ബസില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമം: മദ്രസ അധ്യാപകനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു

മദ്രസാധ്യപകനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയവര്‍

വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി

യുവതിയുടെ ഭര്‍ത്താവ് ഉസ്താദിനെ ഇടിച്ചു പഞ്ഞിക്കിട്ടു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മദ്രസാധ്യാപകന്‍ ആശുപത്രിയില്‍

തിരുവനന്തപുരം – കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മദ്രസ അദ്ധ്യാപകനെ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം മദ്രസ ആധ്യാപകനായ അനസിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് വിഴിഞ്ഞത്ത് വച്ചാണ് മദ്രസ അദ്ധ്യാപകനെ നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും പരാതിയെ തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ മദ്രസ അദ്ധ്യാപകനെ അകാരണമായി മര്‍ദ്ദിച്ചു എന്ന പ്രചരണത്തെ തുടര്‍ന്ന് 200 ഓളം വരുന്ന ആളുകള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇയാളെ വിഴിഞ്ഞം കമ്മ്യണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തമ്പാനൂര്‍ നിന്നും വിഴിഞ്ഞം വഴി പൂവാറിലേക്കു പോവുകയായിരുന്ന ബസില്‍ വച്ചാണ് തനിക്കു നേരെ ഉസ്താദിന്റെ ശല്യം ഉണ്ടായതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കിഴക്കേകോട്ട ആയപ്പോഴേക്കും തിരക്ക് കൂടി. പിന്നില്‍ നിന്ന് ശല്യം ചെയ്യുന്നത് ഉസ്താദാണെന്നൊന്നും യുവതിക്കറിയില്ലായിരുന്നു. അവര്‍ വിവരം മൊബൈല്‍ ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചു. ബസ് കമലേശ്വരത്ത് എത്തിയപ്പോള്‍ ഭര്‍ത്താവ് ബൈക്കില്‍ എത്തി. യുവതി അവിടെ ഇറങ്ങി ഭര്‍ത്താവിന്റെ ബൈക്കില്‍ കയറി. യുവതിയും ഭര്‍ത്താവും ബസിനെ പിന്തുടര്‍ന്നു.

വിഴിഞ്ഞത്ത് എത്തിയപ്പോള്‍ ബസില്‍ നിന്ന ഇറങ്ങിയ മദ്രസ അദ്ധ്യാപകന്‍ അനസിനെ യുവതി കാണിച്ചു കൊടുത്തു. ഓടാന്‍ ശ്രമിച്ച ആയാളെ ഭര്‍ത്താവ് അടിച്ചു. കാര്യം തിരക്കിയ നാട്ടുകാരോട് അയാള്‍ വിവരം പറഞ്ഞു. വിഴിഞ്ഞം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഒരു സംഘം ഗുണ്ടകള്‍ മദ്രസ അദ്ധ്യാപകനെ മര്‍ദ്ദിച്ചുവെന്നും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും പ്രചരണം ഉണ്ടായതിനെത്തുടര്‍ന്ന് രാത്രിയോടുകൂടി നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി ബഹളം വെച്ചു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അനസിനെ ആശുപത്രിയിലേക്ക് വിട്ടയക്കുകയായിരുന്നു.