ഒരു ഗ്രാമത്തില്‍ നിന്ന് നാലു ഇടയന്മാര്‍

ഒരു ഗ്രാമത്തിലെ കൂട്ടുകാരായ നാലു പേര്‍ തിങ്കളാഴ്ച വൈദീക വൃത്തിയിലേക്ക്

ഇടുക്കി : ഒരു ഗ്രാമത്തിലെ ഒരേ സ്‌കൂളില്‍ പഠിച്ച അയല്‍വാസികളായ നാലു പേര്‍ ഡിസംബര്‍ 26 തിങ്കളാഴ്ച വൈദീക പദവിയിലേക്ക്. ഇടുക്കി രൂപതയിലെ വിമലഗിരി ഇടവകാംഗങ്ങളായ ജോബിന്‍, ടിബിന്‍, ജോബി, സജി എന്നിവരാണ് വാഴത്തോപ്പ് കത്തീഡ്രലില്‍ വെച്ച് പൗരോഹിത്യം സ്വീകരിക്കുന്നത്. സീറോ മലബാര്‍ കത്തോലിക്ക സഭയെ സംബന്ധിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സംഭവമാണിത്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ നാലു പേര്‍ക്കും വൈദീക പട്ടം നല്‍കും.

ഒന്നാം ക്ലാസു മുതല്‍ ഇടുക്കി വിമല ഗിരി വിമല ഹൈസ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ഈ നാലു പേരും. പത്താംക്ലാസ് കഴിഞ്ഞതോടെ നാലു പേരും ദൈവവിളിയുടെ പാത തെരഞ്ഞെടുത്തു. സെമിനാരിയിലേക്കുള്ള യാത്രയും ഒരുമിച്ചായിരുന്നു. മഞ്ഞപ്പാറ മാര്‍ എഫ്രേം സെമിനാരിയിലെ പഠനത്തോടൊപ്പം ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസവും ഒരുമിച്ച് പൂര്‍ത്തിയാക്കി. മേജര്‍ സെമിനാരിയിലേക്കുള്ള പഠന കാലത്താണ് ഇവര്‍ ാദ്യമായി വേര്‍പിരിയുന്നത്. ജോബി മംഗലാപുരത്തും സജി കോട്ടയം വടവാതൂര്‍ സെമിനാരിയിലും ടിബിനും ജോബിനും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലും പിന്നീടുള്ള പഠനം പൂര്‍ത്തിയാക്കി.