13 കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 81 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്‍പ്പെടുത്തി. പാലക്കാട്ടെ 10 പ്രദേശങ്ങളും തിരുവനന്തപുരത്തെ മൂന്ന് പ്രദേശങ്ങളുളെയുമാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു.

ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസുകള്‍ മാത്രമായിരിക്കും തുറക്കുക.

അതേസമയം സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് 10 പേര്‍ക്കും പാലക്കാട് 8 പേര്‍ക്കും, ആലപ്പുഴയില്‍ 7പേര്‍ക്കും കൊല്ലത്ത് 4 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 2 പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. തമിഴ്നാട് (അഞ്ച്) തെലങ്കാന (ഒന്ന്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങില്‍നിന്ന് വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1004 ആയി ഉയര്‍ന്നു. 445 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

വിദേശങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി. അവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി.