ഡോക്ടറുടെ മുറി (കഥ-റൂബി നിലമ്പൂർ )

വർഷങ്ങളായി ഡോക്ടറുടെ കൺസൾട്ടിങ് റൂമിലാണെന്റെ താമസം. അവിടെ സ്പിരിറ്റും ആന്റീബയോട്ടിക്കുകളും രൂക്ഷഗന്ധമടിപ്പിച്ച് എന്നെ മടുപ്പിച്ചു.

നനുത്ത കൈത്തണ്ടകളിൽ ചുറ്റിപ്പൊതിഞ്ഞെത്തുന്ന കുഞ്ഞു കൈത്തണ്ടകളിൽ സൂചിമുന കേറുമ്പോൾ നെഞ്ചിടിപ്പോടെ ഞാനും അനക്കമറ്റ് നിൽക്കും. എങ്കിലും തൊണ്ടകീറിപ്പിളർന്നെത്തുന്ന കുഞ്ഞുകരച്ചിലീണം കേൾക്കാനെനിക്കിഷ്ടമായിരുന്നു.

എനിക്കെതിരെയുള്ള ജനലിനപ്പുറം തോട്ടക്കാരന്റെ വിണ്ടുകീറിയ മടമ്പുകൾക്ക് മീതെ ആസനത്തിലേക്ക് നൂഴ്ന്നിറങ്ങിയ തുളവീണ ട്രൗസറിന്റെ കുനിഞ്ഞുകുറുകിയ ചിത്രം കണ്ടുമടുത്തു.
എല്ലാദിവസവും ഏതെങ്കിലുമൊരു വൃദ്ധന്റെ നെഞ്ചിൻകൂട് തകിടം മറിച്ചെത്തുന്ന ചുമയുടെ വരണ്ടതാളം എപ്പോഴുമെന്നെ വിറളി പിടിപ്പിക്കും.

ഊർദ്ധശ്വാസമെന്നോ മറ്റോ ഡോക്ടർ പറയുന്ന ഒരു നീണ്ട കുഴൽവിളി പോലെ ശ്വാസം കഴിക്കുന്ന വയസ്സൻ വർഷങ്ങളായി എല്ലാമാസവും മുടങ്ങാതെയെത്തും. ഡോക്ടറെ കാണാൻ അയാളുടെകൂടെ തടിച്ച സ്വർണവളകളണിഞ് പരന്ന നിതംബവുമായി വരാറുള്ള തടിച്ചി മരുമകളാവാനാണ് സാധ്യത. അവരുടെ ചൂണ്ടുവിരലിനും വൃദ്ധന്റെ കണ്ണുകൾക്കുമിടയിൽ ഒരാജ്ഞാശക്തി നിലനിൽക്കുന്നതായി എനിക്ക് തോന്നാറുണ്ട്. കാര്യമെന്തായാലും അവർ കടന്നുവരുമ്പോൾ സ്പിരിറ്റിന്റെ ഗന്ധത്തെ തോൽപ്പിച്ച് ഏതോ സുഗന്ധം ഡോക്ടറുടെ മുറിയിലൂടെ ഒഴുകും. അവർ മേശപ്പുറത്ത് ഉപേക്ഷിച്ചുപോകുന്ന നൂറിന്റെ നോട്ടുകൾക്കുപോലുമുണ്ട് ആ സുഗന്ധമെന്ന് മേശവലിപ്പിൽ തിങ്ങി നിറഞ്ഞിരിക്കുന്ന മറ്റു നൂറുരൂപാ നോട്ടുകൾ അടക്കം പറയും.

ഇനി പന്ത്രണ്ട് മണിയാവുമ്പോൾ ഇളം തവിട്ട് നിറമുള്ള ഒരിളക്കക്കാരി ചൂലുമായ് വരും. ഫിനോയിലിന്റെ മണമാണവൾക്ക് !ശരീരം ആവശ്യത്തിലധികം കുലുക്കി ചവിട്ടിക്കുത്തിയാണ് വരവ്. ഞൊടിയിടയിൽ തൂത്തുതുടച്ച് ഫിനോയിലിന്റെ മണം മുറിയിൽ ബാക്കിയാക്കി അവൾ വാതിലടക്കും. അതോടെ നിശ്ചലമാകുന്നത് എന്റെ കുഞ്ഞു ലോകമാണ്.

തണുപ്പുറഞ്ഞുകിടക്കുന്ന വെള്ളാരം കല്ലുകൾക്കുമീതെ ഏകാന്തത മുറിപ്പെടുത്തുന്ന ആ ഇരുട്ടിൽ ഓർമ്മകളുടെ ആഴങ്ങളിൽ ഞാനെന്റെ ഭൂതകാലങ്ങളെ തിരയും. എനിക്ക് നഷ്ടപ്പെട്ട എന്റെ കൂടെപ്പിറപ്പുകളെ കണ്ണുകളിലാവാഹിക്കും.

എന്നുമൊരേ പുലരി , ഒരേ ഭക്ഷണം ഒരേ ഗന്ധം….
നിങ്ങളുടെ ആർഭാടങ്ങൾക്ക് സാക്ഷ്യപ്പെട്ട് ഞങ്ങളുടെ നിശ്ശബ്ദ ജീവിതം.
ഇന്നലെ ഡോക്ടറുടെ , മരക്കുറ്റിപോലത്തെ പണിക്കാരൻ രാത്രിയിൽ ജനല്പാളികൾ അടക്കാൻ മറന്നുപോയത് ദൈവം എനിക്കുനൽകിയ അപൂർവ്വ വിരുന്നായിരുന്നു. നിലാവ്….. തണുത്ത രാത്രിയുടെ പാൽനിഴൽപ്പാളികളിലൂടെ സ്വകാര്യം പറഞ്ഞെത്തിയ രത്നവെളിച്ചം ഭൂമിയിൽ പരന്നൊഴുകുന്നത് തുറന്നിട്ട ജാലകങ്ങൾക്കിടയിലൂടെ ഞാൻകണ്ടു. എനിക്ക് നഷ്ട്ടപ്പെട്ട….. കുഞ്ഞുനാളിൽ എങ്ങോ ഞാൻ കണ്ടുമറന്ന കാഴ്ചയുടെ വെ ണ്‌ചിമിഴ്……
ഈ കാഴ്ചകൾക്കപ്പുറം ജാലകം കൊട്ടിയടച്ച് കമഴ്ന്നുകിടന്നുറങ്ങുന്ന മനുഷ്യരോട് എനിക്ക് സഹതാപം തോന്നുന്നു.
ഡോക്ടറുടെ മകളുടെ അരുമയായ കിറ്റി അവളുടെ നാലാമത്തെ ഗർഭവും ചുമന്ന്‌ ജനല്പടിയിലേക്ക് ചാടിക്കയറി. ഈ കുറഞ്ഞ കാലത്തിനിടക്ക് പലവട്ടം വയറ് വീർപ്പിക്കുകയും പെറ്റൊഴിക്കുകയും ചെയ്തു അവൾ.
ഒരിണയുടെ ഗന്ധമറിയാതെ ,അവന്റെ പ്രണയമറിയാതെ അവന്റെ സ്പർശങ്ങളറിയാതെ കെട്ടഴിഞ്ഞുവീണ എന്റെ നല്ലകാലങ്ങളെക്കുറിച്ചോർക്കാതിരിക്കാൻ ആ സമയത്തെനിക്കായില്ല.
ഒരുകാരണവുമില്ലാതെ കണ്ണാടിക്കൂട്ടിൽക്കിടന്ന് ഇടംവലം നോക്കാതെ വട്ടം ചുറ്റുമ്പോൾ അത് ഞങ്ങൾക്കുവേണ്ടിയല്ല , നിങ്ങളുടെ ശ്രദ്ധ ഞങ്ങളിലേക്ക് പതിയാൻവേണ്ടി ആണെന്ന് നിങ്ങളറിയുന്നുണ്ടാവില്ല. ഞങ്ങൾക്ക് ശബ്ദഭാഷയില്ലല്ലോ….
പ്രായമായിത്തുടങ്ങി. ഇനി ചെതുമ്പലുകൾ പൊഴിഞ്ഞ് ശരീരം ചീർക്കുകയും…. കണ്ണുകൾ വട്ടത്തിലൊതുങ്ങാതെ പുറത്തേക്ക് തള്ളിത്തുടങ്ങുകയും കാഴ്ച മങ്ങുകയും ചെയ്തുതുടങ്ങും. അതോടെ ആർഭാടങ്ങളില്ലാത്ത തണുത്ത മരണത്തിലേക്ക് പതുക്കെ വാല് ചുഴറ്റിക്കൊണ്ട് നടന്നടുക്കും.
ഒടുവിൽ കാറ്റിൽ പാറിവീണ ഒരിലപോലെ ജലോപരിതലത്തിൽ ഭാരമില്ലാതെ…..
പിറ്റേന്ന് നിങ്ങൾ അക്വറിയത്തിലെ തണുത്ത ശൂന്യതയിലേക്ക് പുതിയ തിളക്കമുള്ള മീനുകളെയും വൃത്തിയുള്ള വെള്ളവും നിറയ്ക്കും.
നിങ്ങളുടെ കണ്ണുകൾക്ക് പുതിയ കാഴ്ചകൾ വേണമല്ലോ…