സുഹറയെയും മജീദിനെയും ഓർത്തെടുക്കുമ്പോൾ

റസീന കെ.പി
മലയാള സാഹിത്യത്തിലെ നിത്യഹരിത എഴുത്തുകാരനാണ് ബഷീർ. കാലത്തെ അതിജീവിച്ച സാഹിത്യകാരൻ. ഏതു മികച്ച വിവർത്തനത്തിനും കൈപ്പിടിയിലൊതുക്കാൻ പറ്റാത്ത വാക്കുകൾ കൊണ്ട് സമ്പന്നമാണ് ബഷീറിന്റെ സാഹിത്യലോകം.
ബഷീറിന്റെ കഥാപാത്രങ്ങളാവട്ടേ തനിക്കു ചുറ്റുമുള്ള സകലജീവജാലങ്ങളും.

ലോകസാഹിത്യത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. അനായാസസുന്ദരമായി വായിച്ചുപോകാവുന്ന ഒരു പ്രണകഥയാണ് ഇതെങ്കിലും മനസ്സിൽ നൊമ്പരത്തിന്റെ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ട് സുഹറയും മജീദും നമ്മെ വിടരാതെ പിന്തുടരുന്നു .

പ്രിയനായികയായ ബാല്യകാലസഖിയിലെ സുഹറയെ കണ്ടെത്തണമെങ്കിൽ മജീദില്ലാതെ യാത്ര ചെയ്യാനാവില്ല . സുഹൃത്തുക്കൾ ആവുന്നതിന് മുമ്പേ അവർ പരസ്പരം ശത്രുക്കൾ ആയിരുന്നു. മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് “ഞാ ഞ്ഞീം മാന്തും” എന്ന് ഭീഷണിപ്പെടുത്തിയാണ്. ക്ലാസിൽ കണക്കിൽ മോശമായ മജീദിന് സ്ളേറ്റിൽ എഴുതിക്കൊടുത്തു സഹായിക്കുന്നത് നിഷ്കളങ്കയായ സുഹ്റയാണ്.
വളരെയധികം സ്വപ്നങ്ങളുള്ള മജീദ് അവന്റെ ലോകത്തിലെ സുൽത്താനായിരുന്നു . അതിലെ റാണി സുഹറയും.
രോഗിയായിക്കിടക്കുന്ന മജീദിന്റെ അടുത്തിരുന്ന് അവന്റെ കുരു വന്നു പഴുത്ത ഉള്ളംകാൽ കവിളിൽ ചേർത്തുവെക്കുന്ന സുഹറയെ പ്രണയത്തിന്റെ ഏത് അളവുകോൽ കൊണ്ട് അളന്നെടുക്കാൻ പറ്റും . ഇവിടെ എത്ര ലളിതമായാണ് പ്രണയത്തിന്റെ വൈകാരികതയും ആഴവും എഴുത്തുകാരൻ അടയാളപ്പെടുത്തിയിരിക്കുന്നത്.
മജീദിനെ മോഹിച്ച സുഹറക്ക് പിതാവിന്റെ അകാലമായ മരണവും വിനയായി തീരുന്നു . നാട് വിട്ട മജീദ് തിരിച്ചെത്തുന്നതിന് മുമ്പേ മറ്റൊരാളുടെ ഭാര്യയാവേണ്ടി വരുന്നു .

ഒരുപാടു അലഞ്ഞുതിരിഞ്ഞു ജീവിതത്തിന്‍റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട മജീദ്‌ നാട്ടിലേക്ക് തിരിച്ചു . സുഹ്റയെ വിവാഹം കഴിച്ച് ശിഷ്ടജീവിതം കഴിച്ചുകൂട്ടുകയായിരുന്നു അവന്‍റെ ഉദ്ദേശമെങ്കിലും നാട്ടിൽ മജീദിന്റെ ബാധ്യതകൾ വിനയായി തീരുന്നു. എല്ലാം പ്രാരാബ്ധങ്ങളും തീർത്ത് വിധവയായ സുഹറയെ സ്വന്തമാക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ എല്ലാമായ സുഹറ അപ്പോഴേക്കും മരണപ്പെട്ടിരുന്നു . അവസാനമായി യാത്ര പറഞ്ഞപ്പോൾ സുഹറ എന്തോ പറയാൻ തുടങ്ങിയെങ്കിലും പറഞ്ഞ മുഴുവനായില്ല . ഇവിടെ നോവൽ അവസാനിക്കുമ്പോൾ സുഹറയെന്ന നിഷ്കളങ്കബാല്യവും യൗവനവും പ്രണയവും ഒരു സാധാരണ ജീവിതത്തിൽ ചെലുത്തുന്ന പര്യവസാനമായി നില കൊള്ളുന്നു .
ജീവിതത്തിൽ ദുരന്തനായികയായി കടന്നുപോയ സുഹറ നോവലിന്റെ ആദ്യാവസാനം വരെയും പിന്നീടും നമ്മെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ മാനസിക വൈകാരിക തലത്തിൽ നിന്നുകൊണ്ട് സുഹറ എക്കാലത്തെയും ചരമമടഞ്ഞ പ്രണയത്തിന്റെ പ്രതീകമാവുന്നു .

തീവ്രമായി പ്രണയിച്ചിട്ടും ജീവിതത്തിൽ ഒരുമിക്കാൻ കഴിയാതെ മജീദും സുഹറയും വിശ്വസാഹിത്യത്തിൽ ജീവിതത്തിൽ നിന്നും പറിച്ചുനടപ്പെട്ട ഏടായി നമ്മിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു.