കോവിഡ് പരിശോധന ചെലവ് 1000 രൂപ; ശ്രീചിത്ര കോവിഡ് 19 പരിശോധന കിറ്റ് വികസിപ്പിച്ചു

തിരുവനന്തപുരം: കോവിഡ് 19 കണ്ടെത്തുന്നതിനുള്ള പരിശോധനാ കിറ്റ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ചെടുത്തു. ചിത്ര ജീന്‍ ലാമ്ബ് എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. വൈറസ് സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന ആദ്യ ആര്‍ടി ലാമ്ബ്‌അടിസ്ഥാന കിറ്റും പരിശോധനാ ഉപകരണവുമാണിത്. റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേഴ്സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടെസ്റ്റ് കിറ്റ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല സാര്‍സ് കോവ്-2 വൈറസിലെ എന്‍ ജീന്‍ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ട് കിറ്റിന് കൃത്യത ഉറപ്പാക്കാന്‍ കഴിയും. ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാര്‍സ് കോവ്-2 എന്‍ ജീനിനെ കണ്ടെത്തുന്ന ലോകത്തെ ആദ്യ ടെസ്റ്റ് കിറ്റുകളില്‍ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്.

സാര്‍സ് കോവ്-2 എന്‍ ജീനിനെ കൃത്യമായി തിരച്ചറിയാന്‍ കഴിയുന്ന ടെസ്റ്റ് കിറ്റിന് എന്‍ ജീനിന്റെ രണ്ട് മേഖലകള്‍ കണ്ടെത്താനാകും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതക വ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാന്‍ ഇത് സഹായിക്കും. ചിത്ര ജീന്‍ലാമ്ബിന്റെ കൃത്യത പരിശോധിക്കുന്നതിന് ഐസിഎംആര്‍ ആലപ്പുഴയിലെ എന്‍ഐവിയെ ചുമതലപ്പെടുത്തി. അവിടെ നടന്ന പരിശോധനയില്‍ ഇതിന് നൂറുശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ്-19 പരിശോധനയ്ക്ക് ചിത്ര ജീന്‍ലാമ്ബ്-എന്‍-ന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉത്പാദനത്തിന് സിഡിഎസ്സിഒ ലൈസന്‍സ് ലഭ്യമാക്കുകയുമാണ് അടുത്ത ഘട്ടം.