റിസര്‍വ് ബാങ്ക് വീണ്ടും വിപണിയില്‍ ഇടപെടുന്നു

രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വീണ്ടും വിപണിയില്‍ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക.

2024 നവംബര്‍ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളില്‍ കാലാവധിയെത്തുന്ന സെക്യൂരിറ്റികള്‍ യഥാക്രമം 6.18ശതമാനം, 8.24ശതമാനം, 5.79ശതമാനം, 7.95ശതമാനം എന്നിങ്ങനെ വിപണിയില്‍നിന്ന് വാങ്ങും.മറ്റൊരു ഇടപെടല്‍വഴി 2020 ഒക്ടോബറിലും നവംബറിലും കാലാവധിയെത്തുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കുകയും ചെയ്യും.

പ്രഖ്യാപനംവന്നയുടെ 10വര്‍ഷകാലാവധിയുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായത്തില്‍ അഞ്ച് ബേസിസ് പോയന്റിന്റെ കുറവുണ്ടായി. 6.116ശതമാനമാണ് നിലവിലെ ആദായം. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിക്കുന്നതോടൊപ്പം ദീര്‍ഘകാല പലിശ നിരക്കുകളില്‍ കുറവുവരാന്‍ ആര്‍ബിഐയുടെ നടപടി സഹായിക്കുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍. സ്വകാര്യ വായ്പാമേഖലകളിലുള്‍പ്പടെ പണലഭ്യത ഉറപ്പാക്കുകയാണ് ഇത്തവണത്തെ ആര്‍ബിഐയുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞമാര്‍ച്ചില്‍ സമാനമായ ഇടപെടലിലൂടെ രണ്ടു ഘട്ടമായി 30,000 കോടി റിസര്‍വ് ബാങ്ക് വിപണിയിലെത്തിച്ചിരുന്നു.