കറുത്ത പൂമ്പാറ്റകൾ(കവിത -ധന്യ ഉണ്ണികൃഷ്ണൻ )

ഒടുവിലത്തെ
പ്രഭാതമാണെന്ന്
നമ്മൾ പരസ്പരം
അറിയില്ല
ഒരു പക്ഷേ
ഓർമ്മയുടെ ചിലമ്പലുകൾ
പോലും ഉണ്ടായിക്കോളണമെന്നില്ല
ഉദ്യാനത്തിലെ കറുത്ത ചിത്രശലഭങ്ങൾ
തുറന്നിട്ട ജനലഴികളിലൂടെ
നമ്മുടെ അടുത്തെത്തും
അവ മാറി മാറി
നമ്മുടെ ചുറ്റം പാറി നടക്കും
യാദൃശ്ചികതയെന്ന് നമ്മൾ
അതിനെ തള്ളിക്കളയും
പിന്നീട് അവ
പറന്നകലും ….
ഞാൻ
കടൽ സന്ധ്യകളെക്കുറിച്ചും
മുല്ലപ്പൂ രാത്രികളെക്കുറിച്ചും
തുലാവർഷ മേഘത്തെക്കുറിച്ചും
ഉറഞ്ഞു പോയ സ്വപ്നങ്ങളെക്കുറിച്ചും
ഓർക്കും…
ആരോടും പറയില്ല
പാതി ചാരിയ
മുറിയിലേക്ക് ആൾ സഞ്ചാരം
വളരെ വിരളം.
ചുമരിലെ
രവിവർമ്മ ചിത്രങ്ങളിലേക്കും
മണ്ണടിഞ്ഞു പോയ
എഴുത്തുകാരുടെ പുസ്തകങ്ങൾ
അടുക്കി വെച്ച ‘അല മാറയിലേക്കും
മാറാല കെട്ടിയ
ഓർമ്മ ചിത്രങ്ങളിലേക്കും
മാറി മാറി നോക്കും…
ഒരു വസന്തകാല തണുപ്പ്
എന്നെ വന്ന് മൂടും
ആ തണുപ്പ് മേലാസകലം
പടരുമ്പോൾ
ഓർമ്മകളിൽ നീ വന്ന്
അന്ത്യ ജലം നൽകും
യഥാർത്ഥ്യങ്ങളിൽ
മറ്റു പലരും
അങ്ങനെ
ഞാനാ തണുപ്പിൽ അലിഞ്ഞു ചേരും….
ഒടുവിലത്തെ
ദർശനത്തിനായി
നീ വരും
നീ അറിയാതെ രണ്ട് തുള്ളി
കണ്ണുനീർ എൻ്റെ കോടി മുണ്ടിൽ
പൊതിഞ്ഞ ശരീരത്ത് വീഴും
കൂടിച്ചേരലിൻ്റെ പുതിയ രീതി
ഒപ്പം
അഴുകിച്ചേരാനായി ഉപ്പുരസത്തിൻ്റെ
ഔചിത്യവും.
നിൻ്റെ കയ്യിൽ കരുതി വെച്ച
ചുമന്ന റോസാപ്പൂക്കൾ
നീ മറ്റാരെയോ
എൽപ്പിച്ച്
ഏതെങ്കിലും മൂലയിലേക്ക്
മാറും
നീ പൂക്കളിലേക്കും
പൂമ്പാറ്റക്കളിലേക്കും
മാറി മാറി നോക്കും
അപ്പോഴും
ആ കറുത്ത പൂമ്പാറ്റ
അവിടെ പാറിനടക്കുന്നുണ്ടായിരിക്കാം
അപ്പോൾ
നിനക്ക് അതിൻ്റെ ശരീരഭാഷ
മനസ്സിലാവുന്നാണ്ടാവും…
പ്രഭാതത്തിൽ കണ്ട
അതേ പൂമ്പാറ്റ .
ഇന്നലെകളിലെ വർണ്ണശലഭങ്ങൾ,

ധന്യ ഉണ്ണികൃഷ്ണൻ