ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ് : വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി നടത്തുന്നതായി ആരോപണം

ഓര്‍ത്തഡോക്സ് സഭയിലെ ആല്‍മായ പ്രമുഖന്റെ നേതൃത്വത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി.

ഇടവകകളിലെ വോട്ടേഴ്‌സ് ലിസ്റ്റ് ഉപയോഗിച്ച് ആല്‍മായ പ്രമുഖന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി വിലപേശല്‍ നടത്തുന്നു. 

ഇദ്ദേഹത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടും മലങ്കര മെത്രാപ്പോലീത്ത നടപടി എടുക്കുന്നില്ല

– ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക് –

കോട്ടയം : ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ വ്യാപക തിരിമറി നടക്കുന്നതായി ആക്ഷേപം. ഇടവകകളില്‍ നിന്നുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ സഭയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു പ്രമുഖ ആല്‍മായ പ്രമുഖന്‍ ക്രമക്കേട് നടത്തുന്നതായാണ് പരാതി.

ഈ ആല്‍മായ പ്രമുഖന്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ തിരിമറി നടത്തുന്നത്. ഇടവകകളില്‍ നിന്നുള്ള വോട്ടേഴ്‌സ് ലിസ്റ്റ് ഉപയോഗിച്ച് അസംബ്ലി, ലോക്‌സഭ മണ്ഡലങ്ങളിലെ ഓര്‍ത്തഡോക്‌സ് വോട്ടര്‍മാരുടെ ലിസ്റ്റുണ്ടാക്കി ഇയാള്‍് രാഷ്ട്രീയ പാര്‍ട്ടികളുമായി ഇദ്ദേഹം വിലപേശല്‍ നടത്തുകയാണെന്നാണ് പരാതി. കാതോലിക്കേറ്റ് ഓഫീസിലെ രേഖകളിലും വോട്ടേഴ്‌സ് ലിസ്റ്റിലും ഇത്തരം തിരിമറികള്‍ നടത്തുന്ന വിവരം കാത്തോലിക്ക ബാവ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് സഭയിലെ ഒരു പ്രമുഖ നേതാവ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

നിലവിലെ വോട്ടേഴ്‌സ് ലിസ്റ്റ് ഉപയോഗിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനെന്ന വ്യാജേന രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വേണ്ടപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും സ്ഥാനമാനങ്ങള്‍ വാങ്ങി നല്‍കുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. വോട്ടേഴ്‌സ് ലിസ്റ്റിന്റെ ദുരുപയോഗം തടയാന്‍ മലങ്കര മെത്രാപ്പോലീത്ത അടിയന്തിരമായി ഇടപെടണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

ഇതിനിടെ വൈദിക സെമിനാരി പ്രിന്‍സിപ്പലിനെ മത്സരരംഗത്തേക്ക് കൊണ്ടു വരുന്നതിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സ്ഥാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് മത്സരിക്കുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നാണ് ഇവരുടെ ആരോപണം. ഇതിനിടെ കാത്തോലിക്ക ബാവയുടെ പ്രൈവറ്റ് സെക്രട്ടറി മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്.

കാത്തോലിക്ക ബാവയുടെ ഓഫീസ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ സഭയ്ക്കുള്ളില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.