ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പലയിടത്തും ലംഘിക്കപ്പെടുന്നു ;അതീവ ഗുരുതരമായ അവസ്ഥയിൽ കേരളവും

അതീവ ഗുരുതരമായ അവസ്ഥയെയാണ് കേരളവും ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അനുസരണക്കേടിന്റെ പരിണിത ഫലം, നാട് ഒന്നാകെയാണ് അനുഭവിക്കേണ്ടി വരുന്നത്.

ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പലയിടത്തും ലംഘിക്കപ്പെടുകയാണ്.പാസില്ലാതെയും, ഒളിച്ചും, കേരളത്തിലെത്തുന്നവരും നാട്ടില്‍ ഭീതി വിതച്ചുകഴിഞ്ഞു.
ഉത്തരവാദിത്വപ്പെട്ട പൊതു പ്രവര്‍ത്തകര്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്.

മഹാരാഷ്ട്രയില്‍ നിന്നും ചരക്ക് ലോറിയില്‍ വന്ന ബന്ധുവിനെ അതിര്‍ത്തി കടത്തിയ പ്രാദേശിക നേതാവിനെയാണ് സി.പി.എം തള്ളിക്കളഞ്ഞിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ് ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊടിയുടെ നിറം നോക്കാതെ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടിയാണിത്.

അതേ സമയം, വാളയാറില്‍ ബഹളമുണ്ടാക്കുകയും, കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുകയും ചെയ്ത, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ജനപ്രതിനിധികളായ ഈ നേതാക്കളുടെ നടപടിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സ് നേതൃത്വവും തയ്യാറായിട്ടില്ല.പാസില്ലാത്തയാളെ താന്‍ അതിര്‍ത്തി കടത്തിവിട്ടു എന്നു പറഞ്ഞ എം.എല്‍.എയും ഇക്കൂട്ടത്തിലുണ്ട്.എം.പിമാരായ രമ്യ ഹരിദാസ്, വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കരെ എന്നിവരോട് ക്വാറന്റൈനില്‍ പോകാന്‍ പറഞ്ഞപ്പോള്‍, അതിനെ രാഷ്ട്രിയ പ്രേരിതമായ നടപടിയായി വിലയിരുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ് ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. പുറത്തിറങ്ങി നില്‍ക്കുന്ന രമ്യയുടെ ചിത്രം, അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. വിവാദമായതിനെ തുടര്‍ന്ന് പിന്നീട് ഈ ചിത്രം, ഡിലിറ്റ് ചെയ്യുകയാണുണ്ടായത്.

മറ്റൊരു കോണ്‍ഗ്രസ്സ് എം.എല്‍.എയായ റോജി എം ജോണും ഇപ്പോള്‍ സാമൂഹിക അകലം ലംഘിച്ചിട്ടുണ്ട്. കാലടിയില്‍ നടന്ന മാസ്‌ക് വിതരണ ചടങ്ങിലാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നിരിക്കുന്നത്.
അറുപതോളം കുട്ടികളെ സംഘടിപ്പിച്ചായിരുന്നു എം.എല്‍.എയുടെ ‘മാസ്‌ക് ഷോ’ അരങ്ങേറിയിരുന്നത്. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളും ഈ ചടങ്ങിനെത്തിയിരുന്നു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ആയിരുന്നു ചടങ്ങ് പൂര്‍ണ്ണമായും നടന്നിരുന്നത്. സാമൂഹിക അകലം എന്നത് കേട്ടുകേള്‍വി പോലുമില്ലന്ന് തോന്നിക്കുന്ന വിധത്തില്‍, കുട്ടികളെ ചേര്‍ത്ത് നിര്‍ത്തിയായിരുന്നു മാസ്‌ക് വിതരണം. ഒടുവില്‍ ഗ്രൂപ്പ് ഫോട്ടോയും എടുത്തിട്ടാണ് എം.എല്‍.എയും സംഘവും പിരിഞ്ഞിരിക്കുന്നത്.

കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസ്സ് ഏര്‍പ്പാടാക്കിയ ബസില്‍ യാത്ര ചെയ്തവരെ കോട്ടയത്ത് ഇറക്കിവിട്ടതും വലിയ വീഴ്ച തന്നെയാണ്. ഇതേതുടര്‍ന്ന്, കോട്ടയം ജില്ലയിലേക്കുള്ള പാസില്ലാത്ത രണ്ട് പേര്‍ക്കെതിരെയും, ഇവരെ കൊണ്ടുവന്ന ഡ്രൈവര്‍ക്കെതിരേയും, പൊലീസ് കേസെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് വന്ന തങ്ങളെ കോട്ടയത്ത് ഇറക്കിവിട്ടെന്ന പരാതിയുമായി
മെയ് 14ന് രാത്രി ഏഴ് മണിക്കാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ടുപേര്‍ എത്തിയിരുന്നത്. കെപിസിസി ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് എത്തിയതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ഒരാള്‍ക്ക് പത്തനംതിട്ടയിലേക്കും മറ്റേയാള്‍ക്ക് ആലപ്പുഴയിലേക്കുമാണ് പാസെന്ന്, പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. പാസില്ലാതെ ജില്ലയില്‍ പ്രവേശിച്ചതിന് അടൂര്‍ സ്വദേശി വിനോദ്, നെടുമുടി സ്വദേശി ജീവന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേരെയും കോട്ടയം അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവരെ ഇറക്കി വിട്ടിട്ട് പോയ ബസും പൊലീസ് പിടികൂടിയിട്ടുണ്ട്. 25 ലധികം പേരുമായാണ് ബസ് എത്തിയിരുന്നത്.

മാനദണ്ഡങ്ങള്‍ ലംഘിച്ചും, പാസും അനുമതിയുമില്ലാതെയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍, കണ്ണുര്‍ ജില്ലയിലേയ്ക്കും ആളുകളെ കൊണ്ടുവരുന്നുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും ആംബുലന്‍സില്‍ തലപ്പാടി അതിര്‍ത്തി വഴിയാണ് ആള്‍ക്കടത്ത് നടത്തുന്നത്.ഇതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തായിട്ടുണ്ട്.ഇത്തരം ആംബുലന്‍സുകള്‍ പോലീസ് തടഞ്ഞപ്പോള്‍ വിടുവിക്കാന്‍ ഇടപെട്ടതും ഒരു കോണ്‍ഗ്രസ്സ് എം.പി നേരിട്ടായിരുന്നു.

ജനപ്രതിനിധികളുടെ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന എഫക്ടാണ്, ഇപ്പോള്‍ വര്‍ദ്ധിച്ച് വരുന്ന കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. ഇക്കാര്യത്തില്‍ വലിയ സംഭാവനയാണ് നാട്ടില്‍ കോണ്‍ഗ്രസ്സ് ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്‍മാറാന്‍ ഖദര്‍ധാരികള്‍ തയ്യാറാവണം. ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാറിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടത്.അതല്ലങ്കില്‍, ഈ സിസ്റ്റം തന്നെ തകര്‍ന്ന്, വൈറസുകളുടെ താണ്ഡവത്തിലാണ് കലാശിക്കുക.ഇതിനകം തന്നെ ശവപ്പറമ്പായി മാറിയ ഇറ്റലിയിലേയും, ബ്രിട്ടനിലേയും, അമേരിക്കയിലേയും ദൃശ്യങ്ങള്‍ ആരും തന്നെ മറന്ന് പോകരുത്.

കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടമാണിത്. ഇനിയും അശ്രദ്ധ കാട്ടിയാല്‍ വലിയ വിലയാണ് കേരളവും കൊടുക്കേണ്ടി വരിക. സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ, ആക്രമണമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വയനാട്ടില്‍, ചെന്നൈയില്‍നിന്ന് വന്ന ഒരൊറ്റ രോഗിയില്‍നിന്ന് 15 പേരിലേക്കാണു കോവിഡ് പകര്‍ന്നിരിക്കുന്നത്. മുംബൈയില്‍നിന്നെത്തിയ ആളില്‍നിന്നും, കാസര്‍ഗോട്ടെ 5 പേരിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്.
കോവിഡിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കാലാവസ്ഥ മാറുന്നതും വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടിയേക്കാമെന്നാണ്, വിദേശ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങളും
സൂചിപ്പിക്കുന്നത്.

രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതരുണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പാലക്കാട്, കാസര്‍കോട്, ഇടുക്കി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ വൈറസ് ബാധയും, നമ്മെ ഏറെ ഭയപ്പെടുത്തുന്നതാണ്.

മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടാനാണ് സാധ്യത. ടെസ്റ്റ് കൂട്ടണമെന്നും, ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ്, ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക മാത്രമാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ള ഏക പോംവഴി. ഇക്കാര്യത്തില്‍ ഓരോ വ്യക്തിയും സ്വയം ജാഗ്രത പാലിക്കുകയാണ് വേണ്ടത്.