കോവിഡ്19; പ്രതിരോധപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ

ലോകമൊട്ടോകെ കൊറോണ എന്ന മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ പ്രതിരോധപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കളായ ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ.

ഇതിന്റെ ഭാഗമായി മെഡിക്കല്‍ കിറ്റ്, സുരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ ധനസഹായമാണ് എഫ്‌സിഎ പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ, പൂണെ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ഫിയറ്റ്-ക്രൈസ്ലറിന്റെ സഹായമെത്തുന്നത്. ഇതിനുപുറമെ, ഈ സ്ഥലങ്ങളിലെ കോവിഡ് ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കാനും കമ്പനി മുന്‍കൈ എടുക്കുന്നുണ്ട്. പല സ്ഥലങ്ങളിലേയും സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ച് വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കാനും എഫ്‌സിഎ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നതിനും മറ്റുമായി വൊളെന്ററി ഹെല്‍ത്ത് സര്‍വ്വീസ് എന്ന സംഘടനയുമായി എഫ്‌സിഎയുടെ എന്‍ജിനിയര്‍മാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനൊപ്പം പൂണെയിലെ നായിഡു ക്ലീനിക്കിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എഫ്‌സിഎ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ ആരോഗ്യരംഗം കടുത്ത വെല്ലുവിളി നേരിടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും എഫ്‌സിഎ മുന്നിരയിലുണ്ടാകുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എഫ്‌സിഎം ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരു വിഹിതം നല്‍കുമെന്ന് അറിയിച്ചതില്‍ അഭിമാനമുണ്ടെന്നും എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ് അറിയിച്ചു.