നിന്നെക്കുറിച്ച്‌ (കഥ-കമർ മേലാറ്റൂർ)

എം.ടി.യുടെ “നിന്റെ ഓർമ്മയ്ക്ക്‌” എന്ന കഥയിലൂടെ ലീലയെ തന്റെ സഹോദരിയായി വാസു ഓർമ്മ പങ്കുവെച്ചപ്പോൾ, തിരികെ ലീല കഥാനായകനെ കുറിച്ച്‌ ഓർക്കുകയാണിവിടെ…
———————————

ഒരു  പന്തീരാണ്ടിനു ശേഷം വാസുവിനെക്കുറിച്ചു ഞാനിന്നോർത്തുപോയി. വാസുവെന്നു കേൾക്കുമ്പോൾ നിങ്ങൾ മറ്റെന്തോ വിചാരിച്ചേക്കാം . തെറ്റിദ്ധരിക്കാതിരിക്കാൻ നേരത്തെ പറഞ്ഞുകൊള്ളട്ടെ , അവൻ മൂത്തതോ ഇളയതോ എന്ന് വ്യക്തമായി പറയാൻ കഴിയാത്ത , എന്റെ സഹോദരനാണ്.

ഈ വസ്തുത അറിയാവുന്നവർ ലോകത്തിൽ വളരെ കുറച്ചേയുള്ളൂ.

വാസുവിനെ കുറിച്ചോർക്കാൻ കാരണം ഇന്ന് ഞാൻ വീണ്ടും ആ, നീലത്തുണി കൊണ്ട് കുപ്പായമിട്ട തോൽപ്പെട്ടി തുറന്നതാണ്.

ആ പെട്ടി തുറക്കുമ്പോഴെല്ലാം എനിക്ക് വാസുവിനെ ഓർമ്മ വരും. പ്രിയപ്പെട്ട ഒരോർമ്മ നിലനിർത്താൻ പാകത്തിന് ആ പെട്ടിയിൽ നിന്ന് ഞാനൊരു വസ്തുവിനെ അവന് ഇഷ്ടദാനം ചെയ്തിരുന്നല്ലോ. ഒരു റബ്ബർ മൂങ്ങ !

നമുക്ക് പ്രിയപ്പെട്ടവർക്ക് ഏറെ പ്രിയപ്പെട്ട വസ്തുക്കൾ തന്നെ സമ്മാനിക്കണം. അവർ നമ്മുടെ ഓർമ്മയിൽ നിന്ന് അകന്നുപോകാതിരിക്കാൻ. വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രം ബന്ധമുണ്ടായിരുന്ന വാസു എനിക്ക് അത്ര പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. ഒരു സഹോദരൻ ഇല്ലാതിരുന്ന ഒരു പെൺകുട്ടിക്ക് പെടുന്നനെ ദൈവമൊരു സഹോദരനെ സമ്മാനിക്കുമ്പോൾ ഉണ്ടാകുന്ന പ്രിയം!

പറഞ്ഞു വന്നത് വാസുവിനെ കുറിച്ചായിരുന്നെങ്കിലും സാന്ദർഭികമായി പറയേണ്ടത് റബ്ബർ മൂങ്ങയെക്കുറിച്ചാണല്ലോ.

എന്റെ ഡാഡി എനിക്കവസാനമായി സമ്മാനിച്ച കളിക്കോപ്പായിരുന്നു ആ റബ്ബർ മൂങ്ങ. ആ മൂങ്ങയ്ക്ക് രണ്ട് സവിശേഷതകളുണ്ട്. അടിഭാഗത്തെ കുറ്റി അമർത്തിയാൽ അതിന്റെ വയർ പതുക്കെ തുറക്കും. വയറിനകത്ത് പതുപതുപ്പുള്ള ആ കൊച്ചു കുഷ്യന്റെ മുകളിൽ കടും നീല നിറത്തിലുള്ള ഒരു ചെറിയ കുപ്പി. അതിൽ സെന്റായിരുന്നു. അടപ്പു തുറന്നാൽ അരിമുല്ലപ്പൂവിന്റെ മനം ക്ലാസ് മുഴുവൻ വ്യാപിക്കും. രണ്ടോ മൂന്നോ തവണ മാത്രേ ക്ലാസിൽ കൊണ്ടുപോയിട്ടുള്ളൂ. ആൺകുട്ടികളിരിക്കുന്ന ബെഞ്ചിൽനിന്ന് ആരാധനയോടെയുള്ള നോട്ടങ്ങൾക്ക് മുന്നേ പിറുപിറുക്കലുകൾ കേൾക്കാം.

“ആ രണ്ടാമത്തെ ബെഞ്ചിലെ കുട്ടിയുടെ അടുത്തുന്നാ ”

രണ്ടാമത്തെ ബെഞ്ചിലപ്പോൾ അഭിമാനത്തോടെ തലയുയർത്തിയിരിക്കുന്ന ആ കുട്ടി ഞാൻ തന്നെയായിരുന്നു.

കൊളംബോയിലെ അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലെ ഒരു ചെറിയ ഫാൻസിക്കടയിൽ നിന്നാണ് റബ്ബർ മൂങ്ങയെ ഡാഡി വാങ്ങിത്തരുന്നത്.

ഏറെ തിരക്കുപിടിച്ച വ്യാപാരജീവിതത്തിലും തന്നെ ഇപ്പോഴും ഡാഡി കൂടെ കൂട്ടിയിരുന്നതിന് കാരണം തന്റെ ഓർമ്മകളിലൊന്നും സ്പർശിക്കാനാവാത്ത വിധം അമ്മയെ നഷ്ടപ്പെട്ട ഒരു കുട്ടിയാണ് താനെന്നതായിരുന്നു. ഡാഡിയുടെ കൂടെ പുറത്തുപോകുമ്പോഴെല്ലാം ഡാഡിയുടെ മലയാളിയായ സുഹൃത്തിനെ സ്ഥിരമായി കാണാറുണ്ടായിരുന്നു. കാണുമ്പോഴെല്ലാം അദ്ദേഹം കപ്പലണ്ടി വാങ്ങിത്തരും. അമ്മയില്ലാത്ത കുട്ടി എന്ന ലേബലുള്ളതുകൊണ്ടാവാം അതിയായൊരു വാത്സല്യം അദ്ദേഹം കാണിച്ചിരുന്നു. ആയിടെയാണ് ലോകമെമ്പാടും കത്തിത്തുടങ്ങിയ ലോകമഹായുദ്ധത്തിന്റെ അവസാനത്തെ തീപ്പൊരി സിലോണിലെത്തുന്നത്. കൊളംബോയുടെ തെരുവുകളിൽ പരിഭ്രാന്തരായ ജനങ്ങൾ ഓടിത്തുടങ്ങുന്നതും.

ഒരു യുദ്ധം യുദ്ധമുഖങ്ങളെക്കാൾ പരിഭ്രാന്തമാക്കുന്നത് അതിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്ന സാധാരണ ജനങ്ങളുടെ ജീവിതങ്ങളെയാണ്. ഡാഡിയുടെ ബിസിനസ് താളം തെറ്റിതുടങ്ങി. എവിടെയൊക്കെയോ മിസൈലുകൾ വീണുതുടങ്ങി.

അന്യരാജ്യക്കാർ സിലോണിന്റെ തുറമുഖങ്ങളിൽ കപ്പൽ കാത്തുകിടന്നു.

ഒരു പുലരിയിൽ ഞങ്ങൾ താമസിക്കുന്ന തെരുവിലും ബോംബ് വീണു. ചെവിയടക്കുന്ന തരത്തിൽ വലിയൊരു സ്ഫോടനവും ശബ്ദവും കണ്ണ് കാണാനാവാത്ത പുകപടലങ്ങളും മാത്രം ഓർമയുണ്ട്. കണ്ണ് തുറന്നപ്പോൾ നിരപ്പലക തകർന്നൊരു കെട്ടിടത്തിന്റെ വരാന്തയിലാണ് . ഞാൻ ഉണരുന്നതും കാത്ത്‌ ഡാഡിയുടെ ആ സുഹൃത്തുമുണ്ടായിരുന്നു, ആ മലയാളി സുഹൃത്ത്‌ !

“ഡാഡി…” എന്റെ കണ്ണുകളിൽ ഭയം നിഴലായി.

“ഡാഡി വരും…കുറച്ചപ്പുറത്താണ് …”
അദ്ദേഹം ആശ്വാസവാക്കു പറഞ്ഞെങ്കിലും എന്റെ കുഞ്ഞു മനസ്സിലേക്ക് ഡാഡിയുടെ വേർപാട് പതിയെ കടന്നുകൂടി സ്ഥാനംപിടിച്ചു. ഒരു കരച്ചിൽ മൗനമായി എന്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു.

തെരുവ് മുഴുവൻ പട്ടാളവും ആംബുലൻസുകളും. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ അദ്ദേഹം എന്റെ കൈപിടിച്ചു നീങ്ങി. ഞങ്ങളുടെ ഫ്ലാറ്റ്‌ പാതിയും തകർന്നു കിടക്കുന്നു. എന്റെ പൂച്ചെടികൾ മുറ്റത്ത് കരിഞ്ഞുവാടിക്കിടന്നു. എന്റെ മുറിയിലേക്ക് കയറി എന്റെ പ്രിയപ്പെട്ട നീല തുണികൊണ്ട് പൊതിഞ്ഞ തോൽപ്പെട്ടിയെടുത്തു. അതിലാണെന്റെ പ്രിയപ്പെട്ടതെല്ലാം.

അദ്ദേഹത്തിൻറെ കൈപിടിച്ചുകൊണ്ട് മരണത്തിന്റെ ഗന്ധമുള്ള തെരുവിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു സുരക്ഷിതത്വബോധം മനസിലേക്ക് കയറിയിരുന്നു.

“ലീലാ…”

അദ്ദേഹം വിളിക്കുമ്പോൾ ഡാഡിയിൽ നിന്ന് കിട്ടിയിരുന്ന വാത്സല്യം പൂർണമായും അനുഭവിച്ചു.

“…ദാദീ…”

” പോവാം..”

അതെ . പോവാം . മരണം മണക്കുന്ന ഈ നഗരത്തിൽ ഇനി തനിക്കാരാണുള്ളത്. ഓർമയിൽ പോലും മുഖം തരാത്ത അമ്മ. ഈ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെവിടെയോ ആഴ്ന്നുപോയ ഡാഡി.

അടിയന്തിരാവസ്ഥയായതുകൊണ്ട് തുറമുഖമാകെ തിരക്കാണ്. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിന്റെ കൂടെ കപ്പലിലേക്ക് കയറി. മൂന്നുമണിക്കൂർ നേരത്തെ കടൽയാത്രയിലുടനീളം അദ്ദേഹം അദ്ദേഹത്തിന്റെ നാടിനെക്കുറിച്ചും തറവാടിനെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.അപ്പോഴും തടിച്ച കണ്ണടയ്ക്കുള്ളിലെ ആ കണ്ണുകളിൽ വിവേചിച്ചറിയാത്ത എന്തൊക്കെയോ ഭാവങ്ങൾ നിഴലിച്ചുകാണാമായിരുന്നു.

രണ്ടുദിവസത്തെ തീവണ്ടിയാത്രയിലാണ് ഞാനും അദ്ദേഹവും തമ്മിലുള്ള എല്ലാ അപരിചിതത്വവും മാറിയത്. എന്റെ ഡാഡിയായി , ഞാനദ്ദേഹത്തിന്റെ മകളായി മാറുന്നതും.ഡാഡിയുടെ അഭാവം എന്നിലുണ്ടാക്കിയ വേദന ഒരു യാത്ര കൊണ്ട് എവിടെയോ ഇല്ലാതായതായും ഞാനറിഞ്ഞു. എന്നെ കാത്തിരിക്കുന്ന എന്റെ അമ്മയുടെ ,സഹോദരങ്ങളുടെ, മറ്റു കുടുംബാംഗങ്ങളുടെ അടുത്തേക്ക് , വലിയൊരു യാത്ര കഴിഞ്ഞുതിരിച്ചെത്തുന്ന തോന്നൽ മനസ്സിലേക്ക് കയറിക്കൂടാൻ ഈ തീവണ്ടിയാത്ര പര്യാപ്തമായിരുന്നു.

ഒരു പുലർച്ചെ തിരക്കില്ലാത്ത റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിച്ചു.സിലോണിലെ കെട്ടിടസമുച്ചയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഗ്രാമീണതയുടെ, കണ്ണെത്താത്ത നെല്പാടങ്ങൾക്കു നടുവിലൂടെ അദ്ദേഹത്തിന് പിന്നിലായി, പെട്ടിയുമായി വരുന്ന കൂലിക്കാർക്കുമുന്നിൽ നടക്കുമ്പോൾ പുതിയൊരു ലോകം അനുഭവഭേദ്യമാവുകയാണ്.

വയൽവരമ്പിൽ നിന്ന് ചാണകം മെഴുകിയ വലിയ മുറ്റം കടന്ന് അദ്ദേഹത്തിന്റെ പുറകിലായി ആ വലിയ തറവാടിന്റെ ഉമ്മറത്തേക്ക് കയറി.പൂമുഖത്തു നിറയെ ആളുകളുള്ളതുപോലെ തോന്നി. മടിച്ചുമടിച്ചു നോക്കിയപ്പോൾ തന്നെക്കാൾ പ്രായമുള്ള രണ്ടാണുങ്ങൾ, ഡാഡിയുടെ മക്കളാവും. പ്രായമായൊരാളും. അതിനിടെയാണ് അദ്ദേഹത്തെ ആപരിചിതഭാവത്തിൽ നോക്കിനിൽക്കുന്ന അവനെ കണ്ടത്.കുടുക്കുപൊട്ടിയ ട്രൗസറിട്ട് തന്റെയൊപ്പം പ്രായം തോന്നിക്കുന്ന, തീവണ്ടിയിൽ വെച്ച് ഏറ്റവും ചെറിയ മകനെന്ന് പരിചയപ്പെടുത്തിയ അവൻ. വാസു!

കൂലിക്കാർ പെട്ടികളെല്ലാം ഇറക്കിവെച്ച് പോയിക്കഴിഞ്ഞു. അദ്ദേഹം സിംഹളയിൽ എന്നോട് കോലായിലേക്ക് കയറാൻ പറഞ്ഞു.

ആറുവർഷങ്ങൾക്കുശേഷമാണ് അദ്ദേഹം നാട്ടിലേക്ക് വരുന്നതെന്നാണ് പറഞ്ഞത്. എന്നാൽ അദ്ദേഹത്തേക്കാൾ എല്ലാവരുടെയും കണ്ണുകൾ എന്നിലായിരുന്നു.

വല്ലാതൊരുത്കണ്ഠയിൽ എന്റെ നീലത്തോൽപെട്ടി ഒരരികിലേക്ക്‌ നീക്കിവെച്ച് ചുമരും ചാരിയിരുന്നു.

ഒരു വാല്യക്കാരത്തി ചായയുമായി എത്തി. പിറകെ കൊക്കിക്കുരച്ചുകൊണ്ട് മുത്തശ്ശിയും കോലായിലേക്ക് വന്നു.

“പെലച്ച വണ്ടിക്കേ വന്ന് ?”

ആ ഭാഷ എനിക്ക് മനസിലായില്ലെങ്കിലും അദ്ദേഹത്തിന്റെ മറുപടിയും തുടർചോദ്യങ്ങളും കൊണ്ട് ഞാൻ ഊഹിച്ചെടുത്തതായിരുന്നു.

സംസാരങ്ങൾക്കിടെ മുത്തശ്ശി എന്നെ നോക്കുന്നുണ്ടായിരുന്നു, എല്ലാവര്ക്കും ഞാനൊരു അത്ഭുതജീവിയാണ്.

അദ്ദേഹം വാസുവിനെ വാരിയെടുത്തു ഉയർത്തി. ചിരിയോ അപരിചിതത്വമോ മിശ്രമായ ഒരു ഭാവം അവന്റെ മുഖത്തു കാണായി.

എന്നിട്ടും അവന്റെ ‘അമ്മ പൂമുഖത്തു വരുന്നത് കാണുന്നില്ല. ആറു നീണ്ട വർഷങ്ങൾ വലിയൊരു വിരഹം തീർത്തിട്ടും?

ആ വീടിന്റെ അന്തരീക്ഷത്തിലപ്പോൾ അർത്ഥഗർഭമായ ഒരു മൂകതയാണ് താങ്ങി നിൽക്കുന്നതെന്നും അതിനു കാരണക്കാരി ഞാനാണെന്നും എനിക്ക് മനസ്സിലായി.

അദ്ദേഹം മുത്തശ്ശിയോടെന്നമട്ടിൽ ഏറെ സംസാരിക്കുന്നത് കേട്ടു. ബോംബ് , സിലോൺ, എന്നൊക്കെ കേട്ടപ്പോൾ അത് ജോലിസ്ഥലത്തെ കാര്യങ്ങളാണെന്ന് മനസ്സിലായി. സംസാരത്തിനിടെ മുത്തശ്ശിയുടെ സഹതാപത്തോടെയുള്ള നോട്ടം എന്റെ മേലിൽ പാളിവീഴുന്നത് കണ്ടു. വാസുവും ഏട്ടന്മാരുമെല്ലാം എന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത്.

മുത്തശ്ശി എന്റെയടുത്തേക്ക് വന്ന് എന്റെ കൈപിടിച്ച് ചേർത്തു. എന്തിനാണ്?

അപരിചിതമായ ആ കരം ഞാൻ തട്ടിക്കളഞ്ഞു.എന്നിട്ടദ്ദേഹത്തിന്റെ അടുത്തേക്ക് ചേർന്നു നിന്നു. വാസുവിന് ഞാനങ്ങനെ അവന്റെ അച്ഛനോട് ചേർന്നു നിന്നത് ഇഷ്ടമായില്ലെന്ന് തോന്നി.

പകൽ മുഴുവൻ ഞാൻ ആ തോൽപ്പെട്ടിയിൽ കഴിച്ചുകൂട്ടി, ചൂണ്ടാണിവിരലിൽ താക്കോൽകൂട്ടം ചുഴറ്റിക്കൊണ്ടങ്ങനെ. ആരും അടുത്തുവരുന്നത്‌ തന്നെ എനിക്ക് ഭയമായി തോന്നി.

അജ്ഞാതരായ ആളുകൾ, അജ്ഞാതമായ ഭാഷ, അതിനുമപ്പുറം ആ വലിയ വീടാകെ വിങ്ങി നിൽക്കുന്ന മൗനം. സിലോണിലെ യുദ്ധമുഖത്തേക്കാൾ ഭയാനകമായ അന്തരീക്ഷം.!

ഉച്ചയ്ക്ക് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിച്ചിരുന്നു , വല്ലാത്തൊരു മൂകതയാണെല്ലാവരും കഴിക്കുന്നത്.വിരലിട്ടിളക്കിയ വറ്റുകൾ പാത്രങ്ങളിൽ തണുത്തുകിടന്നു.

വൈകുന്നേരം അദ്ദേഹത്തിനൊപ്പം കുളത്തിലേക്കുപോയി. വാസു അപരിചിതത്വം വിടാത്തൊരു നിഴലായി കൂടെയുണ്ടായിരുന്നു. അവനു കൂട്ടുകൂടണമെന്നുണ്ട്, പക്ഷെ വീട്ടിലെ ആ അന്തരീക്ഷം അവനെ ഭയപ്പെടുത്തിയ പോലെ.

പാടങ്ങൾക്ക് നടുവിലൂടെ ഇടിഞ്ഞു തുടങ്ങിയ വരമ്പുകൾ ചെളിതേമ്പിയിട്ടതിനു മുകളിലൂടെ നടക്കുമ്പോൾ എന്തെല്ലാം കാഴ്ചകളാണ്. സിലോണിലെ മാനം മുട്ടുന്ന കെട്ടിടങ്ങൾ ഈ കാഴ്ച കണ്ടു ലജ്ജിക്കണം.

വയലിൽ ഞാറു നട്ടുകൊണ്ടിരുന്ന പെണ്ണുങ്ങളിലേക്ക് പെടുന്നെനെ ഒരു മൗനം തിരയടിക്കുന്നതും പതിയെ പിറുപിറുക്കലുകൾ വിടർന്നു വരുന്നതും ഞാനറിഞ്ഞു. അറിയാത്ത ആ ഭാഷയിലെ നായിക ഞാനാണെന്ന് മനസ്സിലാക്കാമായിരുന്നു.

കുളത്തിലെ തണുത്ത വെള്ളത്തിൽ കുളിച്ചു വീട്ടിലേക്ക് തിരിച്ചെത്തി.

ഭക്ഷണശേഷം ചായ്പ്പിലെ ചെറിയ മരക്കട്ടിലിൽ ഒരു വാല്യക്കാരത്തി കോട്ടൺ വിരിപ്പുകൾ വിരിച്ചുതന്ന് പതിയെ ചിരിച്ചുകൊണ്ട് കടന്നുപോയി.

സ്ഥലം മാറിയതുകൊണ്ടു മാത്രമല്ല നിദ്ര കണ്ണുകളിലെത്താത്തത്. അദ്ദേഹത്തിന്റെ കിടപ്പുമുറി എത്ര അകലെയാണെന്ന് എനിക്കറിയില്ല. പക്ഷെ,വളരെ വ്യക്തമായി ഭാഷയുടെ അജ്ഞതയ്ക്കുമപ്പുറം അസ്വാരസ്യത്തിന്റെയും അസ്വസ്ഥതകളുടേയും സംവേദനം നടക്കുന്ന വാദപ്രതിവാദങ്ങൾ ഏറെ നേരമായി കേട്ടുകൊണ്ടിരുന്നു. അന്നാദ്യമായി അമ്മയെ ഓർത്തു ഞാൻ കരഞ്ഞു, നേരം വെളുക്കുവോളം.

വാസു കിടക്കുന്നത് അപ്പുറത്തെ മുറിയിലാണ്.എനിക്ക് ഒരു സഹോദരനെ ആവശ്യമാണെന്നും അത് വാസുവായെങ്കിലെന്നുമൊക്കെയുള്ള ചിന്തകൾ മനസ്സിലൂടെ തിരയടിച്ചുകൊണ്ടിരുന്നു.

രണ്ടുദിവസങ്ങൾ കഴിഞ്ഞാണ് അവനെന്നോട് അടുക്കുന്നത്. ഞാനെന്റെ തോൽപ്പെട്ടി തുറന്ന് വസ്ത്രങ്ങളൊക്കെ എടുത്തുവെക്കുമ്പോഴുണ്ട് വാതിൽകട്ടിളയിൽ ചാരി അവൻ നിൽക്കുന്നു,ആ കുടുക്കുപൊട്ടിയ ട്രൗസറുമിട്ട്. അവന്റെ കണ്ണുകൾ പെട്ടിയിലേക്കാണ്.

വസ്ത്രങ്ങൾക്കിടയിൽ നിന്ന് ഞാൻ ആ റബ്ബർ മൂങ്ങ എടുത്തുനോക്കി. അതിൽനിന്നുള്ള ഉന്മത്തമായ ഗന്ധം മുറിയാകെ പരന്നു. അവൻ മൂക്ക് വട്ടം പിടിച്ച്‌ ആ ഗന്ധം പിടിച്ചെടുത്തു.

അവന്റെ കണ്ണുകൾ മൂങ്ങയിലുടക്കി. അവനെ നിസാരമായി കണ്ണുചുളിച്ചൊന്നു നോക്കി. അവനെന്തോ പറയുന്നു.

“എന്താ”യെന്ന് കൈമലർത്തി ചോദിച്ചു.

“അത്…” അവൻ റബ്ബർ മൂങ്ങയിലേക്ക് ചൂണ്ടി. ഞാൻ മൂങ്ങയെടുത്ത്‌ ഒന്ന് സ്വയം ഭംഗിയാസ്വദിച്ച ശേഷം അവനെ നോക്കി. മൂങ്ങയുടെ നീലക്കണ്ണുകൾ ഇളകുന്നതിനനുസരിച്ച്‌ അവന്റെ കണ്ണുകളിൽ കൗതുകവുമിളകിക്കൊണ്ടിരിക്കുന്നു.

ഒരു ലജ്ജയോടെ അവൻ കൈനീട്ടി. ഞാൻ ഒരു കുസൃതിയോടെ അവനെ കാണിച്ച മൂങ്ങയെ പെട്ടിയിലേക്കിട്ടു. ഇളിഭ്യനായപ്പോൾ അവൻ കരുതിയിട്ടുണ്ടാവും , ഇവൾ ഒരു അഹങ്കാരിയാണെന്ന്.

അന്നും രാത്രിയേറെ വൈകുംവരെ അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് വാക്തർക്കങ്ങളും മൂക്കുചീറ്റലും കേൾക്കാമായിരുന്നു.

പിറ്റേ ദിവസം മുറ്റത്തൊരു മൂലയിൽ നിൽക്കുമ്പോൾ വാസുവെന്റെ അടുത്തുവന്നു. അവനു എന്തൊക്കെയോ പറയണമെന്നുണ്ട്. എന്തെയെന്ന ചോദ്യത്തിന് അവൻ പറഞ്ഞുതുടങ്ങിയെങ്കിലും ആ ഭാഷ എനിക്ക് മനസിലാകുമായിരുന്നില്ല.(അവന്റെ ‘അമ്മ മുഖം പോലും തരാതെ അവഗണന കാണിച്ചിരുന്നത് വല്ലാത്തൊരു മനസികപ്രയാസമാണെന്നിലുളവാക്കിയത്.)

പെട്ടെന്ന് വലിയൊരു ‌ശകാരശബ്ദം കേട്ട് തിരിഞ്ഞുനോക്കി. അവന്റെ ‘അമ്മ ഓടിവന്ന് അവന്റെ കയ്യിൽ പിടിച്ച്‌ വിളിച്ചുകൊണ്ടുപോയി.

വന്നിട്ട് ആറുദിവസമായിക്കാണും.

“ലീലാ…”

അദ്ദേഹത്തിന്റെ വിളിയൊച്ചകേട്ട് ഞാൻ മുറിയിലേക്ക് ചെന്നു. അദ്ദേഹം മുറിയിൽ കിടക്കുകയാണ്. മുറിയാകെ ചുരുട്ടിന്റെ രൂക്ഷമായ ഗന്ധം. അദ്ദേഹം എന്നെ വാത്സല്യത്തോടെ ശരീരത്തോട് ചേർത്ത് നിർത്തി. ആ ചേർത്തുനിർത്തലിൽ ഞാനൊരുവേള എന്റെ ഡാഡിയെ ഓർത്തുപോയി. സിലോണിലെ ബോംബുവീണുതകർന്ന കെട്ടിടങ്ങൾക്കിടയിൽ…
ഒരു തേങ്ങൽ തൊണ്ടയിൽ വന്നു തടഞ്ഞു.

പെട്ടെന്ന് വാതിൽക്കൽ കാൽപ്പെരുമാറ്റം കേട്ടു,നോക്കി. വാസു!
അസൂയയോടെ തന്നെ നോക്കുകയാണവൻ. അദ്ദേഹവും അവനെ കണ്ടു.

“വാസൂ…”

“ഏ …” അവൻ വിളി കേട്ടു. അകത്തേക്ക് വന്നു.
അവന്റെ കുറ്റിത്തലമുടിയിൽ തലോടിക്കൊണ്ട് അദ്ദേഹമെന്നോട് പറഞ്ഞത് എനിക്കേറെ ആശ്വാസമായൊരു വാചകമാണ്.

“മോളെ, ഇത് നിന്റെ സഹോദരനാണ്.”

അന്നുരാത്രി ആറുദിവസമായി ആ കുടുംബത്തിനകത്ത് രൂപമെടുത്തുവരികയായിരുന്ന ചുഴലിക്കാറ്റ്‌ ആഞ്ഞുവീശി. അദ്ദേഹവും അവന്റെ അമ്മയും പൂർണമായും ഒരു വഴക്ക്, അന്നേവരെ സംഭവിക്കാത്തവിധം അന്നുണ്ടായി.മറ്റു വീട്ടുകാരാരും അതിൽ ഇടപെടാൻ വരികയുണ്ടായില്ല.അദ്ദേഹം കഴിയുന്നത്ര ശാന്തനാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അവർക്കിടയിൽ നടന്ന സംഭാഷണങ്ങൾ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും അതിന്റെ സത്ത എനിക്ക് പൂർണമായും മനസ്സിലാവുമായിരുന്നു.ഓരോ വരികളിലും വാക്കുകളിലും ഞാനായിരുന്നു, സ്വർഗ്ഗതുല്യമായ ആ കുടുംബത്തിലേക്കുള്ള എന്റെ പ്രവേശമായിരുന്നു.

സംസാരങ്ങൾക്കിടെ മേശപ്പുറത്തെ കുപ്പിഗ്ലാസുകൾ വീണുടയുന്ന ശബ്ദം. ഞാൻ ചെവിപൊത്തി. തലയിണയിലേക്ക് കണ്ണീർതുള്ളികൾ ഉരുണ്ടുവീണു.

“ഈശ്വരാ.. ഞാൻ കാരണം…”

കുറച്ചുകഴിഞ്ഞപ്പോൾ ഒരു തേങ്ങൽ കോണിപ്പടിയിറങ്ങിയകന്നു പോകുന്നതായി അനുഭവപ്പെട്ടു.

ആ രാത്രി ഏറെ ദൈർഘ്യമുള്ളതായി തോന്നി. കൺപോളകൾ അടയ്ക്കാൻ കൂട്ടാക്കുന്നേയില്ല.

പിറ്റേ പ്രഭാതത്തിൽ അദ്ദേഹം വിളിക്കുന്നതുകേട്ട് പുറത്തുചെന്നു.
പെട്ടെന്ന് യാത്രയ്ക്ക് തയ്യാറാവാൻ പറഞ്ഞു. അദ്ദേഹവും ഒരുങ്ങിയിരിക്കുന്നു. ഡ്രസ്സണിഞ്ഞ്‌ നീല തോൽപെട്ടിയുമെടുത്ത്‌ കോലായിൽ ചെന്നപ്പോൾ വാസു മുറിയിൽ നിന്ന് ഉറക്കെണീറ്റ് വന്നിരുന്നു.

അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞ് വലിയ കൊളമ്പുകുടയുമെടുത്ത് ഇറങ്ങി. വാല്യക്കാരൻ വലിയ ട്രങ്കുപെട്ടിയുമെടുത്ത് നടന്നു നീങ്ങിയിരുന്നു.

“ലീലാ…”

ഞാൻ ഉമ്മറത്തേക്കിറങ്ങി. എന്റെ കയ്യിൽ ആ റബ്ബർ മൂങ്ങ എടുത്തിരുന്നു.കോലായിൽ തിരഞ്ഞു. തൂൺ ചാരി നില്പുണ്ടായിരുന്നു അവൻ.

ഞാൻ അവന്റെ അടുക്കലേക്ക് ചെന്നു. അപ്പോൾ ആ ചെറിയ കണ്ണുകളിൽ വിസ്മയം തുടിച്ചു. പതിയെ ആ കൈകളിലേക്ക് റബ്ബർമൂങ്ങയെ വെച്ചുകൊടുത്തപ്പോൾ അവൻ സ്തബ്ധനായി നിൽക്കുകയായി. ഞാനെന്റെ കൊച്ചുകുടയും കുലുക്കി മുറ്റത്തേക്കിറങ്ങി.

അദ്ദേഹം മുന്നിലും ഞാൻ പിന്നിലുമായി, നീണ്ടുനീണ്ട ഇടവഴിയിലൂടെ പോകവേ, ഞാനൊന്നു തിരിഞ്ഞു നോക്കി. ആ വലിയ തറവാടിന്റെ കോലായിലെ തൂണിൽ പിടിച്ച്‌ റബ്ബർ മൂങ്ങയെ നെഞ്ചോടുചേർത്ത്‌ അവൻ എന്നെ തന്നെ നോക്കി നിൽപ്പാണ് . പതിയെ ആ കാഴ്ചയും മറഞ്ഞു.

പന്തീരാണ്ടിനു ശേഷം ഞാനിന്ന് വാസുവിനെക്കുറിച്ച് ഓർത്തുപോയി.

പ്രിയപ്പെട്ട സഹോദരാ , നാഴികകൾക്കിപ്പുറത്തുനിന്ന് , ഈ അറിയപ്പെടാത്ത പട്ടണത്തിന്റെ ഉള്ളറയിലിരുന്ന് , നിന്റെ അച്ഛന്റെ , എന്റെ ഡാഡിയുടെ സംരക്ഷണയിലിരുന്നുകൊണ്ട് ഞാൻ മംഗളം നേരുന്നു.

നിന്നെക്കുറിച്ച് ഓർത്തുകൊണ്ട്, നഷ്ടവേദനയോടെ മാത്രം ഞാനിതു കുറിക്കട്ടെ.