‘സർവേ ‘ ശ്വരന് സ്തുതിയായിരിക്കട്ടെ!

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസുകാരും എന്തൊക്കെ ആരോപണ മുന്നയിച്ചാലും എനിക്ക് അതൊന്നും വിശ്വസിക്കാൻ മനസില്ല. ചെന്നിത്തലയ്ക്കും യു ഡി എഫിനും സർക്കാരിനോട് മൂത്ത കുശുമ്പാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കരുതലും ജാഗ്രതയുമുള്ള ഭരണാധികാരിയെക്കുറിച്ചാണ് ബിഗ്ഡേറ്റ, ഡേറ്റ ബ്രീച്ച്, ഡേറ്റ തെഫ്റ്റ് എന്നൊക്കെപ്പറഞ്ഞ് അലമ്പുണ്ടാക്കുന്നത്.

സ്പ്രിംഗ്ലർ കമ്പിനിയുടെ ഇടപാടുകളെക്കുറിച്ച് പരിശോധിക്കാൻ സർക്കാർ രണ്ടംഗ കമ്മറ്റിയെ നിയമിച്ചു. മുൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും, കേന്ദ്ര ഐടി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറിയുമായ മാധവൻ നമ്പ്യാർ അധ്യക്ഷനുമായ സമിതിയെ തീരുമാനിച്ചു. എത്ര മാന്യമായ തീരുമാനം. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലാത്ത സർക്കാരിനു മാത്രമേ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കഴിയു. നൂറ് പൂക്കൾ വിരിയട്ടെ!

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെയും പിണറായി സർക്കാരിൻ്റെ കാലത്തും ആരോഗ്യ വകുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന സെക്രട്ടറിയാണ് രാജീവ് സദാനന്ദൻ. യു.ഡി.എഫ് കാലത്തും എല്‍.ഡി.എഫ് ഭരണകാലത്തും പലപേരുകളില്‍ ആരോഗ്യ സര്‍വേ നടത്തിയത് ആരോഗ്യ വകുപ്പു സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍െ്‌റ നേതൃത്വത്തില്‍ തന്നെയാണ്. രണ്ട് ഭരണകാലത്തും നടത്തിയ സർവെകൾ വൻ വിവാദമായിരുന്നു.വിദേശ ബന്ധവും കോടികളുടെ അഴിമതിയാരോപണവും ഉന്നയിക്കപ്പെട്ടതോടെ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അവസാനിപ്പിച്ച ആരോഗ്യ സര്‍വേ പേരു മാറ്റി ഷൈലജ ടീച്ചറിൻ്റെ കാലത്തും നടത്തി. സർവ്വെകളുടെ ചുമതല രാജീവ് സദാനന്ദനായിരുന്നു. സർവ്വെ നടത്തി മലയാളികളുടെ ആരോഗ്യം നിലനിർത്തണമെന്ന് നിതാന്ത ജാഗ്രതയുള്ള ഐഎഎസുകാരനാണ്. ജീവൻ ടോൺ കഴിക്കു, ആരോഗ്യം നിലനിർത്തു എന്ന പോലെ.

യുഡിഎഫ് കാലത്ത് കനേഡിയൻ സ്ഥാപനമായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു (PHRI ) വേണ്ടിയായിരുന്നു ആരോഗ്യ സർവ്വെ.
ഈ സർവെ വഴി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വിറ്റു കാശാക്കുന്നു എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദൻ നിയമ സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെത്തുടർന്ന് സർക്കാർ സർവെ നിർത്തിവെച്ചു. ആരോഗ്യ വകുപ്പ് 2012 ഡിസംബർ 19 ന് പുറത്തിറക്കിയ 4161 /2012/H FW (D) എന്ന ഉത്തരവു പ്രകാരമായിരുന്നു സർവെ നടത്തിയത്. ബുദ്ധിമാനായ രാജീവ് സദാനന്ദൻ പിണറായി അധികാരത്തിൽ വന്ന ഉടനെ പഴയ സർവ്വെ പൊടി തട്ടിയെടുത്ത് വീണ്ടും തുടങ്ങി.

കേരളത്തിലെ 14 ജില്ലകളില്‍നിന്നുമായി പത്തുലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങളാണ് കിരണ്‍ എന്ന സര്‍വേയിലൂടെ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണു സര്‍വേ. ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. 2013-ല്‍ പി.എച്ച്.ആര്‍.ഐ യുമായി സഹകരിച്ച സര്‍വേയാണ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു സര്‍ക്കാര്‍ റദ്ദാക്കിയതെന്ന കാര്യം മറക്കരുത്. ഷൈലജ ടീച്ചറിൻ്റെ കാലത്ത് തുടങ്ങിയ കിരൺ – കേരള ഇൻഫർമേഷൻ ഓൺ റെസിഡൻസ് – ആരോഗ്യം നെറ്റ് വർക്ക് എന്ന പദ്ധതി പ്രകാരം 10 ലക്ഷത്തിലധികം പേരുടെ ആരോഗ്യ വിവരങ്ങളാണ് ശേഖരിച്ചത്.

അച്യുതമേനോന്‍ സെന്ററിലെ പ്രഫ. വി. രാമന്‍കുട്ടിയാണു പഠനത്തിന്റെ മുഖ്യ ഇന്‍വെസ്റ്റിഗേറ്ററെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍, കോ- ഓര്‍ഡിനേറ്റര്‍, നഴ്സുമാര്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ നല്‍കൂ എന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിലുള്ളത്. ഇതിലെ വിവരങ്ങളെക്കുറിച്ചും ഒരു പാട് സന്ദേഹങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്.

പി .എച്ച്.ആര്‍.ഐയ്ക്ക് കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ നല്‍കുകയാണെന്ന വാര്‍ത്ത 2013 ല്‍ ‘മംഗളം’ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണു സംഭവം വിവാദമായത്. സി. എസ് സിദ്ധാർത്ഥൻ എന്ന യുവ റിപ്പോർട്ടറാണ് നിരന്തരം ഈ സർവ്വെ ക ളെക്കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തത്. എന്തുകൊണ്ടോ മറ്റ് മാധ്യമങ്ങളൊന്നും തന്നെ ഈ വിഷയം ഏറ്റെടുത്തില്ല. അന്ന് എല്‍.ഡി.എഫ്. വിഷയം ഏറ്റെടുത്തതോടെ ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയായി. സര്‍വേ അവസാനിപ്പിക്കുകയാണെന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറും പ്രഖ്യാപിച്ചു.കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ് ലൈൻ സ്റ്റഡി (കെ.എച്ച്.ഒ.ബി.എസ്) എന്ന സര്‍വേയാണ് അന്ന് അവസാനിപ്പിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ് എപ്പിഡെമിയോളജിക്കല്‍ സര്‍വെയ്ലന്‍സ് എന്ന പേരില്‍ ആരോഗ്യവകുപ്പ് അടുത്ത പഠനത്തിനു തുടക്കമിട്ടപ്പോഴും പിന്നില്‍ വിവാദമായ വിദേശ കമ്പിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതും വിവാദമായപ്പോഴാണ് കഴിഞ്ഞ വര്‍ഷം കിരണ്‍ ആരംഭിച്ചത്. ഇ-ഹെല്‍ത്ത് പദ്ധതിക്കായി സംസ്ഥാനമാകെ നടത്തുന്ന വിവരശേഖരണത്തിനു സമാന്തരമായാണ് ഈ സര്‍വേ. ഇ-ഹെല്‍ത്തിനു വേണ്ടി സജ്ജമാക്കിയ സൗകര്യങ്ങള്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപവും ഇപ്പോൾ ശക്തമാണ്.

അസാധാരണമായ സാഹചര്യത്തിൽ നമ്മെ ക്കുറിച്ച് കരുതലുള്ള സർക്കാർ നടത്തുന്ന അസാധാരണ സർവെകളെക്കുറിച്ച് നമ്മൾ അഭിമാനിക്കണം – ചില ശവം തീനികൾ ഇതിനെ ക്കുറ്റപ്പെടുത്തും. എൻ്റെ ആരോഗ്യ വിവരങ്ങൾ വിദേശ കമ്പിനി കൊണ്ടു പോയാൽ എനിക്കൊരു ചുക്കും വരാനില്ലെന്ന് പറയുന്ന സഖാക്കളോടൊപ്പം നിന്ന് ഞാനും വിളിക്കുന്നു – നിങ്ങക്കെന്നാ കോൺഗ്രസേ.
നമ്മുടെ ആരോഗ്യത്തെക്കുറിച്ച് സർവീസിൽ ഇരുന്ന കാലത്തും , വിരമിച്ച പ്പോഴും സർവ്വെ നടത്തി അതിലെ വിവരങ്ങളിലൂടെ നമ്മെ കരുതുന്ന നീതിമാനായ രാജിവ് സദാനന്ദൻ സാർ സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് സർക്കാരിനെയും നമ്മളേയും രക്ഷിക്കട്ടെ .

ഇപ്പോഴും എപ്പോഴും സർവ്വെകൾക്ക് സ്തുതിയായിരിക്കട്ടെ !

റോയ് മാത്യു