ചെറുവള്ളി വിമാനത്താവളത്തിന്റെ പേരില്‍ ഓഹരിത്തട്ടിപ്പും പിരിവും

ഇനിയും വരാത്ത എയര്‍പ്പോര്‍ട്ടിന്‍െറ പേരില്‍ ഗള്‍ഫില്‍ ഓഹരിവില്‍പ്പനയും തട്ടിപ്പും 

സംസ്ഥാന സര്‍ക്കാര്‍ യാതൊരു അനുമതിയും എയര്‍പ്പോട്ടിന് നല്‍കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി 

തട്ടിക്കൂട്ട് കമ്പനിയുമായി വന്നവരാണ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കാമെന്ന് പറഞ്ഞ് ചില തട്ടിപ്പ് റിപ്പോര്‍ട്ടുകളുമായി നടക്കുന്നത് 

സര്‍ക്കാര്‍ അനുമതി പോലും ലഭിക്കുന്നതിനു മുമ്പ് ചെറുവള്ളി എയര്‍പോര്‍ട്ടിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് ആരംഭിച്ചു. കെ.പി. യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ബിലിവേഴ്‌സ് ചര്‍ച്ചിന്റെ റബര്‍ എസ്‌റ്റേറ്റില്‍ വിമാനത്താവളം പണിയുമെന്ന വാഗ്ദാനം നടത്തിയാണ് ചില തട്ടിപ്പ് സംഘങ്ങള്‍ ഗള്‍ഫ് മലയാളികളില്‍ നിന്ന് ഓഹരി കച്ചവടം നടത്തുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവള മാതൃകയില്‍ കോട്ടയം ജില്ലാതിര്‍ത്തിയായ ചെറുവള്ളിയില്‍ വിമാനത്താവളം നിര്‍മ്മിക്കണമെന്ന ആലോചനകള്‍ തുടങ്ങിയപ്പോള്‍ തന്നെ ചില തട്ടിപ്പ് സംഘങ്ങള്‍ ഗള്‍ഫില്‍ പിരിവി തുടങ്ങിക്കഴിഞ്ഞു.

ഇന്തോ-ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു തട്ടിക്കൂട്ട് കമ്പനിയാണ് വിമാനത്താവള നിര്‍മ്മാണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിമാനത്താവള നിര്‍മ്മാണം ചുക്കോ ചുണ്ണാമ്പോ എന്ന് തിരിച്ചറിയാനാവാത്ത ഒരു കൂട്ടരാണ് ഈ കടലാസ് കമ്പനിയുടെ പിന്നിലുള്ളത്. ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഇത്തരമൊരു വിമാനത്താവളം നിര്‍മ്മിക്കുന്നതെന്നാണ് പ്രചരിപ്പിക്കുന്നത്. കേവലം 3.25 കോടി ജനസംഖ്യയുള്ള കേരളത്തില്‍ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലവിലുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനക്ഷമമാകും.

അമ്പതിനായിരം രൂപ വിലയുള്ള ഓഹരി പത്രങ്ങളാണ് ഗള്‍ഫില്‍ വിതരണം നടത്തുന്നത്. നിരവധി മലയാളികള്‍ ഇതിനോടകം ഈ തട്ടിപ്പില്‍ വീണതായാണറിയുന്നത്. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ദേശീയദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇതാണ് സത്യമെന്നിരിക്കെ ഈ തട്ടിപ്പുകാര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഓഹരിക്കച്ചവടം നടത്തുന്നതെന്നന്വേഷിക്കാന്‍ മലയാളി സംഘടനകള്‍ തയ്യാറാകണം. എയര്‍പോര്‍ട്ടിന്റെ പേരില്‍ ആരെങ്കിലും പണം മുടക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം റിസ്‌കില്‍ ആയിരിക്കുമെന്നാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ അഭിപ്രായം. ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയുന്നതിനെതിരേ ബി.ജെ.പിയിലെ ഒരു വിഭാഗം ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കെ.പി. യോഹന്നാന്‍ കൈവശം വച്ചിരിക്കുന്ന ചെറുവള്ള സര്‍ക്കാരിന്റെ ഭൂമിയാണെന്നും ഇത് കയ്യേറിയതാണെന്നും രാജമാണിക്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഇവിടെ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന് തുനിഞ്ഞാലുണ്ടാകുന്ന നിയമപ്രശ്‌നങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ രംഗത്തു വന്നിരിക്കുന്നവര്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ സാധ്യതാപഠന റിപ്പോര്‍ട്ട് കാണിച്ചാണ് ഗള്‍ഫില്‍ പിരിവ് നടത്തുന്നതെന്നറിയുന്നു. ഗള്‍ഫില്‍ പിരിവ് നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിനും പോലീസിനും പരാതി ലഭിച്ചതായിട്ടാണറിയുന്നത്.