നാം അതിജീവനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടും!

സന്ദീപ് ദാസ്
കോവിഡ്-19 ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.അമ്മയുടെ രോഗം ഭേദമായിട്ടുമുണ്ട്.ദേശീയതലത്തിൽതന്നെ ഒരപൂർവ്വതയാണ് ഈ നേട്ടം!

കേരളം നമ്പർ വൺ ആണെന്ന് നാം അഭിമാനത്തോടെ പറയാറില്ലേ?ഇതുകൊണ്ടൊക്കെത്തന്നെയാണ് ഈ കൊച്ചു സംസ്ഥാനം കൊറോണക്കാലത്ത് വേറിട്ടുനിൽക്കുന്നത്.
അതിർത്തിയിൽ കർണ്ണാടക നാലുകുട്ട മണ്ണിട്ടാൽ തീരുന്നതാണ് കേരളത്തിന്റെ ഒന്നാം നമ്പർ എന്ന് ചിലർ പരിഹാസപൂർവ്വം പറഞ്ഞപ്പോൾ വല്ലാത്ത നിരാശ തോന്നിയിരുന്നു.എല്ലാവരും കേരളത്തെ പകർത്താൻ ശ്രമിക്കുന്ന സമയത്തും ചില മലയാളികൾ തന്നെ പിന്നിൽ നിന്ന് കുത്തുന്നു!

കോവിഡ്-19 പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ ഗർഭധാരണം ഒഴിവാക്കുന്നതാണ് നല്ലത് എന്ന ഉപദേശം പല ഗൈനക്കോളജിസ്റ്റുകളും നൽകുന്നുണ്ട്.എന്നാൽ കൊറോണയുടെ ആവിർഭാവത്തിനുമുമ്പ് ഗർഭംധരിച്ച ഒരുപാട് സ്ത്രീകളുണ്ട്.നിർഭാഗ്യവശാൽ അവരിൽ ചിലർക്ക് അസുഖം ബാധിക്കുന്നുമുണ്ട്.അ­­ത്തരക്കാരെ എന്തുചെയ്യണം? മുഴുവൻ സ്നേഹവും നൽകി സംരക്ഷിക്കുകതന്നെ വേണം.
എന്നാൽ ഇന്ത്യയിൽ പലയിടങ്ങളിലും കോവിഡ് ബാധിച്ച ഗർഭിണികൾ ദുരിതമനുഭവിക്കുകയാണ്.കർണ്ണാടകയിൽ രണ്ട് ഗർഭിണികൾക്കാണ് ചികിത്സ നിഷേധിച്ചത് ! സഹായം അഭ്യർത്ഥിച്ച് ജനറൽ ആശുപത്രിയിൽ ചെന്ന യുവതിയോട് 75 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഹോസ്പിറ്റലിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെത്രേ!

ഇതുപോലൊരു സംഭവം കേരളത്തിൽ നടക്കുമോ?
പോസ്റ്റിനോടൊപ്പം ചേർത്തിട്ടുള്ള ഫോട്ടോയിലെ കുഞ്ഞിന്റെ അമ്മയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ അവർക്ക് പരിയാരത്തെ എെസോലേഷൻ വാർഡിൽ ഏറ്റവും നല്ല പരിചരണം ലഭിച്ചു.ഇപ്പോൾ ആരോഗ്യമുള്ള ഒരു കുഞ്ഞും ജനിച്ചിരിക്കുന്നു.

കേരള മോഡൽ പെർഫെക്റ്റ് ഒന്നുമല്ല.ലോകത്തുള്ള ഒരു സിസ്റ്റവും കുറ്റമറ്റതല്ലല്ലോ.കുറവുകളും പോരായ്മകളും ഉണ്ടാകാം.പക്ഷേ നമ്മുടെ ആരോഗ്യവകുപ്പ് ഒരു മാതൃക തന്നെയാണ്.
കൊറോണ പിടിമുറുക്കിത്തുടങ്ങിയ സമയത്ത് ശൈലജ ടീച്ചർ പറഞ്ഞത് ഇങ്ങനെയാണ്-

”കൊറോണമൂലമുള്ള മരണങ്ങൾ കേരളത്തിൽ ഉണ്ടാവില്ലെന്ന് എനിക്കുറപ്പൊന്നും പറയാനാവില്ല.പക്ഷേ മരണങ്ങളുണ്ടാകാതിരിക്കാനുള്ള അതിസാഹസികമായ പ്രവർത്തനങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്….”
ഇതുവരെ കൊറോണമൂലം മൂന്നുപേർ മരിച്ചു.പക്ഷേ അതിന്റെ എത്രയോ ഇരട്ടി ആളുകളാണ് രോഗവിമുക്തി നേടിയത്.രോഗം ബാധിക്കുന്നവരുടെ എണ്ണവും സാവകാശം കുറഞ്ഞുവരുന്നു.രോഗപ്രതിരോധത്തിന് കേരള മോഡൽ നൽകണം എന്ന് കേന്ദ്രം വരെ പറയുന്നു.

കേരളത്തിൽ ഒരു ഗർഭിണിയ്ക്കും കരഞ്ഞുകൊണ്ട് ആശുപത്രികൾ കയറിയിറങ്ങേണ്ടിവരില്ല.പ്രായം അല്പം കൂടിപ്പോയി എന്ന കാരണത്താൽ ഒരാളും ഇവിടെ ചികിത്സ കിട്ടാതെ മരിക്കില്ല.
കേരളത്തിലെ ഒറ്റുകാർ പരിഹാസം തുടരട്ടെ.നാം അതിജീവനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടും!
എന്റെ കേരളം.
നമ്മുടെ കേരളം.
എന്തെന്നില്ലാത്ത അഭിമാനം….!