കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി

ഗംഗ എസ്
കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി ആണ്. അതിനെ കുറിച്ച് എഴുതുന്നത് സൂക്ഷിച്ചു വേണം എന്നാണ് എനിയ്ക്ക് മനസ്സിൽ ആയത്.
ഐ എം എ സർക്കാരിനോട് പറയുന്നു ദേവാലയങ്ങൾ തുറക്കരുത് എന്ന് .
സർക്കാർ അത് തള്ളി ക്കളയുന്നു.
എന്നിട്ട് ദേവാലയങ്ങളോട് പറയുന്നു തുറന്നു കൊള്ളുക. പക്ഷേ നിബന്ധനകൾ ഉണ്ട്.
ദേവാലയം വക്താക്കൾ പറയുന്നു ഞങ്ങൾ തുറക്കുന്നില്ല എന്ന്.
അത് തന്നെ അല്ലേ ഐ എം എ പറഞ്ഞത്.
ഇടയ്ക്ക് നിന്ന് പിന്നെ എന്ത് കൊണ്ടു സർക്കാർ അതും കമ്മ്യൂണിസ്റ്റ്, അങ്ങനെ പറഞ്ഞു. ?
പക്ഷേ,
ബ്രാൽ മീൻ വഴുതിപ്പോകും പോലെ ഒരു ഫീൽ.
( കമ്മ്യൂണിസ്റ്റ്കാർ മുഴുവനും യുക്തിവാദികൾ അല്ലാത്ത പോലെ യുക്തിവാദികൾ മുഴുവൻ കമ്മ്യൂണിസ്റ്റ്കാരും അല്ല. )
വോട്ട് ബാങ്ക്, സംഭാവന, ഇത്രേ ഉള്ളൂ കാര്യം.
ഐ എം എ വിചാരിച്ചാൽ ഒരു ചുക്കും രാഷ്ട്രീയക്കാരോട് ചെയ്യാൻ പറ്റില്ല. പക്ഷേ മതക്കാർ വിചാരിച്ചാൽ പൂട്ടാൻ പറ്റും. അതാണ്.

ഇപ്പോൾ,
ഞാനും പഠിച്ചു അടിസ്ഥാന രാഷ്ട്രീയ മെയ്‌വഴക്കം.
കോവിഡ് കൂടിക്കൊണ്ടിരിയ്ക്കുമ്പോൾ, അതും രണ്ട് മാസം അകത്തു അടച്ചിരുന്നവരോട് പറയുന്നു,
നിങ്ങൾ ഇനി ഇറങ്ങിക്കോളൂ.
പക്ഷേ,
ഒന്നും പേടിക്കേണ്ട ശ്രദ്ധിക്കണം. എന്ത്? സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം. സ്വയം ശ്രദ്ധിക്കണം. നല്ലത്.
ഇനി ആണ് ട്വിസ്റ്റ്‌.
പക്ഷേ പൊതു വാഹനത്തിൽ അടുത്തടുത്ത സീറ്റിൽ ഇരിയ്ക്കാം. ആറടി അകലം ഉണ്ടോ ബസിലെ സീറ്റുകൾ തമ്മിൽ?
അതായത്,
സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യത ഉണ്ട്. സംഗതി നിയന്ത്രണാതീതം ആവും. ഇനി നിങ്ങൾ ആയി നിങ്ങളുടെ പാടായി.
ഞങ്ങൾ എന്ത് ചെയ്യാൻ ആണ്?
പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ. സ്വകാര്യ വാഹനം ഉള്ളവർ രക്ഷപെടട്ടെ. സാമ്പത്തികം ഉള്ളവർ സ്വകാര്യ വാഹനത്തിൽ കയറി പൊയ്ക്കൊള്ളു.
പക്ഷേ പാവങ്ങളുടെ വോട്ട്?
ഇങ്ങനെ ആണ് കാര്യങ്ങൾ എങ്കിൽ !
അവർ കൊറോണക്കാലം കഴിഞ്ഞു ശേഷിയ്ക്കുന്നുണ്ടെങ്കിൽ അല്ലേ.
ബാക്കിയാവുന്നവരെ അന്ന് കൈകാര്യം ചെയ്യാം. ജനത്തിന് അരണ മറവി ആണല്ലോ !

ഇന്ന് പത്രത്തിൽ കണ്ടു ക്വാറന്റൈൻ ഇരിയ്ക്കുന്നവർ പുറത്തിറങ്ങിയാൽ ഉടനെ മൊബൈൽ ടവർ ലൊക്കേഷൻ വച്ചു കണ്ടു പിടിക്കും എന്ന്.
ആരും തന്നെ ഫോൺ വീട്ടിൽ വച്ചിട്ട് പോകില്ലല്ലേ. അത് ശരീരത്തിൽ പിടിപ്പിച്ചിരിയ്ക്കുക ആണോ
ക്വാറന്റൈനിലുള്ളവർ?
പുറത്ത് പോകണം എന്ന് തോന്നിയാൽ മൊബൈൽ വീട്ടിൽ വച്ചിട്ട് പോകും എന്ന് ആർക്കാണറിയാത്തത്?
ഒന്നിൽ കൂടുതൽ ഫോൺ ഉണ്ട് ഇപ്പോൾ മിക്കവാറും പേരുടെ കൈവശം.

പറഞ്ഞു വന്നത്,
അപ്പോൾ നാട്ടുകാർക്ക് സമാധാനം ആയി. ഇനി ആരും പുറത്തിറങ്ങില്ലല്ലോ .ക്വാറന്റൈൻ തെറ്റിയ്ക്കാൻ ഉദ്ദേശിച്ചിട്ടുള്ളവർക്കും കൂടുതൽ സമാധാനം ആയി.ഉത്തരവിട്ടവർക്ക് അതിനേക്കാൾ നല്ല സമാധാനം ആയി.
ഒരു കള്ളൻ പണപ്പെട്ടി മോഷ്ടിച്ചു കൊണ്ടു പോയി.
അപ്പോൾ ഉടമ “താക്കോൽ എന്റെ കൈയിൽ ആണ്. പെട്ടി കൊണ്ടു പോയിട്ട് എന്ത് ചെയ്യാൻ”

ആ കഥ ഓർമ്മ വന്നു.
65 വയസിനു മുകളിൽ പ്രായം ഉള്ളവരും പല അസുഖങ്ങൾ കൊണ്ട് (പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം തുടങ്ങി ) പ്രതിരോധ ശേഷി കുറഞ്ഞവരും റിവേഴ്‌സ് ക്വാറന്റൈനിൽ പോകണം. നല്ലത്. വേണ്ടത് ആണ്.പക്ഷേ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അതിൽ പെടില്ലേ?

ഇല്ലേ? അവരിൽ മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്ന ആരും ഇല്ലല്ലേ.
ഭയങ്കര അത്ഭുതം തന്നെ.
സത്യത്തിൽ,എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല. എന്താണിതൊക്കെ?
ഇനി എന്തൊക്കെ കാണാൻ കേൾക്കാൻ ബാക്കിയുണ്ട്?
ആരെ പറ്റിക്കാൻ ആണ്. ആരുടെ കണ്ണിൽ പൊടിയിടാൻ ആണ്?
ഇതിനെ ആണോ കോവിഡ് കാലത്തെ രാഷ്ട്രീയമെന്ന് പറയുന്നത്?
അതോ കൊറോണയുടെ വരവിനോട് അനുബന്ധിച്ചുള്ള മാനസിക വിഭ്രാന്തിയോ?
അത് എനിയ്ക്ക് ആണോ മറ്റുള്ളവർക്ക് ആണോ?