തിരികെ തരിക ബാല്യമേ ( റോസ് ജോർജ്ജ് )

മാമ്മി ടീച്ചർ നാലുമണി അടിക്കുന്നതിനു മുൻപുള്ള അവസാനത്തെ പീരിയഡിൽ മൂന്ന് ബി യിലെ കുട്ടികളെ വീണ്ടും ഓർമിപ്പിച്ചത് പിറ്റേന്നത്തെ സ്വാതന്ത്ര്യ പുലരിയെപ്പറ്റിയാണ് .പതാക ഉയർത്തണം ,എല്ലാകുട്ടികളും വൃത്തിയായി യൂണിഫോം ധരിച്ചിരിക്കണം ,പെൺകുട്ടികൾ പ്രത്യേകിച്ച് അല്പം നന്നായി ഒരുങ്ങി തന്നെ വരണം .മുടി രണ്ടായി മെടഞ്ഞു ഓറഞ്ച് കളർ ഉള്ള റിബ്ബൺ കെട്ടണം .ക്രീം ഷർട്ടും പച്ച പാവാടയും ഓറഞ്ച് റിബ്ബണും . എല്ലാവരെയും കാണാൻ നല്ല ശേലായിരിക്കും . ഞങ്ങളെല്ലാം അതുകേട്ടു തലകുലുക്കിയപ്പോൾ ടീച്ചർ ഒരു കാര്യം കൂടി ഓർത്തെടുത്തപോലെ പറഞ്ഞു .
ആ പാട്ടില്ലേ , അത് പാടുമ്പോൾ ഉണരും നവയുഗ വസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ എന്നിടത്തു മുഖം രണ്ടുവശത്തേക്കും ആട്ടണം .
ദാ , ഇങ്ങനെ ,
എന്നിട്ടു ബാക്കിഭാഗം നേരെ നോക്കി പാടണം “ശിൽപികൾ ഞങ്ങൾ ഭാരതശില്പികൾ ഞങ്ങൾ .
ബെല്ലടിച്ചു , എല്ലാവരും തിടുക്കത്തിൽ വീടെത്താൻ ഓടി . ഞാൻ മെല്ലെ നടന്നു . ഓട്ടത്തിൽ ചിന്തകൾ കൂട്ടുകൂടില്ലാന്നു എപ്പഴേ മനസ്സിലാക്കിയതാണ് .ഇതാകുമ്പോൾ വഴിയിലുള്ള കാഴ്ചകളും അല്പം വിചാരങ്ങളൂം ഒക്കെയായി വീട്ടിലെത്താം .
നന്നായി ഒരുങ്ങി വരണമെന്നാണ് മാമ്മി ടീച്ചർ പറഞ്ഞത് .സ്വാതന്ത്ര്യം എന്താന്നുള്ളത് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് . വട്ടമേശസമ്മേളനത്തിൽ ബാപ്പുജി പറഞ്ഞുവത്രേ “ഞങ്ങൾക്ക് സ്വാതന്ത്ര്യം തരുന്നത് നിങ്ങടെ സ്വാതന്ത്ര്യത്തിനു എതിരാണെങ്കിൽ ഞങ്ങക്കതു വേണ്ട ” മറ്റേ ചങ്ങാതിമാര് അന്തം വിട്ടിരുന്നുപോയത്രെ .
അങ്ങനെ സ്വയം എന്നോടുതന്നെ മിണ്ടിയും പറഞ്ഞും പിറ്റേന്നത്തേക്കുള്ള ഒരുക്കത്തിന് ചില സൂത്രങ്ങൾ ഒക്കെ കണക്കുകൂട്ടി വീടെത്തി .താമസിച്ചുവല്ലോ എന്ന അമ്മയുടെ പരിഭവത്തെ രണ്ട് പഴംപൊരി കഴിച്ചു നിർവീര്യമാക്കി കാപ്പിയും കുടിച്ചു മുറ്റത്തെ നടയിൽ പോയിരുന്നു .
ഞങ്ങളുടെ നാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായ ഗിരീശൻ ആന അവന്റെ ലക്ഷണമൊത്ത ചലനങ്ങളോടെ കുന്നിറങ്ങി എങ്ങോട്ടോ പോവുകയാണ് .എന്റെ വീടിന്റെ മുന്നിലെത്തിയതും തന്റെ ജൈവാവശിഷ്ടങ്ങൾ നടുറോഡിൽ നിക്ഷേപിച്ചു .ഒട്ടും ദേഷ്യപ്പെടാതെ പാപ്പാൻ ചേട്ടൻ അതീവജാഗ്രതയോടെ അവ തേക്കിലയിൽ കോരിയെടുത്തു ഞങ്ങടെ ചെന്തെങ്ങിനു വളമായി ഇടുന്നതും നോക്കി ഞാനിരുന്നു .ആനപ്പറമ്പ് എന്ന്‌ ഞങ്ങൾ പേരിട്ടിരിക്കുന്ന പറമ്പിൽ അവന്റെ നല്ലവനായ ഉടമസ്ഥൻ അവനുവേണ്ടതെല്ലാം ഇഷ്ടംപോലെ ഒരുക്കിയിട്ടുണ്ട് . നിറയെ വന്മരങ്ങളും പനകളും തെങ്ങും എല്ലാമുണ്ടവിടെ . . എന്നിട്ടും എന്തേ നടുറോഡിൽ ?
ആലോചന ആ വഴിക്കായി .
വണ്ടികൾ ഇരമ്പിപ്പായാത്ത , ടാറിടാത്ത റോഡിൽ ഗിരീശന് ഭയപ്പെടാൻ ഒന്നുമില്ലായിരുന്നു .അവൻ നടന്നുപോകുമ്പോൾ താനും ഭൂമിയുടെ അവകാശിയാണെന്ന ബോധ്യമുണ്ടായിരുന്നു . ആൾക്കൂട്ടമോ ബഹളമോ അവനെ പിന്തുടർന്ന് ശല്യപെടുത്താനും ഇല്ലായിരുന്നു. പുളിക്കീലെ ഗിരീശൻ .അതാണവന്റെ അഡ്രസ് .അപ്പോൾ സ്വാതന്ത്ര്യമുള്ളിടത്തു ഭയം വേണ്ടായോ , അതോ ഭയം ഇല്ലാത്തിടത്തു സ്വാതന്ത്ര്യം കടന്നുവരുമെന്നോ . ചിന്തകൾക്ക് തീപിടിച്ചു ഞാൻ എണീറ്റു .
നാളെ നന്നായി ഒരുങ്ങി വരണം . മാമ്മി ടീച്ചർ ചുമ്മാ പറഞ്ഞതല്ല. കാര്യം ഉണ്ടായിട്ടാണ് . പാട്ട് പാടാനും ഉള്ളതാണ് . അല്പം വിശേഷമായിത്തന്നെ ഒരുങ്ങണം .
സന്ധ്യ മയങ്ങി , കുളിയുംഅത്താഴവും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടന്നു . കിടന്നതേ ഉള്ളു , ഉറക്കം വളരെ വൈകിയാണ് വന്നത് . കൺപോളകൾ തൂങ്ങിയടയുന്നതിനുമുന്പ് ഒന്നും കൂടി ഉറപ്പുവരുത്തി , കുട്ടിക്യൂറ പൗഡറും തീപ്പെട്ടികൊള്ളിയും ജനാലക്കൽ തന്നെ ഉണ്ടോ എന്ന്‌ .
സ്വാതന്ത്ര്യപ്പുലരിയിൽ രാവിലത്തെ പുട്ടിലും നേന്ത്രക്കായ പുഴുങ്ങിയതിൽ നിന്ന് പുട്ടിനെ ഒഴിവാക്കി വേഗം കഴിച്ചു തീർത്തു . യൂണിഫോം ഇട്ട്‌ അമ്മയുടെ മുന്നിൽ ഓടിച്ചെന്നു .
മുടി രണ്ടായി മെടയുന്നതിനിടയിൽ ‘അമ്മ പതിവ് പോലെ പലതും ഓർമിപ്പിച്ചു .അറ്റത്തെ റിബ്ബൺ പൂ പോലെ ഒതുക്കി തന്ന് ‘ചീപ്പിലെ മുടി ഊർത്തിമാറ്റി അമ്മയുടെ തലയിൽ ഇറക്കി ആഴ്ത്തിവച്ചു .
.കുട്ടിക്യൂറ പൗഡറിന്റെ അടപ്പിനുള്ളിലേക്കു പൌഡർ കുടഞ്ഞു അല്പം വെള്ളത്തിൽ ചാലിച്ചു തീപ്പെട്ടി കൊള്ളികൊണ്ടു പുരികത്തിനു മേലെ കുത്തു കുത്തിട്ടു .
ആ ചിത്രത്തിൽ കണ്ട നർത്തകിയുടെ പോലെ
തന്നെ .
ഒരുങ്ങിയിറങ്ങി .
പോവാണേ
എന്ന്‌ പറയുമ്പോഴാണ് അമ്മയെന്നെ കാണുന്നത് .
ഇങ്ങനെ നടന്നു പോവല്ലേ , ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും , അമ്മയുടെ മുഖത്തെ ആകുലത വായിച്ചറിഞ്ഞിട്ടും
സ്കൂളിൽ എത്താനുള്ള തിടുക്കത്തിൽ ഈയുള്ളവൾ പടിയിറങ്ങി . കുന്നുകയറി തിരിഞ്ഞു നോക്കിയപ്പോൾ കരുതലായി ചേട്ടൻ പിന്നാലെ ഉണ്ട് . വളഞ്ഞു പുളഞ്ഞ വഴിയിൽ എല്ലാ വീട്ടുകാരും അറിയുന്നവർ തന്നെ .
രാവിലെ ചോറുവാർത്തു കഞ്ഞിവെള്ളം മുറ്റത്തെ ചെരുവത്തിലേക്കു പകരാൻ വന്ന ശാന്ത അകത്തേക്ക് വിളിച്ചു പറഞ്ഞു .
ആ കൊച്ചിന്റെ പോക്ക് കണ്ടോ .
അങ്ങനെ എതിരെ വരുന്നവരുടെയും കടന്നു പോകുന്നവരുടെയും ,വീടുകളിൽ നിന്നു എത്തിനോക്കുന്നവരുടെയും കൗതുകത്തെ അഭിനന്ദനമായി മാത്രം പരിഗണിച്ചു ഞാൻ സ്കൂളിലെത്തി .ഈ സമയമത്രയും എന്റെ മഴത്തുള്ളിപോലത്തെ വെള്ളപ്പൊട്ടുകൾ നെറ്റിയിൽ നിന്നു അടർന്ന് പോവാതിരിക്കാൻ ഞാൻ ചിരിക്കുകയോ ആരോടും സംസാരിക്കുകയോ ചെയ്തില്ല .
സ്കൂളിന്റെ പ്രധാന കവാടത്തിൽ നിന്നേ മാമ്മി ടീച്ചറിന്റെ നോട്ടം എന്നിലെത്തി .അതൊരു അംഗീ കരമാണെന്ന തിരിച്ചറിവിൽ
തല വെട്ടിച്ചു
ഇനി പൊക്കോ
എന്ന്‌ ചേട്ടനോട് പറഞ്ഞിട്ട് ഞാൻ ഓടി എന്റെ ടീച്ചറിന്റെ അടുത്തേക്ക് . ലിൻസിയും സിൻസുവും ടോമും ഷാജുവും എന്നെ അമ്പരപ്പോടെ നോക്കി .
വെള്ളപ്പൊട്ടുകൾ അതിരിട്ട എന്റെ നെറ്റിത്തടത്തിൽ നോക്കി ടീച്ചർ എല്ലാ കുട്ടികളോടും പറഞ്ഞു .
“ഇങ്ങനെ വേണം ഒരുങ്ങി വരാൻ .”
. അത് ആക്കിയതാണോ
എന്നൊരു ചിന്ത മിന്നായം പോലെ വന്നപ്പോഴും ഏയ് തോന്നിയതാണ്
എന്നും പറഞ്ഞു ഞാനതിനെ വെട്ടി .
പതാക ഉയർത്തലിനുശേഷം കുട്ടികളാരെങ്കിലും സ്വാതന്ത്ര്യദിന സന്ദേശം നൽകുമോ എന്ന ചോദ്യത്തിന് ഞാൻ കൈ ഉയർത്തി .ഹെഡ്മിസ്ട്രെസ്സും ടീച്ചറ്മാരും പ്യൂൺ ചേച്ചിയും എല്ലാ കുട്ടികളും എന്റെ നെറ്റിയിലെ വെളുത്ത വെള്ളപ്പൊട്ടുകളിൽ നോട്ടമുറപ്പിച്ചു .
ഞാൻ പറഞ്ഞു തൂടങ്ങി ,
വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ
ഞാനൊട്ടു വാനിൽ
പറന്ന് നടക്കട്ടെ
കാണ്മതുണ്ടതാം തെല്ലകലത്തിലെൻ
ജന്മഭൂമിയാം കാനനം മോഹനം .
രണ്ടാം ക്ലാസ്സിൽ പഠിച്ച കവിതയിലെ കൂട്ടിൽനിന്നും പറന്നുപോകാൻ വെമ്പൽ കൂട്ടുന്ന കിളി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ,വിരിയുന്ന പൂവിന്റെ , ഒഴുകുന്ന പുഴയുടെ , പത്തു വയസ്സിനുള്ളിൽ മനസ്സിൽ ശേഖരിച്ചു വച്ചതൊക്കെ പുറത്തുചാടി .കൂടുതലൊന്നും പറയാൻ അറിയില്ലായിരുന്നു . പക്ഷെ പറഞ്ഞതൊക്കെ എന്റെ മനസ്സിന്റെ സ്വാതന്ത്ര്യത്തിൽ നിന്നായിരുന്നു .
മാമ്മി ടീച്ചർ ഒരു ആലിംഗനത്തിൽ കൂടി എന്നെ ചേർത്തുപിടിച്ചപ്പോൾ സ്വാതന്ത്ര്യത്തിൽ സ്നേഹം ഒളിഞ്ഞിരിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി .
അന്നു പാടിയ പാട്ടിൽ ഭാരതത്തിന്റെ ശിൽപികൾ ഞങ്ങളെല്ലാവരും ആണെന്നാണ് .
സ്വാതന്ത്ര്യത്തിന്റെ പൂവാടിയിലെ വിടരുന്ന പൂക്കളാണെന്നും പാടി .
ശിശുസഹജമായ നിഷ്കളങ്കതയെ കാലം മോഷ്ടിച്ചിരിക്കുന്നു .
മുപ്പത്തിയെട്ടു വർഷം പിന്നിലേക്ക് തിരിഞ്ഞു നടന്നു ചിലതൊക്കെ എത്തിപിടിക്കാനാണ് ഞാനിപ്പോൾ എല്ലാദിവസവും കൊണ്ടൂർമലയുടെ താഴ്‌വാരങ്ങളിൽ ഉണർന്നെഴുനേൽക്കുന്നത്