വരൾച്ച (കവിത -ഗഫൂർ എരഞ്ഞിക്കാട്ട്)

ഒരു മഴ പെയ്തെങ്കിലെന്നാശിച്ചു
ഒരുപാട്‌ കേണിട്ടുണ്ട്‌ ഗ്രാമവും
ഗ്രീഷ്മ താപത്താൽ
ജ്വലിച്ചിരുന്നു മണ്ണും മനവും

തപിക്കുന്ന വയലിലൂടെ
കർഷകനും കേണിരുന്നു
ആ ജലത്തുള്ളിക്കായ്‌ .
തവളകളുടെ രോദനവും
അതിനായിരുന്നത്രെ .

ഉഷ്ണത്താൽ പിളർന്ന്
നിൽക്കുന്ന
മണ്ണിനെ കുളിരണിയിക്കുന്നത്‌
കാണാൻ
ദൈവത്തിന്റെ പർണ്ണശാലയിലെ
മഴയെത്തേടി കണ്ണീർ പൊഴിച്ചു
ആബാലവൃദ്ധം .

എന്നിട്ടുമീ മഴയൊന്ന്
ശക്തമായപ്പോൾ
നശിച്ച മഴയെന്ന്
ഉരുവിട്ടതെന്തേ ..? .

മഴയൊന്ന്
പിൻവലിഞ്ഞപ്പോഴേക്കും
വരണ്ടുപോയി
പല മനസ്സുകളും
നിളയടക്കം നദികളും .

ഒഴുകൂ … കാലമേ നീ
ഇനിയും
കളകളാരവം പൊഴിയ്ക്കുന്ന
സംഗീതമായ്‌
വെള്ളിയരഞ്ഞാണിന്റെ
സുന്ദര സൃഷ്ടിയിൽ .

ഋതുക്കൾ കനിഞ്ഞേകിയ
മഴത്തുള്ളികളിനിയും
പോയി മറയും .

സുകൃതമായും പിന്നെ
ശാപവാക്കുകളായ്‌
മാറ്റിമാറ്റി പറയാനായ്‌
ഇനിയും മാനവർ
മാറി വരും .