പത്തനംതിട്ട എയര്‍പ്പോര്‍ട്ട് : ഭൂമികള്‍ മിക്കതും കേസില്‍ കുടുങ്ങിയവ

പത്തനംതിട്ട ജില്ലയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനായി കണ്ടുവെച്ചിരിക്കുന്ന ഭൂമികളില്‍ മിക്കതും കേസില്‍ കുടുങ്ങിക്കിടക്കുന്നതും പാട്ടക്കലാവധിയെക്കുറിച്ച് തര്‍ക്കമുള്ളതുമാണെന്ന് റവന്യു രേഖകള്‍. വര്‍ഷങ്ങളായി വിവിധ കമ്പനികളുടെ പക്കല്‍ നിക്ഷിപ്തമായ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് ഒട്ടേറെ കടമ്പകള്‍ സര്‍ക്കാരിന് നേരിടേണ്ടിവരും. സ്വകാര്യ കമ്പനി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച എയര്‍പോര്‍ട്ടിന് അനുകൂലമെന്ന് പറയുന്ന അഞ്ച് എസ്റ്റേറ്റുകളും വിവാദഭൂമികളാണ്. ഇതില്‍ നാല് എസ്റ്റേറ്റും വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്നവയാണ്, ഫെറ നിയമം ലംഘിച്ച ഹാരിസണ്‍ മലയാളം കെ.പി. യോഹന്നാന് വിറ്റ ചെറുവള്ളി എസ്റ്റേറ്റും ഉള്‍പ്പെടുന്നു.

പ്രവാസികളുടെ സഹകരണത്തോടെ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്‍ഡോ- ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളീസ് പ്രൈവറ്റ് ലിമിറ്റഡ് മുന്‍കൈ എടുത്താണ് വിമാനത്താവള കണ്‍സട്ടിങ് കമ്പനിയായ അമേരിക്കയിലെ എയ്കോമിനെകൊണ്ട് സാധ്യതാപഠനം നടത്തിയത്. ചെറുവള്ളി, ളാഹ, കുമ്പഴ, കല്ലേല്ലി, കുറ്റിക്കല്‍ എസ്റ്റേറ്റുകളാണ് സംഘം എയര്‍പോര്‍ട്ടിനായി കണ്ടെത്തിയത്.

ചെറുവള്ളിയും ളാഹയും വിമാനത്താവളത്തിന് അനുയോജ്യമെന്നാണ് കണ്ടെത്തല്‍. കുമ്പഴ എസ്റ്റേറ്റില്‍ നിരപ്പുള്ള സ്ഥലമുണ്ടെങ്കിലും എസ്റ്റേറ്റിനുചുറ്റുമുള്ള കുന്നുകള്‍ വിമാനത്തിനിറങ്ങാനും ഉയരാനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറയുന്നുണ്ട്. ഇതേ പ്രശ്നം കല്ലേലി എസ്റ്റേറ്റിനുമുണ്ട്. റണ്‍വേയുടെ പൊസിഷന്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നാണ് പഠനം.

ചെറുവള്ളിയിലും ളാഹയിലും നിയമതടസ്സമുണ്ടെങ്കില്‍ കുമ്പഴ പരിഗണിക്കാമെന്നും പറഞ്ഞുവയ്ക്കുന്നു. സ്വകാര്യ കമ്പനി ചൂണ്ടിക്കാട്ടുന്ന ചെറുവള്ളി എസ്റ്റേറ്റ് 1923ല്‍ മലയാളം പ്ലാന്റേഷന്‍ യുകെ ലിമിറ്റഡ് വ്യാജമായി തയ്യാറാക്കിയ ആധാരത്തില്‍പ്പെട്ട സ്ഥലമാണ്. 2265 ഏക്കര്‍ അനധികൃതഭൂമി ഹാരിസണ്‍ പിന്നീട് ബിഷപ്പ് യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക്  കൈമാറുകയായിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ആധാരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ക്രൈം ബ്രാഞ്ച് കേസ് എടുക്കുകയും ചെയ്തു. ഈ ഭൂമി സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവിലൂടെ ഏറ്റെടുത്തിരുന്നു. പദ്ധതിയില്‍ പറയുന്ന ളാഹ എസ്റ്റേറ്റ് പത്തനംതിട്ട റാന്നി വില്ലേജില്‍ ഉള്‍പ്പെടുന്ന 2500 ഏക്കറാണ്.

ഹാരിസന്റെ കൈവശമാണ് നിലവില്‍ ഈ ഭൂമി. പത്തനംതിട്ട കോന്നി താലൂക്കില്‍ അരുവാപുലം വില്ലേജില്‍പെടുന്ന 2650ഏക്കര്‍ വരുന്ന കല്ലേലി എസ്റ്റേറ്റും പത്തനംതിട്ട മലയാലപ്പുഴ വില്ലേജില്‍പ്പെടുന്ന 2570 ഏക്കര്‍ വരുന്ന കുമ്പഴ എസ്റ്റേറ്റും എല്ലാം ഹാരിസന്റെ വിവാദഭൂമിയില്‍പെടുന്നത് തന്നെയാണ്. ഈ ഭൂമികളെല്ലാം സര്‍ക്കാര്‍ പ്രത്യേക ഉത്തരവുപ്രകാരം ഏറ്റെടുത്തതും ഇതുസംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കേസുകള്‍ നടക്കുന്നതുമാണ്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന എസ്റ്റേറ്റുകളാണ് സ്വകാര്യ കമ്പനി വിമാനത്താവള നിര്‍മ്മാണത്തിനായി കണ്ടെത്തിരിക്കുന്നത്.

ഈ സാധ്യതാപഠനത്തിനായി കമ്പനി രണ്ടുകോടി രൂപ ചെലവാക്കിയിട്ടുമുണ്ടത്രേ. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്താന്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാനാവശ്യമായ 2500കോടി സമാഹരിച്ചു നല്‍കാമെന്നുപറയുന്ന സ്വകാര്യ കമ്പനി ഭൂമി കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പണം കൊടുത്ത് വാങ്ങിക്കാനും തയ്യാറാണെന്നും പറയുന്നു. വിവാദമായ സര്‍ക്കാര്‍ ഭൂമി തന്നെ പദ്ധതികള്‍ക്കു തെരഞ്ഞെടുത്തതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവളത്തിനായി ഉപയോഗിച്ചാല്‍ പ്രശ്നമില്ല. എന്നാല്‍ ഓഹരിപങ്കാളിത്തം വഴിയോ, പണം നല്‍കിയോ ഇതിലേതെങ്കിലും സ്ഥലം വിമാനത്താവളത്തിനായി കണ്ടെത്തിയാല്‍ അത് ലക്ഷക്കണക്കിന് ഏക്കര്‍വരുന്ന തോട്ടഭൂമി കേസുകള്‍ അട്ടിമറിക്കാനിടയാക്കും.