സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും

തിരുവനന്തപുരം | കൊവിഡ് ഭീഷണിക്കിടെ സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഒക്ടബോര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കും. നിലവിലെ ഭരണ സമിതിയുടെ കലാവധി നവംബര്‍ 12നാണ് അവസാനിക്കുന്നത്. ഇതിന് മുമ്ബ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്താനുറച്ചാണ് കമ്മീഷന്‍ മുന്നോട്ടുപോകുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും തുടങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച്‌ ലഭിച്ച പരാതികളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ ജൂണ്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ ഫോട്ടോ ഉള്‍പ്പെടെ മറ്റ് രേഖകള്‍ ഹാജരാക്കാത്തവര്‍ ജൂണ്‍ ഒമ്ബത് മുതല്‍ 11 വരെ നേരിട്ടോ അല്ലാതെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തിരഞ്ഞെടുപ്പിന് മുമ്ബ് അടുത്ത മാസവും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്ബും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കും. പുതിയതായി 21 ലക്ഷത്തോളം അപേക്ഷകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കമ്മീഷന് ലഭിച്ചിരിക്കുന്നത്.