പണം ഉണ്ടായിട്ട് കാര്യമില്ല;സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല

ബിന്ദു ഫെർണാണ്ടസ്
ഒരു ലക്ഷത്തിൽ അധികം മരണ സംഖ്യ കടന്ന അമേരിക്കയിലെ മൊത്തം മരണങ്ങളിൽ ഏതാണ്ട് മുപ്പത്തി അഞ്ചായിരം മരണങ്ങൾ നഴ്സിങ്ങ് ഹോമുകളിൽ മാത്രമായി നടന്നതാണ്… ഈ വാർത്ത എന്നെ ഞെട്ടിച്ചില്ല എന്ന് മാത്രമല്ല കൊറോണ മരണങ്ങൾ കേട്ട് തുടങ്ങുന്ന സമയത്ത് തന്നെ അമേരിക്കയിലെ നഴ്സിങ്ങ് ഹോമുകളിലെ വൃദ്ധ ജനങ്ങൾക്ക് കൊറോണ പിടിപെട്ടാൽ അതൊരു വൻ ദുരന്തത്തിലേക്ക് വഴി മാറാൻ സാധ്യത വളരെയധികമാണെന്ന് എൻ്റെ മനസ്സ് അന്നേ പറഞ്ഞിരുന്നു….
ഏറ്റവുമധികം നഴ്സിങ്ങ് ഹോമുകൾ ഉള്ള നാട് ഒരു പക്ഷേ അമേരിക്കയായിരിക്കുമോ എന്നെനിക്ക് സംശയമുണ്ട്.. നാട്ടിലെ നഴ്സിങ്ങ് ഹോമുകളല്ല അമേരിക്കയിലെ നഴ്സിങ്ങ് ഹോമുകൾ…. പല പേരുകളിൽ പല തരം വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് സാമ്പത്തിക സ്ഥിതിയുടെ രീതികളനുസരിച്ച് താമസിക്കാൻ വാർദ്ധക്യ കാലം ചിലവഴിക്കാൻ അമേരിക്കയിൽ സൗകര്യങ്ങളുണ്ട് … പുറമെ നിന്ന് നോക്കിയാലും അകത്ത് കടന്ന് നോക്കിയാലും നഴ്സിങ്ങ് ഹോമുകൾ മനോഹരങ്ങളാണ്… കുടുംബത്തിൻ്റെ തണലിൽ വാർദ്ധക്യ കാലം ചിലവഴിക്കുന്നത് പല കാരണങ്ങളാൽ ഇഷ്ടപ്പെടാത്ത ഒരു വലിയ വിഭാഗം വൃദ്ധ ജനക്കൂട്ടം വയസ് കാലത്ത് നഴ്സിങ്ങ് ഹോം ജീവിതം തിരഞ്ഞെടുക്കുന്നത് ഇഷ്ടം കൊണ്ട് ആകില്ല പലപ്പോഴും നിവൃത്തിയില്ലാത്തതു കൊണ്ടാകാനാണ് കൂടുതലും സാധ്യത… അമേരിക്കൻ കുടുംബാംഗങ്ങൾ എന്തും സഹിച്ച് ഒരു കൂരക്കുള്ളിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നവർ അല്ല.. അത് കൊണ്ട് തന്നെ മക്കൾക്ക് ബാധ്യതയായി മാറാൻ അച്ഛനമ്മമാർ പലപ്പോഴും ആഗ്രഹിക്കാതെ നഴ്സിങ്ങ് ഹോമുകളിൽ വാർദ്ധക്യ കാലം ചിലവഴിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ് .
കൊറോണ ഏറ്റവും ശക്തിയായി ആക്രമിച്ചത് വാർദ്ധക്യത്തെയാണ് …. കുടുംബം കൂടെ ഉണ്ടായാൽ പോലും വൃദ്ധ ജനങ്ങളെ കരുതി കൊണ്ട് നടക്കാൻ ഏറെ പാടുള്ള ഒരു സമയത്ത് … നഴ്സിങ്ങ് ഹോമുകളിൽ കാശ് കൊടുത്ത് കിട്ടുന്ന പരിരക്ഷ വലിയ ഒരു രക്ഷ അല്ലാത്ത എത്രയോ നേർക്കാഴ്ചകൾക്കാണ് ഈ അമേരിക്കയിൽ എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളത് ..അത് കൊണ്ട് തന്നെ ഇത്രയേറെ മരണങ്ങൾ നഴ്സിങ്ങ് ഹോമിൽ നടന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല…
വാർദ്ധക്യത്തിൽ നമ്മൾ സ്നേഹിക്കുന്നവരുടെയും നമ്മളെ സ്നേഹിക്കുന്നവരുടെ ഇടയിൽ കിടന്ന് മരിക്കാനും വേണം ഒരു യോഗം…, പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല … സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല എന്നത് ഒരു സത്യമാണ്..