ലാല്‍സലാം പറഞ്ഞാല്‍ ആസാമില്‍ യുഎപിഎ ചുമത്തും, മിണ്ടാട്ടം മുട്ടി സിപിഎം നേതൃത്വം

റോയ് മാത്യു
ഫെയിസ് ബുക്കിൽ ലാൽ സലാം, കോമ്രേഡ് എന്നൊക്കെ എഴുതി വിട്ടാ പണി മേടിക്കും. സൂക്ഷിച്ചോ സഖാക്കളേ.
ആസാമിലെ കർഷക നേതാവായ അഖില്‍ ഗോഗോയിയുടെ അനുയായി ബിട്ടു സോണാവാലിനെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ലാൽ സലാം, കോമ്രേഡ് ഒക്കെ യുഎപിഎ ചുമത്താനുള്ള കുറ്റമായി എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.
ലെനിന്റെ ചിത്രം പോസ്റ്റു ചെയ്യുകയും സുഹൃത്തുക്കളെ ലാല്‍ സലാം, കോംമ്രെഡ് എന്നീ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തു എന്നതാണ് ബിട്ടു സോണാവാലിനെതിരെ യുഎപിഎ ചുമത്താനുള്ള കുറ്റമായി കണക്കാക്കിയത്. ഈ വര്‍ഷം ആദ്യമാണ് എന്‍ഐഎ സോണാവാലിനെ അറസ്റ്റു ചെയ്തത് എന്‍ഐഎ മാര്‍ച്ച് 29 ന് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്. ലെനിന്റെ ഫൊട്ടോയ്‌ക്കൊപ്പം എഴുതിയ അടിക്കുറുപ്പിനെതിരെയാണ് യുഎപിഎ ചുമത്തിയത്. ‘ മുതലാളിത്ത വ്യക്താക്കള്‍ നമ്മള്‍ക്ക് കയര്‍ തരും, നമ്മള്‍ അതില്‍ അവരെ തൂക്കിലേറ്റും’ എന്നായിരുന്നു സോണാവാലിന്റെ അടിക്കുറിപ്പ്.

ലാല്‍ സലാം, സഖാവ് എന്നീ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത് യുഎപിഎ ചുമത്താനുള്ള കുറ്റമായി എന്‍ഐഎ പ്രഖ്യാപിച്ചിട്ടും സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ മിണ്ടാതിരിക്കുകയാണ്. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ രണ്ടു കോളജ് വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് ലഘു ലേഖകള്‍ കൈവശം വച്ചു എന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സി പി എമ്മുകാർ ഈ സംഭവമറിഞ്ഞ് മാളത്തിലൊളിച്ചിരിക്കയാണ്.
ഇനി ചെങ്കൊടി പിടിക്കുന്നതും,
ഈ ൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നതും യുഎപിഎ ചുമത്തുന്ന കുറ്റമായി പ്രഖ്യാപിച്ചാലും യെച്ചൂരിയും പിണറായിയും മോദി സർക്കാരിനെതിരെ മിണ്ടൂല.

മുലകുടി മാറാത്ത രണ്ട് പിള്ളാര് എന്തോ ഒരു കീറ്റ ക്കടലാസ് കൈയ്യിൽ വെച്ചു എന്നു പറഞ്ഞ് യു എ പി എ യുടെ മാരക വകുപ്പുകൾ ചാർത്തി തട്ടി അകത്തിട്ട പിണറായിക്കും കൂട്ടർക്കും ബിജെപി സർക്കാരിനെതിരെ അനങ്ങാൻ പറ്റൂല. ഞങ്ങൾ യുഎപിഎക്കെതിരെ പാർലമെൻറിൽ ഒലത്തി എന്നു പറയുന്ന എം ബി രാജേഷും ടീം സും ഇതൊന്നും അറിയുന്നില്ലേ?

കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റു ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അവര്‍ ആട്ടില്‍ കുട്ടികള്‍ അല്ലെന്നും അവരെ നിങ്ങള്‍ പരിശുദ്ധരാക്കാന്‍ ശ്രമിക്കണ്ടെന്നുമായിരുന്നു പിണറായി വിജയന്‍ പ്രതിപക്ഷത്തോട് പറഞ്ഞത്. അതുകൊണ്ടു തന്നെ ലാല്‍ സലാം, സഖാവ് എന്നൊക്കെ പറഞ്ഞതിന്റെ പേരില്‍ ബിജെപി ഭരിക്കുന്ന ആസാമില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ മിണ്ടാവാ നാകാത്ത സ്ഥിതിയിലാണ് സിപിഎമ്മിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങള്‍. സോണാ വാലിനെതിരെ എന്‍ഐഎ യുടെ കുറ്റപത്രത്തിനെതിരെ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കാന്‍ പോലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോ മറ്റുപാര്‍ട്ടി നേതാക്കളോ ഇതുവരെയും തയ്യാറായിട്ടില്ല. പ്രതിഷേധക്കുറിപ്പിറക്കിയാ വെവരമറിയും. ഇരട്ടത്താപ്പും കുത്തിത്തിരൂപ്പും കൊണ്ട് ഇങ്ങനെ എത്ര നാൾ?