ഈ അമ്മ സമ്പാദിച്ച തുകയ്ക്ക് ഇന്ന് മൂല്യമില്ല; നോട്ടുനിരോധനം അറിയാതെ മൂകയും ബധിരയുമായ ഈ അമ്മ

ചെന്നൈ:പത്തുവർഷത്തിലേറെ കാലം കൊണ്ട് മകളുടെ വിവാഹത്തിനായി പണം സമ്പാദിച്ച് സൂക്ഷിച്ച ഈ അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, തന്റെ സമ്പാദ്യത്തിന് ഇന്ന് കടലാസിന്റെ വിലമാത്രമെയുള്ളൂവെന്ന്. കഷ്ടപ്പെട്ട് പണിയെടുത്ത് കൂട്ടിവെച്ച പണത്തിന്റെ നോട്ടുകൾ നോക്കി നെഞ്ചുരുകുകയാണ് ബധിരയും മൂകയുമായ ഉഷ. നാഗപട്ടണം ജില്ലയിലെ സീർകാഴിക്കടുത്ത് മാതിരവേലൂർ പട്ടിയമേട് ഗ്രാമത്തിലാണ് ഈ കണ്ണീർക്കാഴ്ച. രാജദുരൈ (58)യുടെ ഭാര്യ ഉഷ(52)യാണ് 35,000 രൂപയുടെ നിരോധിച്ച നോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. ദമ്പതിമാരുടെ മകൾ വിമലയും (17) ഭിന്നശേഷിക്കാരിയാണ്.

നാലുവർഷംമുമ്പ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ നിരോധിച്ചതൊന്നും ഉഷ അറിഞ്ഞിട്ടില്ല. മാത്രവുമല്ല, മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണമായതിനാൽ ഭർത്താവിനെയോ മറ്റാരേയോ അറിയിക്കാതെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നതും. അതുകൊണ്ടുതന്നെ നോട്ട്‌നിരോധനക്കാലത്ത് ആർക്കും ഇവരെ സഹായിക്കാനും സാധിച്ചില്ല. തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന വേതനത്തിൽനിന്ന് മിച്ചംപിടിക്കുന്ന തുക പ്ലാസ്റ്റിക് കവറിലാക്കി വീടിനുപിന്നിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു ഉഷ.

ഈയിടെ സർക്കാരിൽനിന്ന് വീടിന്റെ അറ്റകുറ്റപ്പണികൾക്ക് പണം ലഭിച്ചതോടെ രാജദുരൈ പുരയിടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഭാഗമായി വീടിനു പിൻവശം കുഴിച്ചപ്പോഴാണ് പണക്കെട്ട് ലഭിച്ചത്. ചോദിച്ചപ്പോൾ പണം താനാണ് കുഴിച്ചിട്ടതെന്ന് ഭാര്യ സമ്മതിച്ചു. മകളുടെ വിവാഹത്തിനായി കരുതിവെച്ചതായിരുന്നുവെന്നും ആ നോട്ടുകൾ നിരോധിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഉഷ ആംഗ്യഭാഷയിൽ ഭർത്താവിനെ അറിയിച്ചു.

അതേസമയം, ആകെയുണ്ടായിരുന്ന സമ്പാദ്യത്തിന് മൂല്യമില്ലെന്ന് അറിഞ്ഞതുമുതൽ വിഷമത്തിലായ ഉഷയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അയൽക്കാർക്കും അറിയില്ല. കുടുംബത്തിന്റെ ദയനീയ സാഹചര്യം പരിഗണിച്ച് ഈ തുക മാറിയെടുക്കുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് രാജദുരൈ. പണം മാറ്റിക്കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.