കവിതയും ആസ്വാദനവും

കവിത : മനുഷ്യൻ
കവയിത്രി : ശ്രീമതി സുനുകൃഷ്ണ
ആസ്വാദനം :ഉദയ് നാരായണൻ
മനുഷ്യൻ
**********
ഒരു കൊച്ചു സ്വപ്നം തളിർക്കുന്നുവോ
നിറസന്ധ്യയിൽ ദീപം തെളിയുന്നുവോ
മാലേയഗന്ധം പടരുന്നുവോ …… “പ്രണയം”
ഈറൻ നിലാവിൽ മയങ്ങുവോ

മോഹമൊരുകുഞ്ഞു കാറ്റിൽ
പറക്കുന്നുവോ…..
ഒരിളംതെന്നലായ്
മാറുന്നുവോ… … “സ്നേഹം ”
അറിയാതെയലസമായ്
പാടുന്നുവോ…… “മാനസം”
പുഴപോലെ
കണ്ണീരൊഴുകുന്നുവോ

കർമ്മത്തിലിടനെഞ്ചു –
തേങ്ങിപ്പിടയുന്നുവോ …
ഭ്രാന്തമായ് ഒരു –
വേളയലറുന്നുവോ
ജീവിതനൗകയാടിയുല-
യുന്നുവോ..
ജീവന്റെ കണികയിൽ
താളം നിലയ്ക്കുന്നുവോ….
ആറടി മണ്ണിലമരുന്നുവോ…
സ്വപ്നങ്ങളെല്ലാം പൊലിയുന്നുവോ…

സ്നേഹ ബന്ധങ്ങളെല്ലാം
തകരുന്നുവോ….
വീണ്ടുമൊരു ജനിമൃതി
തേടിയലയുന്നുവോ…
ജന്മ സായൂജ്യം നേടുവതിനായ്
വീണ്ടുമൊരു പുനർജന്മം തേടുന്നുവോ ?
==================
ആസ്വാദനം
=======

“ജന്മ ജന്മാന്തര പുണ്യപൂവല്ലിതൻ
പൊന്മലരാണത്രേ മർത്ത്യജന്മം.
തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്‌
സൃഷ്ടിച്ചതാണുപോൽ മാനുഷനെ.”

ചങ്ങമ്പുഴയുടെ ചരത ചിന്തകളിൽ ഇത്ഥം ചിൽപ്പുരുഷത്വ വിശേഷണത്തോടു കൂടിയതാണ് നരജന്മമെങ്കിലും ആകുലമെന്നോ വ്യാകുലമെന്നോ വിളിക്കപ്പെടേണ്ടുന്ന വ്യഥിത വികാരങ്ങളിൽ വഴിമുട്ടിയുഴറുന്ന വെറും മനുഷ്യൻ ഞാനുൾപ്പെടുന്ന മാനവസമുച്ചയം എന്ന് ഉദ്‌ഘോഷിക്കുകയാണ് ബഹുഭാഷാ അവഗാഹയും കവയിത്രിയുമായ ശ്രീമതി. സുനുകൃഷ്ണ തന്റെ ‘മനുഷ്യൻ’ എന്ന കവിതയിലൂടെ ചെയ്യുന്നത്.

“ഒരു കൊച്ചു സ്വപ്നം തളിർക്കുന്നുവോ..?
നിറസന്ധ്യയിൽ ദീപം തെളിയുന്നുവോ..?
മാലേയ ഗന്ധം പടരുന്നുവോ..?
പ്രണയം ഈറൻ നിലവിൽ മയങ്ങുന്നുവോ…?”

മാലേയഗന്ധവീചികൾ അന്തിമാനത്ത് ചേക്കേറുന്ന വർണ്ണാഭയോടെ മനമതിൽ പ്രണയ കനവിന്റെ കനക കണികകൾ വിതറണമെന്ന വലിയ ചെറിയ മോഹത്തോടൊപ്പം തന്നെ ഉദയം കൊള്ളുകയാണ് അഭാജ്യ ആശങ്കകളും എന്ന് സൂചിപ്പിക്കുന്ന ആരംഭ വരികളും അനുബന്ധ വരികളും വളരെയധികം ജീവന ഗന്ധി തന്നെ എന്നതിൽ സംശയമേതുമില്ല.

“ മോഹമൊരുകുഞ്ഞു കാറ്റിൽ
പറക്കുന്നുവോ…..
ഒരിളംതെന്നലായ്
മാറുന്നുവോ…”സ്നേഹം ”
അറിയാതെയലസമായ്
പാടുന്നുവോ……”മാനസം”
പുഴപോലെ
കണ്ണീരൊഴുകുന്നുവോ “

മാനസ മൺചിരാതിൽ പൂർണ്ണേന്ദുപ്പ്രഭ ചൊരിയും നിറതിരികൾ പോലെ ദ്വിതയ ഭാഗേ സ്ഥിതി കൊള്ളും മോഹവും സ്നേഹവും ഒരു ഞാറ്റടിപ്പാട്ടുപോലെ അലകളായി അലിഞ്ഞലിഞ്ഞില്ലാതാകുമ്പോൾ കവയിത്രിയുടെ ചകിത ഹൃദയം ചെറുനദിയായി ഒഴുകുന്ന കാല്പനികതയുയർത്തുന്ന കൗതൂഹലം ഏറെ കരൾ സ്പർശിതം.

“കർമ്മത്തിലിടനെഞ്ചു –
തേങ്ങിപ്പിടയുന്നുവോ …
ഭ്രാന്തമായ് ഒരു –
വേളയലറുന്നുവോ
ജീവിതനൗകയാടിയുല-
യുന്നുവോ..
ജീവന്റെ കണികയിൽ
താളം നിലയ്ക്കുന്നുവോ….
ആറടി മണ്ണിലമരുന്നുവോ…
സ്വപ്നങ്ങളെല്ലാം പൊലിയുന്നുവോ…”

മാനവർ വേദപ്രമാണദ്വയത്തിൽ അധിഷ്ഠിതമായി കർമ്മോൽസുകരെങ്കിലും അതിജീവനച്യുതിയിലെന്നപോലെ വലുതല്ലാ വാഞ്ഛകളിലും അഭംഗം ഭവിക്കുമ്പോൾ ജീവിതനൗക ഏതു നിമിഷവും മറുകര കാണാതെ അറിയാത്ത ആഴങ്ങളിൽ ആഴ്ന്നുപോകുമോ എന്ന ആശങ്ക വരികളിലൂടെ വായനാ ഹൃത്തിലും എത്തിക്കുന്നതിൽ കവയിത്രി പൂർണ്ണത കൈവരിച്ചിരിക്കുന്നു.

“സ്നേഹ ബന്ധങ്ങളെല്ലാം
തകരുന്നുവോ….
വീണ്ടുമൊരു ജനിമൃതി
തേടിയലയുന്നുവോ…
ജന്മ സായൂജ്യം നേടുവതിനായ്
വീണ്ടുമൊരു പുനർജന്മം തേടുന്നുവോ ?”

ആധിയാശങ്കകളുടെ ആധിക്യം ആവരണം ചെയ്തിരിക്കുന്ന ചിന്തകൾ മൂലം ജനിമൃതികളിൽ അന്തർലീനമായിരിക്കുന്ന അർത്ഥ അന്വേഷണത്തിനായി,ജന്മസായൂജ്യത്തിനായി പുനർജന്മ ചിന്തകളിലേക്ക് കവയിത്രിമനം ചേക്കേറുന്നതാണ് വരികളുടെ അന്ത്യ അന്തസ്സത്ത.
സൃഷ്ടിപഥ സാരഥികൂടിയായ ശ്രീമതി സുനുകൃഷ്ണയ്ക്ക് എഴുത്തു വഴികളിൽ ഞാൻ വ്യക്തിപരമായും ഈ കൂട്ടായ്മയുടെ പേരിലും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു….

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ