സച്ചി ഓര്‍മ്മയായി; സംസ്‌ക്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ കൊച്ചിയിലെ രവിപുരം ശ്‌മശാനത്തില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കര്‍ശന നിയന്ത്രണത്തോടെയായിരുന്നു ചടങ്ങുകള്‍. സംവിധായകന്‍ ര‌ഞ്ജിത്ത് അടക്കമുള്ള പ്രമുഖര്‍ അദേഹത്തിന് അന്ത്യ ചുംബനം നല്‍കാനായി ശ്‌മശാനത്തിലേക്കെത്തി. സിനിമ രംഗത്ത് നിന്നും അഭിഭാഷക മേഖലയിലേയും നിരവധി സഹപ്രവര്‍ത്തകരാണ് സച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലും രവിപുരത്തെ ശ്‌മശാനത്തിലുമായി എത്തിച്ചേര്‍ന്നത്. പലരും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു.

തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച സച്ചിയുടെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് ഭാര്യയും ബന്ധുക്കളും നില്‍ക്കുന്ന കാഴ്ചയും കരളലിയിക്കുന്നതായിരുന്നു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ അഡ്വക്കേറ്റ് ചേമ്ബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഒപ്പം സുരാജ് വെഞ്ഞാറമൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സച്ചിയുടെ അന്ത്യം. അയ്യപ്പനും കോശിയും ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ സച്ചി രണ്ട് സിനിമകള്‍ സംവിധാനവും ചെയ്‌തിട്ടുണ്ട്.