മണി പ്രതിതന്നെ: മന്ത്രിസ്ഥാനം തെറിച്ചേക്കും

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി പ്രതിയായി തുടരും

പ്രതിപക്ഷം പറഞ്ഞാല്‍ ഉടനെ രാജിവെക്കില്ലെന്ന് മന്ത്രി മണി

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും

തൊടുപുഴ കോടതിക്ക് മുകളിലും കോടതിയുണ്ടെന്ന് മണി

പ്രതിച്ഛായ നഷ്ടപ്പെട്ട സര്‍ക്കാരിന് കനത്ത തിരിച്ചടി

മന്ത്രി മണിയുടെ ഭാവി തുലാസ്സില്‍

ആറുമാസത്തിനിടെയില്‍ രണ്ടാമത്തെ മന്ത്രിയുടെ ഭാവിയും തുലാസ്സില്‍

 

കൊലപാതക കേസില്‍ പ്രതിയായ എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന ചോദ്യം രാഷ്ട്രീയ കേരളത്തില്‍ സജീവമാകുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയുടെ വിടുതല്‍ ഹരജി കോടതി തള്ളിയതോടെയാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് എം.എം. മണി.

അഞ്ചേരി ബേബി
അഞ്ചേരി ബേബി

തൊടുപുഴ കോടതിയുടെ വിധിയോടുകൂടി മണി കേസില്‍ പ്രതിയായി തുടരും. കേസിനെ താന്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും. ഈ കോടതിക്ക് മേല്‍കോടതിയുണ്ടെന്നും എം.എം. മണി കോടതിവിധിയോട് വാര്‍ത്താലേഖകരോട് പ്രതികരിച്ചു. എന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫാണ്. എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെക്കുറിച്ച് ആലോചിക്കും. പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ രാജിവെക്കാനല്ല താനിരിക്കുന്നതെന്നും മണി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയുടെ വധത്തിന്റെ പുനരന്വേഷണത്തെത്തുടര്‍ന്നാണ് സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി, മുന്‍ എം.എല്‍.എ കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍ എന്നവിരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള പ്രമുഖര്‍. പാമ്പൂപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍. പട്ടിക തയ്യാറാക്കി എതിരാളികളെ വെടിവെച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്ന മണിയുടെ വിവാദമായ മണക്കാട് പ്രസംഗത്തെത്തുടര്‍ന്നാണ് ഈ കേസിന് വീണ്ടും പുനര്‍ജീവന്‍ കിട്ടിയത്.

1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒമ്പത് പേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു. എതിരാളികളെ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന് എം.എം. മണി 2012 മെയ് 25ന് തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വോഷണം നടത്തിയത്. ഡി.വൈ.എസ്.പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പുനരന്വോഷണത്തെത്തുടര്‍ന്നാണ് ബേബി വധ ഗൂഢാലോചന കേസില്‍ 2012 നവംബറില്‍ മണിയെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.

നവംബര്‍ 18ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒമ്പതുപേരില്‍ ഒരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് പുനരന്വോഷണ സംഘം മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റും മറ്റും നടന്നത്. കേസിനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടറായ കോട്ടയം ജില്ലാ കോടതിയിലെ സിബി ചേലപ്പാടിയായിരുന്നു സര്‍ക്കാരിനുവേണ്ടി ഹാജരായത്.

മണിയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നുകഴിഞ്ഞു. മണി മന്ത്രിസഭയില്‍ തുടരുന്ന ഗുരുതര പ്രശ്‌നമാണെന്നും രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഒരു കൊലക്കേസ് പ്രതിയായ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
തൊഴില്‍ തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ എന്നവിധം വിളിച്ചുവരുത്തി ഐ.എന്‍.ടി.യു.സി നേതാവായ അഞ്ചേരി ബേബിയെ മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതികള്‍ വെടിവെച്ചുകൊന്നുവെന്നാണ് കേസ്. 60ലധികം വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് തറച്ചിരുന്നു.

ഒമ്പത് പ്രതികളും ഏഴ് ദൃക്‌സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. കോടതിയില്‍ സമര്‍പ്പിച്ചിരുന്ന തെളിവുകളും തൊണ്ടികളും വ്യാജമായതിനാലും ദൃക്‌സാക്ഷികള്‍ കൂറു മാറിയതിനാലും 85 മാര്‍ച്ചില്‍ പ്രതികളെ വെറുതെവിട്ടുകൊണ്ട് കേസ് അവസാനിച്ചിരുന്നു.
അക്കാലത്തെ ചില കോണ്‍ഗ്രസ് നേതാക്കളും കേസ് നടത്തുന്നവരും ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായിരുന്നു.

അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുതമന്ത്രി എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഈ കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ പ്രതിചേര്‍ത്തത് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണെന്നും സുധീരന്‍ പറഞ്ഞു.