സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്.

വായ്പാ പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനത്തിന് 18000 കോടി രൂപ വായ്പയെടുക്കാനാവും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആ നിബന്ധനകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ നിബന്ധനകളെ കുറിച്ച് ചര്‍ച്ച വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ മുപ്പത്തയ്യായിരം കോടിയുടെ വരുമാന ഇടിവ് ഈ വര്‍ഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷെ വായ്പാ പരിധി ഉയര്‍ത്തി പൂര്‍ണമായി കിട്ടിയാലും 18,087 കോടിയേ അധികമായി വായ്പ കിട്ടൂ. നമ്മുടെ വരുമാന ഇടിവിന്റെ പാതി മാത്രമേ നികത്താന്‍ കഴിയൂ. അതിനാല്‍ ജിഎസ്ടി കുടിശിക കേന്ദ്രം ഉടന്‍ അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി വേണം. എങ്കില്‍ മാത്രമേ ന്യായമായ നിരക്കില്‍ വായ്പ കിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളുടെ യാത്ര 15% സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം പരിശോധിക്കും. ഇതിനായി ചില സമിതികളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.