എനിക്കൊരു കവിതയാവണം (കവിത- ബാപ്പുചോളമുണ്ട)

വറ്റിത്തുടങ്ങിയ
ചോരയില്‍നിന്നു
ഒരു തുള്ളി,

പടുതിരിയാളുന്ന
ഉയിരിന്‍തിരിയില്‍നിന്നൊരിറ്റ്,

പക്ഷങ്ങളൊടിഞ്ഞ
കിനാവില്‍നിന്നു
ഒരു തൂവല്‍,

അനാഥത്വത്തിന്റെ
വേനലില്‍നിന്നൊരു നട്ടുച്ച,

തോരാത്ത ആകാശത്തിന്റെ
ഒരുകീറ്,

വഴികളിടുങ്ങിയ
ജീവിതത്തില്‍നിന്നൊരേട്,

മുടന്തിയോടിയ പാദങ്ങളില്‍നിന്നു
ഒരു കുതിപ്പ്,

നെടിയ നിശ്വാസത്തിന്റെ,
ഒരു കിതപ്പ്,

താളഭംഗം വന്ന ഹൃദയത്തില്‍നിന്നു
ഒരു മിടിപ്പ്,

നിന്നെ കുടിച്ചുതീര്‍ക്കാനുള്ള
എന്റെ ദാഹത്തില്‍നിന്നു
ഒരേയൊരു മാത്ര,

നിന്റെ കപോലങ്ങളെ
കിനാവുകാണുന്ന
ഒരു ചുടുചുംബനം,

തോര്‍ന്നിട്ടും തീരാത്ത
ഒരു മരപ്പെയ്ത്ത്,

നട്ടുച്ചയുടെ നെറ്റിത്തടം തഴുകും
നേര്‍ത്ത കാറ്റിന്റെ ഇലമര്‍മ്മരം,

നടന്നിട്ടും നടന്നിട്ടും
നിന്നിലേയ്ക്കെത്താത്ത
എന്റെ പദനിസ്വനം,

ഇതാ ഇവിടെ വയ്ക്കുന്നു;
ഞാനൊടുങ്ങിയ മണ്‍കൂനയില്‍,
തെഴുത്തുനില്‍ക്കും മൈലാഞ്ചിച്ചോട്ടില്‍.

ഈ വായനയിലെങ്കിലും,
നിന്റെ കരളില്‍ കൊളുത്തിപ്പിടിച്ച്
എനിക്കൊരു കവിതയാവണം.