മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടി കേരളത്തില്‍ കളമൊരുങ്ങുന്നു

-വികാസ് രാജഗോപാല്‍-

പത്തനംതിട്ട കോട്ടയം ജില്ലകളിലായി കേരളത്തില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടി അരങ്ങൊരുങ്ങുന്നു. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെയും മധ്യ കേരളത്തില്‍ നിന്നുമുള്ള പ്രവാസികളെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളി എസ്റ്റേറ്റാണെങ്കിലും സാധ്യതാ പഠനത്തിനായി ളാഹ എസ്റ്റേറ്റ്, കോന്നി എസ്റ്റേറ്റ്, കൊടുവള്ളി എസ്റ്റേറ്റ് എന്നിവകൂടി പരിഗണിക്കും. വന പരിസ്ഥിതി പ്രശ്‌നങ്ങള്‍ബാധിക്കാത്തതും സര്‍ക്കാരിന് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ നടപ്പാക്കാവുന്നതും ചെറുവള്ളി എസ്റ്റേറ്റിലാണ് 2500 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റിന്റെ മധ്യഭാഗത്തായി വിമാനത്താവളം വരുമ്പോള്‍ തദ്ദേശീയരായ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നില്ല.

മാത്രമല്ല, കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ ചെറുവള്ളി എസ്റ്റേറ്റ് ശബരിമലയില്‍നിന്നും 45 കി.മി മാത്രമേ റോഡുമാര്‍ഗം ദൂരമുള്ളു. 26% സര്‍ക്കാര്‍ ഷെയറും 25% തദ്ദേശീയ വ്യവസായികള്‍ക്കും 49% വിദേശമലയാളി വ്യവസായികളും മുതല്‍മുടക്കും . ശബരിമല തീര്‍ത്ഥാടന സൗകര്യവികസനത്തിനും ഏറെ പ്രയോജനപ്പെടുന്നതാവും നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി.

ചെറുവള്ളി എസ്റ്റേറ്റ്, കുറ്റിച്ചല്‍ എസ്റ്റേറ്റ്, കുമ്പഴ എസ്റ്റേറ്റ്, കല്ലേലി, എന്നിങ്ങനെ അഞ്ചിടങ്ങള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ മുതല്‍മുടക്കിന് തയ്യാറാണെന്നുമാണ് ഇന്‍ഡോ ഹെറിറ്റേജ് എയറോപോളീസ് എന്ന കമ്പനി പറയുന്നു. ഇത് സംബന്ധിച്ച പഠനറിപ്പോട്ട് സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ ഏജന്‍സിയായ എയ്‌ക്കോം അണ് സാധ്യതാ പഠനം നടത്തിയത് .

2500 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന വിമാനത്താനള പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കമ്പനി അധികൃധര്‍ പറയുന്നു. സര്‍ക്കാരിന് പണം മുടക്കാനായില്ലെങ്കിലും അംഗീകാരം ലഭിച്ചാല്‍ സ്വകാര്യ പദ്ധതിയായി നടപ്പാക്കാനാണ് ഉദ്ധേശിക്കുന്നത് .

ആറന്മുള വിമാനതാവളത്തിന് പാരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതിരുന്നതു പോലുള്ള സ്ഥിതിഗതികള്‍ ഇവിടില്ലെന്നും, കണ്ടത്തിയ പ്രദേശങ്ങളെല്ലാം റബര്‍ പ്‌ളാന്റേഷനായതിനാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ബാധിക്കില്ലെന്നുമാണ് രാജീവ് ജോസഫ് ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ ആരംഭിക്കാനിരുന്ന എയര്‍ കേരള വിമാന സര്‍വ്വീസ് അതേ പേരില്‍ സ്വകാര്യ മേഖലയില്‍ ആരംഭിക്കാനും ഇന്‍ഡോ ഹെറിറ്റേജ് എയറോപോളീസ് പദ്ധതിയുണ്ട്. ലൈസന്‍സ് ലഭിച്ചാല്‍ ഉടന്‍ നാല് സ്വകാര്യ വിമാനങ്ങള്‍ വാടകക്ക് എടുത്ത് നിലവിലുള്ള നിലവിലുള്ള വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കുമെന്ന രാജീവ് ജോസഫ് പറഞ്ഞു.

‘ഇന്‍ഡോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ ജനകീയ വിമാനത്താവളക്കമ്പനി പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ വിജയത്തിനായി കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുമായും ഇപ്പോള്‍ സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.