുടെ പേര് വിജയൻ എന്നായിരുന്നു….”

”പിണറായിയിൽ ചെത്തുജോലി ചെയ്തിരുന്ന കോരന്റെയും കർഷകത്തൊഴിലാളിയായിരുന്ന കല്യാണിയുടെയും മകനായ പിണറായി വിജയൻ….! ”

 

സന്ദീപ് ദാസ്