ലോക്ക് ഡൗണ്‍: ഇളവില്‍ തീരുമാനമായില്ല, ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ല

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവു നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനിര്‍ദ്ദേശത്തിനായി കാത്തിരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം. ബുധനാഴ്ച വീണ്ടും മന്ത്രിസഭ ചേരും. ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് മന്ത്രിസഭയില്‍ ധാരണയായിട്ടുണ്ട്. രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും കര്‍ശന നിയന്ത്രണം തുടരണമെന്നുമാണ് ധാരണ. ഇന്ന് മുതല്‍ കൂടുതല്‍ കടകള്‍ തുറക്കുന്നത് ആശ്വാസമാകുമെങ്കിലും സാമൂഹിക അകലവും മുന്‍കരുതലും പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് ന്ല്‍കിയിട്ടുണ്ട്. കണ്ണടകള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍ ഇന്ന് തുറന്നു. ഫ്രിജ്, വാഷിങ് മെഷീന്‍, മിക്‌സി എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ബീഡി തൊഴിലാളികള്‍ക്ക് അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുന്നതിനും ബീഡി എത്തിക്കുന്നതിനുമുള്ള സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും പ്രവര്‍ത്തിക്കാം അതിനിടെ, കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. ആരോഗ്യപ്രവര്‍ത്തകരും, പൊലീസുകാരും ഉള്‍പ്പടെയുള്ള ഒന്നാം നിര പോരാളികള്‍ക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ മുന്‍ഗണന. 20 മിനിറ്റിലുള്ളില്‍ ഫലമറിയാം.