മൈലൂർ അബ്ബാർ ജുമാ മസ്ജിദിൽ ബാങ്ക് വിളിക്കും; പിന്നാലെ കൊവിഡ് ബോധവത്ക്കരണ സന്ദേശവും

കോതമംഗലം: മൈലൂർ അബ്ബാർ ജുമാ മസ്ജിദിൽ ബാങ്കുവിളിക്കു പിന്നാലെ കൊവിഡ് 19 സാമൂഹിക ബോധവത്കരണം കൂടി മൈക്കിലൂടെ ഒഴുകിയെത്തും. ഓരോ ഘട്ടത്തിലും വിശ്വാസികൾക്കിടയിൽ സർക്കാർ മാർഗനിർദേശം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പള്ളിക്ക് മുമ്പിൽ പോസ്റ്ററും ലഘുലേഖ വിതരണവും നടത്തിയതായി ഇമാം നിസാർ ബാഖവി പറഞ്ഞു. സർക്കാർ നിയന്ത്രണം വരുംമുമ്പേ പള്ളിയിൽ സാമൂഹിക ആരാധന നിർത്തിവച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം കൈകഴുകലിന് ആവശ്യമായ സാമഗ്രികൾ നൽകിയും നമസ്‌കാരത്തിന് ഇരിക്കുന്ന വിരി മാറ്റി ഓരോരുത്തരും സ്വന്തമായി ഇരിപ്പിടം സജ്ജമാക്കാൻ പേപ്പറും പായയും കൊണ്ടുവരുന്നതിനും സൗകര്യമൊരുക്കിയിരുന്നു. സർക്കാർ നിർദേശാനുസരണം പൊതു ആരാധന നിർത്തിവെച്ച് ബാങ്കുവിളി മാത്രമായി ക്രമീകരിക്കുകയും ചെയ്തു. ദിവസേന അഞ്ച് പ്രാവശ്യം ബാങ്കുവിളിക്ക് ശേഷം എട്ടു മിനിറ്റ് നീളുന്ന കൊറോണ വൈറസ് പ്രതിരോധ മാർഗങ്ങളുടെ അവബോധനവും മൈക്കിലൂടെ കേൾപ്പിക്കും. കൊറോണ വ്യാപന പ്രതിരോധ മുൻകരുതലുകളെക്കുറിച്ച് രണ്ട് ഭാഗമായിട്ടാണ് ഓഡിയോ റെക്കോഡ് ചെയ്തിട്ടുള്ളത്. ആദ്യം പൊതുജനങ്ങൾ പാലിക്കേണ്ടവയും രണ്ടാമത്തെ ഭാഗത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട നിർദേശങ്ങളും അടങ്ങിയതാണ് ബോധവത്കരണ സന്ദേശം.