കിലാവത്ത്‌( കഥ-കമർ മേലാറ്റൂർ )

“വെല്ലിമ്മാ കേക്കട്ടെ പറയിം..”
അവന്റെ കൗതുകത്തിന്റെ ഉഷ്ണരാശികളിലേക്ക്‌ നിസ്കാരപ്പായയിൽ വല്ലിമ്മ കിസ്സകളുടെ കെട്ടഴിച്ചിട്ടു.

“അന്ന് മുസ്‌ലിങ്ങള്‌ ഇന്ദുക്കളെ കൊന്നിട്ടുണ്ടൊ വെല്ലിമ്മാ..”
വല്ലിമ്മ പറഞ്ഞ ഖിലാഫത്ത്‌ വിപ്ലവ കഥകൾക്ക്‌ മീതെയ്ക്ക്‌ ചാനലുകൾ എയ്തുവിടുന്ന വാക്ശരങ്ങൾ വിഷം പടർത്തി. കല്യാണിയും താനും ഒരിലയിലുണ്ട്‌ ഒരു പായയിൽ കിടന്നുറങ്ങിയ ഖിലാഫത്തിന്റെ രാത്രികൾ വല്ലിമ്മ ചുമച്ചുതുപ്പി.

പത്രത്താളുകൾ ഉമ്മറങ്ങളിൽ ഗൂഢാലോചനകൾ നടത്തിക്കൊണ്ടിരുന്നു.
പ്രാർത്ഥനാലയങ്ങളിൽനിന്ന് ദൈവങ്ങൾ രക്ഷ തേടി.

“ഓൻ തന്നെ, വെട്ടടാ..” ഇരുട്ടിനെ വെട്ടിക്കീറിക്കൊണ്ട്‌ ഒരു കൊടുവാൾ. ഖബർസ്ഥാനുകളും ശ്മശാനങ്ങളും ശവങ്ങൾ കുന്നുകൂടുന്നു.

“റബ്ബിൽ ആലമീനേ , ഈ കിലാവത്ത്‌ തീരൂല്ലാ…” വെല്ലിമ്മ സക്കറാത്ത്‌ കാത്ത്‌ കിടന്നു.

കമർ മേലാറ്റൂർ