കറന്‍സി ഇല്ലാത്തതിനാല്‍ എടുക്കാന്‍ പറ്റാത്ത 500 കോടി

A woman takes rest next to a queue outside an ATM in Nehru Place on Sunday. Express photo by Oinam Anand. 04 December 2016

കൊച്ചി : പുതുവര്‍ഷത്തിലേക്ക് പുതിയ സാമ്പത്തിക പദ്ധതികളുമായി നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ട്രഷറിയില്‍ ഡെപ്പോസിറ്റായി കിടക്കുന്നത് 500 കോടി രൂപ. ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ കണക്ക് അനുസരിച്ചാണിത്.

സംസ്ഥാന സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ ഈ മാസം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയ തുകയാണ് കറന്‍സ് ആവശ്യത്തിന് ലഭിക്കാത്തതിനെ തുടര്‍ന്ന് അവിടെ തന്നെ കിടക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം സര്‍ക്കാര്‍ മുഴുവനായും നല്‍കിയെങ്കിലും അതില്‍ 500 കോടിയോളം രൂപ ഇനിയും ട്രഷറികളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുപോലെ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ തുകയും അവിടെ ഡെപ്പോസിറ്റായിട്ടുണ്ട്. അതിന്റെ കൃത്യമായ ഇനം തിരിച്ചുള്ള കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.

പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കറന്‍സി ലഭ്യമാകും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പുതിയ ശമ്പളം കൂടി ഇങ്ങനെ ട്രഷറി വഴിയായാല്‍ ജീവനക്കാര്‍ ഒരു പക്ഷേ വലയുന്ന സ്ഥിതി ഉണ്ടാകും.

വേണ്ട മാറ്റങ്ങള്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടരുമ്പോഴും കേരളത്തിലെ ബാങ്കിംഗ് മേഖലയെ പ്രത്യേകമായി കാണണം എന്നുള്ളതാണ് സര്‍ക്കാരിന്റെയും ധനകാര്യമേഖലയുടെയും ആവശ്യം. ഇടത്തരക്കാരുടെ ബാങ്കിംഗ് ഇടപാടുകള്‍ക്ക് കൂടുതല്‍ വേഗത വരണമെങ്കില്‍ ഇതുണ്ടാവണം എന്നാണ് കാരണമായി പറയുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാണിജ്യബാങ്കുകളുടെ പ്രാധാന്യം ഇടത്തരക്കാര്‍ക്കിടയില്‍ കേരളത്തില്‍ കുറവാണ്. കേരളത്തില്‍ വാണിജ്യബാങ്കുകള്‍ക്കൊപ്പം സ്ഥാനം സഹകരണ ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകളുടെ 7000 ബ്രാഞ്ചുകളില്‍ മൂന്നിലൊന്നിലേറെ സഹകരണ മേഖലയുടേതാണ്.

കേരളത്തിലെ ഡെപ്പോസിറ്റുകളുടെ 60 ശതമാനവും സഹകരണ മേഖലയുടേതാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഈ തുക 20 ശതമാനം വരും.

നിശ്ചലമായി നോണ്‍ ബാങ്കിംഗ് മേഖലമറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്ക് കേരളത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കേരളം ആസ്ഥാനമാക്കിയുള്ള നോണ്‍ ബാങ്കിംഗ് കമ്പനികള്‍ക്ക് 4236 ബ്രാഞ്ചുകളുണ്ട്.

ഇവയ്ക്ക് 1.4 കോടി വായ്പാ അക്കൗണ്ടുകളും 5 കോടി രൂപയുടെ ഔട്ട് സ്റ്റാന്‍ഡിംഗ് വായ്പയുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കെ.എസ്.എഫിയില്‍ 15,000 ചിട്ടികളും സഹകരണ സംഘങ്ങള്‍ 35,000 പ്രതിമാസ ഡെപ്പോസിറ്റ് സ്‌കീമുകളും നടത്തുന്നു. ഇതിനെല്ലാം പുറമേ 2 ലക്ഷത്തില്‍പ്പരം കുടുംബശ്രീയും സ്വയംസഹായ സംഘങ്ങളും ഉണ്ട്.

ഇവയുടെ പണമിടപാട് 2000 കോടിയിലേറെ വരും. ഈ ബാങ്കേതര മേഖലകളും നോട്ടു റദ്ദാക്കലിനെ തുടര്‍ന്ന് നിശ്ചലമായി. ഇവരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ട്.