തിയേറ്ററില്‍ മദ്യം വില്‍ക്കുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദ്ദേശവുമായി സംവിധായകന്‍ നാഗ് അശ്വന്‍

തിയേറ്ററില്‍ മദ്യം വില്‍ക്കുന്നത് ആളുകളെ കൂട്ടാനും സിനിമാസ്വാദനം മെച്ചപ്പെടുത്താനും നല്ലതായിരിക്കുമെന്ന നിര്‍ദ്ദേശവുമായി സംവിധായകന്‍ നാഗ് അശ്വന്‍. ലോക്ക് ഡൗണ്‍ തിയേറ്റര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സമയത്ത് തിയേറ്റര്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പ്രതിസന്ധി മറികടക്കാന്‍ മദ്യം വിളമ്പുന്നത് നന്നായിരിക്കുമെന്ന് നാഗ് അശ്വിന്‍ പറയുന്നു.വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ തിയേറ്ററില്‍ മദ്യം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ നാഗ് അശ്വന്റെ നിര്‍ദ്ദേശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ മദ്യം ഒരു ലഘുപാനീയം അല്ലെന്നും അതുകൊണ്ടു തന്നെ അത് സുലഭമായി തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നും അവര്‍ പറയുന്നു.

ഇന്ത്യയില്‍ ഗാര്‍ഹിക പീഡനത്തിന്റെ നിരക്ക് ചൂണ്ടിക്കാട്ടിയും ചിലര്‍ പ്രതികരിച്ചു. മദ്യം സുലഭമല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും മദ്യപാനികളായവരുടെ എണ്ണം കൂടുതലാണ്. മദ്യത്തോടുള്ള അമിതാസക്തിയുടെ ഇരകള്‍ പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. തിയേറ്ററുകളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുമ്പോള്‍ മദ്യം വിളമ്പുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.

അതേസമയം, നാഗ് അശ്വിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. മദ്യം സുലഭമായത് കൊണ്ട് എല്ലാവരും മദ്യപാനികള്‍ ആകില്ലെന്നും ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം എന്ന പുതിയ ശീലമാണ് നമ്മുടെ സമൂഹം പരിചയിക്കേണ്ടതെന്നും അവര്‍ പറയുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാഗ് അശ്വിന്‍. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവേരക്കൊണ്ട, സാമന്ത അകിനേനി എന്നിവരായിരുന്നു മറ്റു പ്രധാനതാരങ്ങള്‍.

2018 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സാമ്പത്തിക വീജയം കൈവരിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രഭാസിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നാഗ് അശ്വിനിപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ