മഹാരാാഷ്ട്രയില്‍ നാലു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ വെക്കാര്‍ഡ്‌സ് ആശുപത്രിയില്‍ രണ്ടു പേര്‍ക്കും ഭാട്യയിലും പുനെ റൂബി ഹാളിലും ഓരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയില്‍ മലയാളി നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 60 നഴ്‌സുമാരും പത്ത് ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂരിഭാഗം നഴ്‌സുമാരും കേരളത്തില്‍ നി്ന്നുള്ളവരാണ്. നഴ്സുമാരില്‍ ഭൂരിഭാഗവും ഹോസ്റ്റലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും കൂട്ടമായി മുറികള്‍ പങ്കുവെച്ച് താമസിക്കുന്നവരാണ്. ഒരു മുറിയില്‍ത്തന്നെ എട്ടുമുതല്‍ പന്ത്രണ്ടുപേര്‍വരെ കഴിയുന്നുണ്ട്. ഇവരെ കൃത്യസമയത്ത് സമ്പര്‍ക്കവിലക്കില്‍ ആക്കിയില്ലെന്നും പരിശോധനകള്‍ യഥാസമയം നടത്തിയില്ലെന്നും ആരോപണമുണ്ട്.

അതിനിടെ, മുംബൈ ധാരാവിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 47 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 35 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 9152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഉത്തര്‍പ്രദേശിലെ ബദായൂനിലെ 14 ഗ്രാമങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. ഡല്‍ഹിയിലെ ചൗധരി ശോറ മൊഹല്ലയും യുപി വാരണാസിയിലെ മദന്‍പുരയും ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നാഗാലാന്റില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.