ഇന്ത്യ-ചൈന തര്‍ക്കം; ഇക്കുറി സംഘര്‍ഷം അഞ്ച് തന്ത്രപ്രധാന മേഖലകളില്‍

ന്യൂഡല്‍ഹി ഇന്ത്യ-ചൈന സംഘര്‍ഷം മറുകുമ്പോള്‍ ഇക്കുറി ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പരാഗതമായ അഭിപ്രായ ഭിന്നതയുള്ള കിഴക്കന്‍ ലഡാക്കിലെ അഞ്ച് തന്ത്രപ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.

ഇന്ത്യ കോവിഡ് പ്രതിരോധത്തിനുള്ള തീവ്രശ്രമം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയാന്‍ തുടങ്ങിയത്. മേയ് 5,6 തീയതികളില്‍ പാന്‍ഗോങ് തടാകത്തിനു സമീപം ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷത്തിനു തുടക്കമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പാന്‍ഗോങ്ങി തടാകത്തിനു സമീപത്തെ പ്രശ്നത്തിനു ശേഷം തെക്ക് ഡെംചോക് മേഖലയിലും പാന്‍ഗോങ് തടാകത്തിന്റെ കിഴക്കന്‍ തീരത്ത് ഫിന്‍ഗേഴ്സ് മേഖലയിലും ചൈനീസ് സൈനികരുടെ കടന്നുകയറ്റുമുണ്ടായി. ഗാല്‍വന്‍ നദീതടത്തിലും ഗോഗ്ര പോസ്റ്റിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. പടിഞ്ഞാറ് ദൗലത് ബേഗ് ഓള്‍ഡി മേഖലയിലും ചൈനീസ് നീക്കമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചൈനയുടെ നീരസത്തിന്റെ പ്രധാനകാരണം തെക്കുഭാഗത്തുള്ള ദുബ്രുക്കില്‍നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായ ഈ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരുന്നതാണ്. ഇവിടെ ചൈനയുടെ റോഡ് നിര്‍മാണങ്ങളുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ, നിര്‍ണായകമായ പാത നിര്‍മിച്ചത് ചൈനയ്ക്ക് ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയാത്ത കാര്യമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലം ഉദ്ഘാടനം ചെയ്തിരുന്നത്. സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തില്‍ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണത്.
ലഡാക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിയന്ത്രണരേഖയില്‍നിന്ന് അധികം ദൂരത്തല്ലാത്ത ഷയോക്ക് നദിക്കു സമാന്തരമായാണ് ഈ റോഡ് പോകുന്നത്.

ചൈനീസ് അധികൃതര്‍ ഏറെ ഗൗരവത്തോടെയാണ് ഈ നിര്‍മാണവും വിലയിരുത്തിയത്.സമാനമായി യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി റോഡ് പോകുന്നത് ഗാല്‍വന്‍ നദീ തടത്തിലാണ്. ഈ നദി ഷയോക്കിലാണു ചേരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാല്‍വന്‍ നദീ തടത്തില്‍ ചൈന വന്‍തോതില്‍ കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എത്ര ചൈനീസ് സൈനികര്‍ എത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് ഇതുവരെ കണ്ടെത്താനും ആയിട്ടില്ല.

ഗാല്‍വന്‍ നദീ തടത്തിനു സമീപത്തുള്ള റോഡിനരികില്‍ ചൈനീസ് ടെന്‍ഡുകളുടെ സാന്നിധ്യം ഉറപ്പിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തയിലേക്ക് 3-4 കിലോമീറ്റര്‍ വരെ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പാന്‍ഗോങ് തടാകത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഫിംഗര്‍ 5-നും എട്ടിനുമിടയിലും വന്‍തോതില്‍ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.

ഗാല്‍വന്‍ നദീതടത്തിനു തെക്കുകിഴക്കായാണ് നിയന്ത്രണ രേഖയ്ക്കു സമീപം ഗോഗ്ര ഇന്ത്യന്‍ പോസ്റ്റ്. ഈ പോസ്റ്റിനു സമീപത്തേ
യ്ക്കാണ് നിലവില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. അതേസമയം മേഖലയിലേക്കു ടാങ്കുകള്‍ ഉള്‍പ്പെടെ ചൈന എത്തിച്ചിട്ടുണ്ടോയെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

ലഡാക്കിന്റെ ഏറ്റവും തെക്കുഭാഗത്ത് തര്‍ക്കം നിലനില്‍ക്കുന്നത് ഡെംചോക് മേഖലയിലാണ്. ഇവിടെ ചൈന അതിശക്തമായ സൈനിക ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവിടേയ്്ക്ക് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍നിന്ന് നേരിട്ട് അക്സായ് ചിനിലേക്കു കടക്കാന്‍ പറ്റുന്നത് സബ് സെക്ടര്‍ നോര്‍ത്ത് (എസ്എസ്എന്‍) മേഖലയിലൂടെയാണ് ഇവിടെ യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടക്കുന്നത് ചൈനക്ക് സ്വീകാര്യമായ കാര്യമല്ല.
എന്നാല്‍ 2007-ല്‍ ഇന്ത്യ ഇവിടെ രണ്ട് റോഡുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു.
പുതുതായി നിര്‍മിച്ച റോഡില്‍നിന്ന് നിയന്ത്രണരേഖയിലേക്കു ഇടറോഡ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കം സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു.

പ്രശ്നപരിഹാരത്തിനായി നയതന്ത്ര, സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ കൃത്യമായ ധാരണയില്‍ എത്തിയിട്ടില്ല. അതേസമയം ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച നിലപാട്.