കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് 3 വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടുകളായി കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന ആറ് ജില്ലകളില്‍ ചിലതില്‍ നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

എന്നാല്‍, ഹോട്ട് സ്‌പോട്ട് അല്ലാതിരുന്ന കോഴിക്കോട് ജില്ലയില്‍ നിലവില്‍ രോഗികളുടെ എണ്ണം കൂടുതലുണ്ട്. അതിനാല്‍ നിലവില്‍ രോഗികള്‍ കൂടുതലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളാക്കി നിലനിര്‍ത്താനും രോഗികള്‍ കുറവുള്ള ജില്ലകളെ ഒഴിവാക്കാനും കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇത് അംഗീകരിക്കുകയാണെങ്കില്‍ മെയ് മൂന്നുവരെ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.