കേരളത്തില്‍ ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ ആദ്യ പിഴ 200 രൂപ,ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി . നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും . നിര്‍ദ്ദേശം തെറ്റിച്ചത് ആദ്യം 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി .

വീടുകളില്‍ നിര്‍മ്മിച്ച തുണി കൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.