ഏകാന്തത ( കവിത-നിമ്മി പ്രകാശ് )

ഏകാന്തതയുടെ മങ്ങിയ
വെളിച്ചത്തിൽ
സ്വപ്നങ്ങൾക്ക്
കാവലിരിക്കുന്നൊരു
വളോട്
ജീവിതത്തെപറ്റി
ചോദിക്കുമ്പോഴൊക്കെ
ഓടി തളർന്നൊരു മനസ്സ്‌
ഒരു കടൽ കുടിച്ചു
വറ്റിക്കുന്നു.
ആടിതളർന്നൊരുടൽ
വറുതിയിൽ
വീണ് ചുട്ടു പഴുക്കുന്നു.
മൊരി പിടിച്ചൊരു വയസ്സ്
നഗ്നതയിൽ
വിരൽകൊണ്ട് കുത്തി
നോവിക്കുന്നു.
ഒരു മരണം ഉമ്മറപ്പടിയിൽ
സന്ദർശനത്തിനായി
കാത്തു നിൽക്കുന്നു
ആഴക്കടലിനും വരണ്ടകണ്ണിനും
ഒരേ രുചിയെന്നവൾ
ഉച്ചത്തിൽ പിറു പിറുക്കുന്നു.