BREAKING NEWS: നിംസ് ഉടമകള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്: പണം തിരികെ ആവശ്യപ്പെട്ട പ്രവാസിക്ക് മര്‍ദ്ദനം

നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രി ഉടമകള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് 

പ്രവാസിയില്‍ നിന്ന് 25 ലക്ഷം വാങ്ങി തിരികെ നല്‍കിയില്ല

പണംനല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു

കാറ് തടഞ്ഞുവെയ്ക്കുകയും ചെക്ക് തട്ടിയെടുക്കാനും ശ്രമം

പ്രവാസി സംഘടനകള്‍ നിംസിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു

-നിയാസ് കരീം-

തിരുവനന്തപുരം: നൂറുല്‍ ഇസ്ലാം ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഡോ.എ.പി. മജീദ്ഖാന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും എ.പി. മജീദ്ഖാന്റെ മകനുമായ ഫൈസല്‍ഖാന്‍ എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പോലീസ് കേസ്. പ്രവാസിയില്‍ നിന്ന് പണംവാങ്ങി തിരികെ നല്‍കാതെ കബളിപ്പിച്ചതിനും പണംതിരികെ ആവശ്യപ്പെട്ട ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസ്. തിരുവനന്തപുരം സ്വദേശിയും 29 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന എച്ച്. നൂറുദ്ദീന്റെ പരാതിയിലാണ് പൂജപ്പുര പോലീസ് കേസെടുത്തിരിക്കുന്നത്.

വര്‍ഷങ്ങളായി നൂറുല്‍ ഇസ്ലാം ഗ്രൂപ്പുമായി സൗഹൃദമുണ്ടായിരുന്ന നൂറുദ്ദീനില്‍ നിന്നും 25 ലക്ഷം രൂപ മജീദ്ഖാന്‍ കടം വാങ്ങിയിരുന്നു. വഞ്ചിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 10 സെന്റ് സ്ഥലവും നാലുനില കെട്ടിടവും വാങ്ങുന്ന ആവശ്യം പറഞ്ഞാണ് നൂറുദ്ദീനില്‍ നിന്ന് മജീദ്ഖാന്‍ പണം വാങ്ങിയത്.

ഉടനെ തിരികെ നല്‍കാമെന്ന് പറഞ്ഞുവാങ്ങിയ ഈ പണത്തിന് ചെക്ക് നൂറുല്‍ഇസ്ലാം എജുക്കേഷണല്‍ ട്രസ്റ്റിന്റെ പേരില്‍ നൂറുദ്ദീന് നല്‍കിയിരുന്നു. പറഞ്ഞതനുസരിച്ച് പണം തിരികെ കിട്ടാനായി ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും നൂറുദ്ദീന് കാശ് കിട്ടിയില്ലാ. പലതവണ മജീദ്ഖാനോട് കാശ് ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതിനിടയ്ക്ക് നൂറുദ്ദീന്‍ തിരികെ വിദേശത്തേക്ക് പോകുകയും ചെയ്തു.

പ്രവാസി മലയാളി നൂറുദ്ദീനെ നിംസ് എജുക്കേഷന്‍ ട്രസ്റ്റ് ആസ്ഥാനത്തു വെച്ച്  ഉടമകളുടെ ഗുണ്ടാ സംഘം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണുക

പണം തിരികെ കിട്ടുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ച നൂറുദ്ദീനോട് നവംബര്‍ 16ന് പണം തിരികെയേല്‍പ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലേക്ക് വിളിച്ചുവരുത്തി.

നാട്ടിലെത്തിയ നൂറുദ്ദീനില്‍ നിന്ന് മജീദ്ഖാന്‍ തന്റെ സ്വാധീനവും ഗുണ്ടായിസവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെക്ക് കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. നൂറുല്‍ ഇസ്ലാം ട്രസ്റ്റിന്റെ തക്കലയിലെ ഹെഡ് ഓഫീസില്‍ നൂറുദ്ദീനെ നവംബര്‍ 19ാം തീയതി വിളിച്ചുവരുത്തി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെക്ക് തട്ടിയെടുക്കുന്നതിനായ് കാറ് തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട നൂറുദ്ദീനെതിരെ കള്ളക്കേസ് കൊടുക്കാനും മജീദ്ഖാനും അദ്ദേഹത്തിന്റെ ഗുണ്ടകളും ശ്രമിച്ചുവെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

fir-against-nims-thewifireporter

ഗൂഢാലോചന, തടഞ്ഞുവെയ്ക്കല്‍, വഞ്ചന തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസിന്റെ ഇടപെടലിലാണ് നൂറുദ്ദീന് അദ്ദേഹത്തിന്റെ കാറ് തിരികെ കിട്ടിയത്. ഇതുസംബന്ധിച്ച് പൂജപ്പുര പോലീസ് 1441/2016 ാം നമ്പറായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ നിയമവ്യവസ്ഥകളെപ്പോലും വെല്ലുവിളിക്കുന്നതരത്തിലാണ് മജീദ്ഖാന്റെയും നൂറുല്‍ ഇസ്ലാം ട്രസ്റ്റിന്റെ പ്രവര്‍ത്തനമെന്ന് നൂറുദ്ദീന്റെ പരാതിയില്‍ ആരോപിക്കുന്നു.

പിന്നീട്, കോടതിയെ സമീപിച്ച നൂറുദ്ദീന്‍ നൂറുല്‍ ഇസ്ലാം എജുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നൂറുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കെട്ടിടങ്ങള്‍ അറ്റാച്ച് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ മജീദ്ഖാന്‍, മകന്‍ ഫൈസല്‍ഖാന്‍, നൂറുല്‍ ഇസ്ലാം സെക്യൂരിറ്റി ഓഫീസല്‍ കൃഷ്ണന്‍നായര്‍, സെക്യൂരിറ്റി ഗുണ്ട മണികണ്ഠന്‍, കണ്ടാല്‍ അറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തു. പ്രവാസിക്കുവേണ്ടി അഡ്വ. രാജീവ് രാജധാനി, അഡ്വ. രാജേശ്വരി എന്നിവര്‍ മുഖേന പ്രതികളുടെ വഞ്ചനക്കെതിരെ തിരുവനന്തപുരം വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൂജപ്പൂര വഞ്ചനാക്കുറ്റത്തിന് ക്രൈം നമ്പര്‍ 1441/16 ആയി ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. കൂടാതെ തിരുവനന്തപുരം സബ് കോടതിയില്‍ ഒ.എസ് 188/2016 നമ്പറില്‍ ഐ.എ.40.41/16 നമ്പറിലുള്ള ഓര്‍ഡര്‍ പ്രകാരം നൂറുദ്ദീന്റെ പരാതിപ്രകാരമുള്ള മജീദ്ഖാന്റെ പട്ടിക വസ്തുക്കള്‍ അറ്റാച്ച് ചെയ്ത് ഉത്തരവ് ഉണ്ടായിട്ടുള്ളതുമാണ്.
എന്നാല്‍, തനിക്കെതിരെ കേസുള്ളതായും 26ാം തീയതി വാദം കേള്‍ക്കുന്നതിനായി കോടതിയില്‍ വിളിച്ചിട്ടുണ്ടെന്നും നിംസ് ചെയര്‍മാന്‍ മജീദ്ഖാന്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. നിയമപരമായി ഇതിനെ ഈ കേസിനെ നേരിടുമെന്നു അദ്ദേഹം അറിയിച്ചു.