നരബലി (കവിത-വിപിൻ പുത്തൂരത്ത്)

ദിഗന്ധങ്ങൾ നടുങ്ങുമാറുച്ചത്തിൽ കേൾക്കുന്നാ മാതൃ രോദനം
ഹൃദന്തങ്ങൾ വിറക്കുന്നാക്കാഴ്ച കണ്ടറ്റതാലിയുമായവൾ
മറക്കുവാൻ കഴിയുമോ മനസ്സുകൾക്കാ മക്കൾ തൻ നിലവിളി
നനച്ചു മണ്ണിനെച്ചോരയാലാ പ്രത്യയശാസ്ത്രത്തിൻ പക
ജനിച്ചു ജീവിച്ചുവത്രേ അവർ മാറ്റത്തിൻ തീച്ചൂളയിൽ
കരിഞ്ഞ ചിറകുമായ് വെന്തൊടുങ്ങീ രാഷ്ട്രത്തിനായ്
ഒരമ്മതൻ മക്കളെപ്പോലൊറ്റത്തോൾ ചേർന്നാർത്തുല്ലസിച്ചവർ
മറന്നു സർവ്വവും മറ്റുള്ളോർക്കായ് ചട്ടുകങ്ങളായ്
അലച്ചു തല്ലും മുദ്രാവാക്യങ്ങൾ തൻ പ്രകമ്പനങ്ങൾ
അടർക്കളത്തിലേക്കെടുത്തുചാടുന്നു പാവപ്പടയാളികൾ
ആർത്തുചിരിക്കുന്നൂ ചാവി കൊടുപ്പവർ കൊലയാളികൾ
നേതാക്കളത്രേ നേരും നെറിയുമില്ലാത്ത പിണിയാളുകൾ
നിറച്ചു സ്വപ്നങ്ങൾ നെയ്ത മനസ്സുമായ്
നിരത്തിലൂടെ നടന്നു നീങ്ങിയോൻ
നിനച്ചിരിക്കാതെ തുളച്ചു കേറി കഠാര
തെറിച്ചു വീണൂ കുടൽമാല സാർത്ഥകമായൊരു ജന്മം കൂടി
മരിച്ചു പോയ് പ്രണയവും കനവും പ്രത്യാശയും
നിലച്ചു വായ്ത്താരി നിനവും നിരാശയും
അനാഥരായ് കുരുന്നുകൾ നിർവ്വികാരയായ് പാതിമെയ്
അലയൊടുങ്ങാത്തൊരാ ഴിപോലമ്മമാനസം
ആർക്കു പോയ് അവനവന്നോ, കൂടപ്പിറപ്പിനോ, കൂട്ടുകാർക്കോ ?
ഉളുപ്പശേഷമില്ലാത്ത പ്രസ്ഥാനത്തിനോ ?
അനുശോചനങ്ങളും ആദരാഞ്ജലികളും ആർഭാടമായി നടത്തുവോർക്കോ ?
മാളികമുകളേറി മാതൃക കാട്ടുന്ന കപടമാന്യർക്കോ ?
സ്മൃതി മണ്ഡപത്തിനായ് പിരിവു നടത്തുന്ന –
നാളത്തെയറവിനായ് പച്ചകുത്തി – മുക്രയിട്ടവസാന മേച്ചിൽ നടത്തുന്ന മാടുകൾക്കോ ?
ആർക്കു പോയ് ? അവനവന്നോ ,കൂടപ്പിറപ്പിനോ, കൂട്ടുകാർക്കോ ?
മാറ്റി വക്കാമിനി വാശിയും വീറും വിപരീത ബുദ്ധിയും
മാറ്റത്തിനായി കൊതിക്കും മനസ്സുകൾക്കൂറ്റത്തിലോർക്കാൻ
വിറയാർന്ന കയ്യാൽ തെളിക്കാം സ്നേഹമാം നറുതിരി