വെന്ത് പാകമാകുന്ന പെണ്ണുങ്ങൾ(കവിത-നവീന പുതിയോട്ടിൽ)

അടുക്കളത്തിണ്ണയിലിരുന്ന് കിനാവ് കണ്ടപ്പോൾ പൊള്ളിയ ഇടം കയ്യിലെ ആദ്യവേവിന്റെ അടയാളങ്ങളെ എത്ര തലോടിയാലും മതിയാവില്ല…തുടർന്നങ്ങോട്ടുള്ളതെല്ലാം സ്വപ്ന സഞ്ചാരങ്ങൾ തന്നെയായിരുക്കും…പിന്നീടുള്ള പൊള്ളലുകളിലൊന്നും ഒരു പൊക്കിളപോലുമെടുക്കാത്ത തൊലിപ്പുറത്ത്
നിഷേധങ്ങളുടെ വിത്തുകൾ മുളച്ച് പൊന്തും…

നടുത്തളത്തിലെ ജാലകത്തിനകത്തുകൂടി പനിനീർച്ചെടിയുടെ നിറയെ മുള്ളുള്ള കൊമ്പുകൾ ഇലകളെ ഞെരിച്ച് അകത്ത്കടന്ന് കയറി ഗന്ധം പരത്തും….അവ ഇടക്കിടെ ചുരുൾമുടികളെ കുരുക്കി വലിക്കും….വേനലവധിക്കാലങ്ങളിൽ ഒറ്റയാകുന്ന പകലുകളിൽ വിയർത്ത് കുളിക്കുമ്പോൾ വിശ്വസിച്ചവൻ ഹൃദയത്തിലാഴ്ത്തിയിറക്കിയ മുള്ളുകളിൽ പുരണ്ട ജീവരക്തം വെണ്ണീരിൽ
കുഴച്ച് എത്ര അപ്പക്കഷ്ണങ്ങളുണ്ടാക്കിയ
വളയിട്ട കൈകളാണവളുടേത്?

സ്വപ്നങ്ങളുടെ രാജകുമാരികൾ എന്നെപ്പോലെ തന്നെ…പുകക്കുഴലുകൾക്കിടയിലൂടെ എപ്പോൾ വേണമെങ്കിലും കടന്ന് ചെല്ലാമായിരുന്ന രാജ്യത്ത് നിറയെ പൂക്കൾ വീണ പുഴകൾ കണ്ടിരുന്നു…

മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന മരച്ചില്ലകളിൽ കിളികൾ തണുത്ത് ചിറകുകൾ ഒതുക്കിയിരിക്കുന്നത് കാണാമായിരുന്നു…

പുലർകാലങ്ങളിൽ പാതിമയക്കത്തിൽ സ്വപ്നം കണ്ട് ചിരിക്കുന്ന ആട്ടിടയന്മാരെ കാണാമായിരുന്നു….

എന്റെ കൈകൾ പിടിച്ച് നൃത്തം വെയ്ക്കുന്ന മുഖം വ്യക്തമല്ലാത്ത മനുഷ്യന്റെ കാൽത്തളകൾ കാണാമായിരുന്നു…

എവിടുന്നോ ഇരച്ച് കയറിയ തിരമാലകൾക്ക് മുകളിലൂടെ ഏതോ പുരോഹിതൻ നടന്ന് പോകുന്നു…

പൊടുന്നനെ പുകക്കുഴലിൽ കാർമേഘമിരുട്ടിയ നേരങ്ങൾ വന്ന് നിറയുന്നു…

മുൻവശത്തെ കവാടം മലർക്കെത്തുറന്ന് മഴനനയാനോടുമ്പോൾ ഒറ്റച്ചുംബനം പോലുമറിയാതെ പോയ ഉടലിൽ മുത്തിയിറങ്ങിയ ജലബിന്ദുക്കളാൽ അന്ത:ഷോപത്തിന്റെ ആ കറുത്ത അടയാളങ്ങൾ ഒഴുകിപ്പോയി…

അവയിൽ ചിലത് ചെറുമീൻ പറ്റങ്ങളായ് കാലടികളെ ഇക്കിളിപ്പെടുത്തി…

മുറ്റത്തെ വലിയ ജലാശയത്തിൽ അവയ്ക്കൊപ്പം മുങ്ങാംകുഴിയിടുമ്പോൾ കുമിളകൾ ഉയർന്ന് പൊങ്ങുന്നുണ്ടായിരുന്നു….

ഇന്നലെയുടെ ചിത്രങ്ങളോരോന്നായ് കൊത്തിവെച്ച പൊള്ളുന്ന ശിൽപങ്ങളിൽ നിന്ന് ആവിപാറുന്നുണ്ടായിരുന്നു…

വാടിവീഴുന്ന ഇലത്തളിരുകളിൽ നിറയെ കത്തിനിൽക്കുന്ന ജീവജ്യോതികൾ…

വെളിച്ചത്തിൽ മുങ്ങിയ വീടിന്റെ പടിവാതിലുകൾ തിരഞ്ഞാണ് ഇനിയുള്ള യാത്രകൾ…

വെന്ത് പാകമാകുന്ന പെണ്ണുങ്ങൾ എല്ലാമിങ്ങനെ കത്തിവീണ് വെണ്ണീരിൽ നിന്ന് മുളച്ചവരാണ്….