ഗുണ്ടുമണി നാഗപ്പൻ (കഥ -വിനോദ് വേണുഗോപാൽ )

ണ്ട് പണ്ടാണ് . അതായത് ഞണ്ട് മുണ്ടുടുക്കണ കാലത്താണോ ന്ന് ചോയ്ച്ചാ അല്ല . ഞണ്ടിന്‍റെ കണ്ടം വഴിയുള്ള തണ്ടപ്പേര് തണ്ടിലേറ്റണതിനും മുമ്പ് പണ്ടാരക്കാട്ടങ്ങാടീലെ ഗുണ്ടുമണി നാഗപ്പന് ആ വർഷത്തെ ധീരതക്കുള്ള അവാർഡ് കൊടുക്കാനുള്ള പ്രമേയം മാനാംകുറ്റി പഞ്ചായത്ത് ഐക്യകണ്ഠേന കണ്ഠം പൊട്ടണ ശബ്ദത്തില്‍ കയ്യടിച്ച് പാസാക്കി . വരാമ്പോണ കന്നി മാസത്തില് മാനാംകുറ്റി മുക്കിലെ മാസിലാമണിയുടെ മൂന്നേമുക്കാൽ സെന്റ് പുറമ്പോക്ക് സ്ഥലത്ത് പനയമ്പാടം പൊന്നുമണിയുടെ പന്തലും , സ്റ്റേജും , കോളാമ്പിയും ഏർപ്പാടാക്കി ഗുണ്ടുമണി നാഗപ്പന് ധീരതക്കുള്ള പുരസ്കാരം സമ്മാനിക്കാനുള്ള തീരുമാനം മാനാംകുറ്റി പഞ്ചായത്ത് ധീരതയോടെ എടുത്തത് , പഞ്ചായത്തിലെ നല്ല കാര്യത്തിനായാലും , കെട്ട കാര്യത്തിനായാലും , കക്കണ കാര്യത്തിനായാലും ഭരണ പ്രതിപക്ഷമെന്നൊന്നില്ല എന്ന ഒറ്റ കാരണത്താൽ തന്നെ .

കൊറ്റിക്കോട്ടുകാവിലെ അമ്പലക്കുളത്തിന്റെ വടക്കേ കടവില് അർദ്ധനഗ്നാംഗിയായി അരനീര് വെള്ളത്തില്‍ അല്ലിപ്പൂ നുള്ളിക്കൊണ്ടിരിക്കണ മല്ലികയുടെ മേൽമുണ്ടഴിഞ്ഞ നേരത്ത് , അവിചാരിതമായി കണ്ണിന്റെ ക്ലച്ച് പിടിക്കാതെ കൽപ്പടവിൽ കാലറിയാതെ തട്ടി കുളത്തിലേക്ക് മുക്രം കുത്തി വീണ കുഞ്ഞിക്കണ്ണനെ , മുന്നും പിന്നും നോക്കാതെ ( മല്ലികയുടെ അല്ല ) കുളത്തിലേക്ക് കുമ്മാളം കുത്തിച്ചാടി രക്ഷപ്പെടുത്തിയതിനാണ് ഗുണ്ടുമണി നാഗപ്പന് ആ വർഷത്തെ ധീരതക്കുള്ള അവാർഡ് കൊടുക്കാൻ മാനാംകുറ്റി പഞ്ചായത്ത് തീരുമാനിച്ചത് .

ഗുണ്ടുമണി നാഗപ്പനാവട്ടെ , രക്ഷാദൌത്യസമയത്ത് ഓസാൻ കുന്നിറങ്ങുമ്പൊ ഹെർക്കുലീസ് സൈക്കിളിൽ നിന്ന് ചവിട്ടുമ്പൊ അതായത് നിന്ന് ചവിട്ടുമ്പൊ സൈക്കിളിന്‍റെ പെഡലൊടിഞ്ഞ് സൈക്കിൾത്തണ്ടില് അരമണ്ഡലമിടിച്ച് കണ്ണീക്കൂടെ പൊന്നീച്ചപാറി കുഴൽമന്ദം ചന്തേന്ന് വാണിയങ്കുളത്തേക്കാട്ടിക്കൊണ്ടുപോണ പോത്തിന്റെ ഡിക്കീല് ദാക്ഷിണ്യമില്ലാതെ സൈക്കിള് കൊണ്ടിടിച്ച് ചാണകത്തില് മൂക്ക് മുട്ടി പോത്തിന്റെ കുത്തും കൊണ്ട് കാല് രണ്ടും ഡാമേജായി അംഗങ്ങൾക്കൊക്കെ ഭംഗം വന്ന നിലയിലായിരുന്നു . എന്നാലും കുഞ്ഞിക്കണ്ണന്റെ ശ്വാസം കിട്ടാതെയുള്ള അമ്പലക്കുളത്തിലെ മുങ്ങിത്താഴല് ഗുണ്ടുമണി നാഗപ്പനിലെ ധീരതയെ ഉണർത്തിയതോണ്ട് കുഞ്ഞിക്കണ്ണൻ , കുഞ്ഞിക്കണ്ണന്റെ വലിയ കണ്ണോണ്ട് ഇന്നും അമ്പലക്കുളത്തിനരികത്തെ റഡാറായി പ്രവർത്തിക്കുന്നുണ്ട് .

അങ്ങനെ പുരസ്കാരദിനം വന്നു . പനയമ്പാടം പൊന്നുമണിയുടെ പന്തലേറി . വേദിയായി . കോളാമ്പി നാൻ ആണയിട്ടാൽ അത് നടന്ത് വിട്ടാൽ പടിത്തുടങ്ങി . വിശിഷ്ടാതിഥികൾ പൃഷ്ടമമർത്തി ഇരുമ്പ് കസേരകളില്‍ ആസനസ്ഥരായി . ഗുണ്ടുമണി നാഗപ്പന്റെ ഇരുമ്പ് കസേരയുടെ ആട്ടം ഒരോട്ടാമ്പുളി വെച്ച് അഡ്ജസ്റ്റ് ചെയ്തു . വമ്പിച്ച കരഘോഷങ്ങൾക്കിടയിൽ ആ വർഷത്തെ ധീരതക്കുള്ള മാനാംകുറ്റി പഞ്ചായത്തിന്‍റെ പുരസ്കാരം പഞ്ചായത്ത് പ്രസിഡന്‍റ് മാനാംകുറ്റി മാണിക്യനിൽ നിന്നും ഏറ്റുവാങ്ങിയതിന് ശേഷം രണ്ട് വാക്ക് സംസാരിക്കുന്നതിനായി ഗുണ്ടുമണി നാഗപ്പൻ കിട്ടിയ കാശും ഫലകവും കക്ഷത്ത് തിരുകി മൈക്കില് നാല് തുപ്പൽപുതുമഴ പെയ്യിച്ച ശേഷം നന്ദി പ്രസംഗം തുടങ്ങി …….

” കണ്ണിന്റെ കണ്ണായ , മൂക്കിന്റെ മൂക്കായ മാനാംകുറ്റി പഞ്ചായത്തിലെ കൺമണികളേ , പെൺമണികളേ , അവരുടെ അച്ഛന്‍ മണികളേ , അവരുടെ അമ്മ മണികളേ …. ഈ സമ്മാനം എനിക്ക് തരാൻ തീരുമാനിച്ച മാനാംകുറ്റി പഞ്ചായത്തിലെ എല്ലാ ഭരണസമിതി അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിക്കുന്നതോടൊപ്പം , എനിക്കൊരു കാര്യം കൂടി ചോദിക്കാനുണ്ട് ”

” അമ്പലക്കുളത്തിന്റെ വടക്കേ മൂലയിലെ കൈതോലപ്പൊന്തേല് മല്ലികചേച്ചീടെ മേൽമുണ്ടഴിഞ്ഞ് കുളത്തിലൊലിച്ച് പോകുന്നുണ്ടോന്ന് നോക്കി , അതും ഓസാൻ കുന്നെറക്കത്തില് സൈക്കിളീന്ന് വീണ് പോത്തിന്‍റെ കുത്തും കിട്ടി കൈയ്യും കാലും ഒടിഞ്ഞ് നിക്കണ സമയത്ത് , കുഞ്ഞിക്കണ്ണൻ കാല് തെറ്റി കുളത്തില് വീണൂംന്ന് പറഞ്ഞ് എന്റെ പിന്നാലെ വന്ന് എന്നെ കുളത്തിലേക്ക് തള്ളിയിട്ട ആ കഴുവേറിടെ മകൻ ഈ കൂട്ടത്തിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ സമ്മാനം കിട്ടിയ കാശ് ഞാനെടുത്തിട്ട് ബാക്കി കക്ഷത്തിരിക്കണ ഫലകം തരാമായിരുന്നു ”

ഇത്രയും പറഞ്ഞത് മാത്രേ ഓർമ്മയുള്ളൂ …. പനയമ്പാടം പൊന്നുമണിയുടെ പന്തലും കോളാമ്പിയും മാനാംകുറ്റി പഞ്ചായത്തിലെ അനന്തവിഹായസ്സിലൂടെ പറന്ന് കളിച്ചു . പഞ്ചായത്ത് പ്രസിഡന്‍റ് മാനാംകുറ്റി മാണിക്യൻ ഒടിഞ്ഞ് വീണ മഞ്ഞപ്പാവുട്ട മരത്തിന്റെ അവശേഷിച്ച കുറ്റീല് കുന്തിച്ച് കുത്തിരുന്ന് പത്താം നമ്പറ് ബീഡിക്ക് തീ കൊളുത്തി ….. !

വിനോദ് വേണുഗോപാൽ